പ്രത്യാക്രമണത്തില്‍ ഇസ്രയേല്‍ ലക്ഷ്യമിടുന്നത് ഇറാന്റെ ആണവ കേന്ദ്രങ്ങളും ഓയില്‍ ശേഖരവുമെന്ന് സൂചന; എണ്ണ വില കുത്തനെ കൂടുമെന്ന് ആശങ്ക

പ്രത്യാക്രമണത്തില്‍ ഇസ്രയേല്‍ ലക്ഷ്യമിടുന്നത് ഇറാന്റെ ആണവ കേന്ദ്രങ്ങളും ഓയില്‍ ശേഖരവുമെന്ന് സൂചന; എണ്ണ വില കുത്തനെ കൂടുമെന്ന് ആശങ്ക

ന്യൂഡല്‍ഹി: ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ പ്രത്യാക്രമണത്തിനൊരുങ്ങുന്ന ഇസ്രയേല്‍ ലക്ഷ്യം വയ്ക്കുന്നത് ഇറാന്റെ ആണവ കേന്ദ്രങ്ങളും വലിയ ഓയില്‍ ശേഖരവുമാണന്ന് സൂചന.

എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാകും പ്രത്യാക്രമണമെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ഉള്‍പ്പെടെ ഇസ്രയേല്‍ പദ്ധതിയിടുന്നുണ്ടെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.

ഇറാന്റെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണമുണ്ടായാല്‍ പ്രതിദിനം ഒരു ദശലക്ഷം ബാരലിലധികം വരുന്ന എണ്ണ വിപണിയെ ബാധിക്കും. ഇസ്രയേലിലെ ഇറാന്‍ വ്യോമാക്രമണത്തിന് പിന്നാലെ എണ്ണ വില കുത്തനെ കൂടി.

നാല് ശതമാനത്തിന്റെ വര്‍ധനവാണ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്. ഡബ്ല്യുടിഐ ക്രൂഡ് സിഎല്‍സി ഫ്യൂച്ചേഴ്‌സ് 1.05 ഡോളര്‍ ഉയര്‍ന്ന് ബാരലിന് 70.86 ഡോളറിലെത്തി. ബ്രെന്റ് ഫ്യൂച്ചേഴ്‌സ് ബാരലിന് 2.51 ഡോളര്‍ ഉയര്‍ന്ന് 74.21 ഡോളറിലെത്തി.

സംഘര്‍ഷം ശക്തമായതോടെ എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്കയാണ് പ്രധാനമായും വില വര്‍ധനയ്ക്ക് കാരണം. എണ്ണ വില വര്‍ധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടേതടക്കം എല്ലാ മേഖലകളിലും വില കൂടും. ഇത് ഇന്ത്യയടക്കമുള്ള പല ലോക രാജ്യങ്ങള്‍ക്കും കനത്ത തിരിച്ചടിയാണ്.

എണ്ണ വിലയ്ക്ക് പുറമേ സ്വര്‍ണ വിലയിലും ഒരു ദിവസം കൊണ്ട് കുതിച്ചു ചാട്ടമുണ്ടായി. കേരളത്തില്‍ ഇന്ന് സ്വര്‍ണം പവന് 400 രൂപ വര്‍ധിച്ചു. കഴിഞ്ഞ മാസം 27 ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലാണ് ഇന്നത്തെ സ്വര്‍ണ വില.

27 ന് റെക്കോര്‍ഡ് ഇട്ടതിന് ശേഷമുള്ള ദിവസങ്ങളില്‍ വില കുറഞ്ഞിരുന്നു. മൂന്ന് ദിവസത്തിനിടെ 400 രൂപ കുറഞ്ഞ ശേഷമാണ് വീണ്ടും തിരിച്ചു കയറിയത്. വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യത.

അതേസമയം ഇസ്രയേലിനെതിരായ ഇറാന്റെ മിസൈല്‍ ആക്രമണത്തെ അപലപിച്ച് യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി. ആക്രമണങ്ങളും പ്രതികാര നടപടികളും നിര്‍ത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അഭ്യര്‍ത്ഥിച്ചു. വെടിനിര്‍ത്തല്‍ ഉടന്‍ പ്രാബല്യത്തില്‍ വരണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍സ് വൈസ് പ്രസിഡന്റ് ജോസഫ് ബോറല്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.