'ജനകീയ പ്രശ്‌നങ്ങളില്‍ ജനപ്രതിനിധികള്‍ നിലപാട് പ്രഖ്യാപിക്കണം': കത്തോലിക്കാ കോണ്‍ഗ്രസ്

 'ജനകീയ പ്രശ്‌നങ്ങളില്‍ ജനപ്രതിനിധികള്‍ നിലപാട് പ്രഖ്യാപിക്കണം': കത്തോലിക്കാ കോണ്‍ഗ്രസ്

കോട്ടയം: ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുവാനും വ്യക്തമായ നിലപാട് എടുക്കുവാനും അവരുടെ പക്ഷത്തുനിന്ന് സംസാരിക്കുവാനും ജനപ്രതിനിധികള്‍ക്ക് കഴിയണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത വ്യക്തമാക്കി.

പൊതുജനത്തിന് ഹിതകരമല്ലാത്ത ചില പ്രശ്‌നങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും നിശബ്ദരാകുന്നതിലൂടെ തങ്ങളുടെ പ്രവര്‍ത്തന മേഖലയ്ക്കും നിലനില്‍പ്പിനും കോട്ടം തട്ടില്ല എന്നാണ് വിചാരിക്കുന്നതെങ്കില്‍ പൊതുസമൂഹം വലിയ അപകടത്തില്‍ ചെന്നു പതിക്കുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ വഖഫ് നിയമഭേദഗതി നടപ്പിലാക്കുക, കൃഷി ഭൂമികള്‍ ഇ.എസ്.എ (പരിസ്ഥിതിലോല മേഖല)പരിധിയില്‍ ഉള്‍പ്പെടുത്തുവാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോട്ടയം ഗാന്ധി പ്രതിമയ്ക്ക് സമീപം സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നത്തിലാണ് കത്തോലിക്ക കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.

1954 ല്‍ ആദ്യ വഖഫ് നിയമം പാസാവുകയും വഖഫ് ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന തരത്തില്‍ 1995 ലെ കൂട്ടിച്ചേര്‍ക്കലുകളും തുടര്‍ന്ന് 2013 ല്‍ ഭേദഗതി വരുത്തിയപ്പോഴും കോടതിയില്‍ ചോദ്യം ചെയ്യാന്‍ പറ്റാത്ത രീതിയില്‍ സ്വത്തുവകകള്‍ കൈവശം വയ്ക്കാന്‍ ബോര്‍ഡിന് പരിധിയില്ലാത്ത അധികാരം നല്‍കിയിട്ടുണ്ട്. ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ മുനമ്പത്ത് 600 ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കുടിയിറക്കുവാനുള്ള ശ്രമം തികച്ചും അപലനീയം ആണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്തുവാന്‍ തയ്യാറാകുമ്പോള്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിന് അനുഗുണമായി ചിന്തിക്കുവാന്‍ തയ്യറാകണമെന്നും യോഗം ഓര്‍മ്മപ്പെടുത്തി.

കേന്ദ്ര മാനദണ്ഡ പ്രകാരം ചതുരശ്ര കിലോമീറ്ററില്‍ നൂറില്‍ കൂടുതല്‍ ജനസംഖ്യ ഉള്ളതും 20 ശതമാനത്തില്‍ താഴെ വനഭൂമി ഉള്ളതുമായ വില്ലേജുകള്‍ ഇ.എസ്.എയില്‍ ഉള്‍പ്പെടുകയില്ല എന്നതിനാല്‍, ആറാം ഇ.എസ്.എ കരട് വിജ്ഞാപനത്തിലെ ഇത്തരം വില്ലേജുകളെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയും അല്ലാത്ത വില്ലേജുകളിലെ വനഭൂമി സര്‍വേ നമ്പര്‍ അടിസ്ഥാനത്തില്‍ കണ്ടെത്തി ഇ.എസ്.എ വില്ലേജ് ആയി പുനര്‍നാമകരണം നടത്തി അവ കേന്ദ്രത്തിന് സമര്‍പ്പിക്കുവാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത കമ്മിറ്റി പ്രതിഷേധ സായാഹ്നത്തില്‍ ആവശ്യപ്പെട്ടു.

പമ്പാവാലി, തുലാപ്പള്ളി മേഖലകളില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന കര്‍ഷകര്‍ക്കും പ്രദേശവാസികള്‍ക്കും അടിയന്തരമായി സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും നിഷ്‌ക്രിയത്വം വെടിഞ്ഞ് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ സജീവമായി ഇടപെടണമെന്നും സംഘടന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസ് കോട്ടയം ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നത്തില്‍ അതിരൂപത പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറെവീട്ടില്‍ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു.

മുന്‍ അതിരൂപത പ്രസിഡന്റ് അഡ്വ. പി.പി ജോസഫ് വിഷയാവതരണ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്ക് നടുവിലേഴം, ട്രഷറര്‍ ജോസ് ജോണ്‍ വെങ്ങാന്തറ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍, ഗ്ലോബല്‍ സെക്രട്ടറി ജേക്കബ് നിക്കോളാസ് അതിരൂപത വൈസ് പ്രസിഡന്റുമാരായ ജോര്‍ജുകുട്ടി മുക്കത്ത്, റോസിലിന്‍ കുരുവിള, അതിരൂപതാ സെക്രട്ടറിമാരായ ജിനോ ജോസഫ് കളത്തില്‍, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞ് കളപ്പുര, ചാക്കപ്പന്‍ ആന്റണി, സൈബി അക്കര, കുഞ്ഞപ്പന്‍ പി.സി, സെബാസ്റ്റ്യന്‍ പുല്ലാട്ടുകാലാ, സേവ്യര്‍ തോമസ് കൊണ്ടോടി, ജോബി ചൂരക്കുളം ജെസി ആന്റണി, കെ.എസ് ആന്റണി, സിസി അമ്പാട്ട്, അഡ്വ. മനു ജെ. വരാപ്പള്ളി വിവിധ ഫോറങ്ങളുടെ കണ്‍വീനര്‍മാരായ ജോസി ഡൊമിനിക്ക് ജോര്‍ജ് വര്‍ക്കി, മെര്‍ലിന്‍ വി. മാത്യു, മിനി മാത്യു, ഫൊറോന പ്രസിഡന്റുമാരായ ബിനോയി ഇടയാടില്‍, ഷെയിന്‍ ജോസഫ്, ജോയി പാറപ്പുറം, ഇ.ജെ തോമസ്, ലാലി ഇളപ്പുങ്കല്‍, സോണിച്ചന്‍ ആന്റണി, കെ.ഡി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

ബാബു വള്ളപ്പുര, ലിസി ജോസ്, പീറ്റര്‍ നാഗ പറമ്പില്‍, മാത്തുക്കുട്ടി കഞ്ഞിക്കര, ഡോ. ജോര്‍ജ് കാരക്കാട്, സിറില്‍ സഞ്ജു, ജോം ടോം ജോണി, ജോണ്‍സ് ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.