"ഹാപ്പി വാലന്റൈൻസ് ഡേ ലിസമോളെ"


"ഹാപ്പി വാലന്റയിൻസ് ഡേ മോളെ... ഇന്ന് വാലന്റൈൻ ദിനമാണ് എഴുന്നേൽക്കു ലിസ"; സഹതടവുകാരിയെ കുലുക്കിവിളിച്ചത് ആശംസ നേരാൻ വേണ്ടിയാണ്.

കണ്ണുകൾ തിരുമ്മി അവൾ എഴുന്നേറ്റിരുന്നു. ജയിൽപ്പുള്ളികളിൽ ഞാനും അവളും മാത്രമേ മലയാളികളായി ഇവിടെ ഉള്ളു. എന്റെ അടുത്ത് വന്ന് അവൾ ചേർന്നിരുന്നു. എന്തൊക്കെയോ പറയാൻ വിതുമ്പുന്ന അവളുടെ ചുണ്ടുകളിലേക്ക് ഞാൻ സൂക്ഷിച്ച് നോക്കി.

എന്താ മോളെ നിനക്കെന്ത് പറ്റി?  ചേച്ചി, എന്റെ ജീവിതം തകരാൻ കാരണമായതും ഒരു വാലന്റൈൻ ദിവസമാണ്!! അവൾ എന്നോട് ചേർന്നിരുന്ന്, മനസ്സ് തുറക്കാൻ തുടങ്ങി.

അന്നൊരു വാലന്റൈൻ ദിനമായിരുന്നു.  കോളേജിലെ ആഘോഷങ്ങൾ കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ബസിൽ വച്ചാണ് ആദ്യമായി ഞാൻ അയാളെ കണ്ടത്. അന്ന് കിട്ടിയ സന്ദേശങ്ങളിലെ / ആഘോഷങ്ങളിലെ  പ്രണയാത്മകത മനസ്സിലും തലയിലും പൂത്ത് നിൽക്കുമ്പോഴാണ് ബസിൽ തന്റെ മുൻ സീറ്റിലിരുന്ന ആ ചെറുപ്പക്കാരൻ ഒരു റോസാപ്പൂവ് എന്റെ നേരെ നീട്ടിയത്. അതിശയമൂറുന്ന നയനങ്ങളോടെ അയാളെത്തന്നെ നോക്കി നിൽക്കവേ, അയാൾ എന്നോട് പറഞ്ഞു. "എന്റെ വാലന്റൈൻ ദിനാശംസകൾ. എനിക്ക് മറ്റാരുമില്ല കൂട്ടുകാരായിട്ട്". യാന്ത്രികമായി ഞാൻ റോസാപ്പൂവ് സ്വീകിരിച്ച് അയാൾക്ക് നന്ദിയും പറഞ്ഞു.

ഇതാ ഇന്ന് വീണ്ടും ഒരു ഫെബ്രുവരി 14...  മരുഭൂമിയിലെ ഒറ്റപ്പെട്ട തടവറയ്ക്കുള്ളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീ കുറ്റവാളികളോടൊപ്പം തുറുങ്കിലടയ്ക്കപ്പെട്ട ഹതഭാഗ്യ!!  ഒരു വിദ്യാർത്ഥിനി എന്ന നിലയിൽ നിന്ന് തീവ്രവാദി എന്ന നിലയിലേക്ക് അധഃപതിക്കാൻ വെറും 5 വർഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ. അവളുടെ കണ്ണുകൾ നിറഞ്ഞു കവിയാൻ തുടങ്ങി. ഒരു പൂമ്പാറ്റയെ പോലെ പാറിനടന്ന തന്റെ ബാല്യവും കൗമാരവും എല്ലാം ഒരു മിനിസ്ക്രീനിലൂടെന്നവണ്ണം അവളുടെ മനോമുകരത്തിൽ തെളിഞ്ഞു വന്നു. 

അഞ്ച് വർഷങ്ങൾക്ക് മുൻപുള്ള വാലന്റൈൻ ദിവസം അയാളെ കണ്ടതിന് ശേഷം പലപ്പോഴും പല സ്ഥലത്ത് വച്ചും അയാളെ വീണ്ടും വീണ്ടും കണ്ടു. അയാൾ തന്റെ ജീവിതത്തിലേക്ക് എന്നെ ക്ഷണിച്ചപ്പോൾ മറ്റൊന്നും ചിന്തിക്കാൻ എനിക്ക് കഴിഞ്ഞില്ല. ജീവന് തുല്യം എന്നെ സ്നേഹിച്ച പപ്പയെയും, മമ്മിയെയും അനുജനെയുമൊക്കെ ഉപേക്ഷിച്ച് ഞാൻ അയാളുടെ കൂടെ ജീവിക്കാൻ തുടങ്ങി. ഒരിക്കൽ ഏതോ യൂറോപ്യൻ രാജ്യത്തേക്കെന്ന് പറഞ്ഞാണ് അയാൾ എന്നെ കൂട്ടി കൊണ്ടുവന്നത്. പക്ഷേ എത്തിയത്  ഈ രാജ്യത്ത്.  ഏതൊക്കെയോ പഠനക്ലാസ്സുകൾ. പരിശീലനങ്ങൾ... ഇതിനിടയിൽ പുതിയ പലരെയും പരിചയപെട്ടു, പല സ്ഥലങ്ങളിലും താമസിച്ചു. ഒരിക്കൽ ഞാൻ ജീവന് തുല്യം സ്നേഹിച്ച അയാൾ എന്നെ തനിച്ചാക്കി അപ്രത്യക്ഷനായി അവസാനം. പിന്നെ ഒരു മനോഹരമായ റോസാപ്പൂവ് ചവിട്ടി അരയ്ക്കുംപോലെ പലരും എന്നെ.................. ഓർമ്മകൾ പോലും അവളുടെ ശരീരത്തിൽ ധാരാളം വേദനകൾ ഉണ്ടാക്കി.  ഒരു ദിവസം പാതിരാത്രി തീവ്രാവാദിയാണെന്നു ആരോപിച്ച് പട്ടാളം അവളെയും കൂടെയുണ്ടായിരുന്നവരെയും പിടിച്ച് തടവിലിട്ടു. ഏകദേശം ഒരു വർഷമായി അവൾ പുറം ലോകവുമായി ബന്ധം വിച്ഛേദിച്ചിട്ട്.

ഒരു വാലന്റൈൻ ദിവസം നൽകിയ റോസാപ്പൂവ് അവളുടെ ജീവിതത്തെ നശിപ്പിച്ചത് തന്റെ കൂട്ടുകാരികളോടും ലോകത്തോടും വിളിച്ച് പറയാൻ അവളാഗ്രഹിച്ചു . തനിക്ക് പറ്റിയ ഈ അപകടം ഇനി മറ്റാർക്കും ഉണ്ടാകരുത്‌. എനിക്കിത് എല്ലാവരോടും പറയണം.  ഈ തടവറ ഭേദിച്ചാണെങ്കിലും ഞാൻ ഈ കാര്യങ്ങൾ ലോകത്തോട് പറയും, എന്റെ അനിയത്തിമാർക്കും കൂട്ടുകാർക്കും ഇത്തരം അപകടം ഇനി ഒരിക്കലും ഉണ്ടാകരുത്‌.

അന്ന് രാത്രിയിൽ ജയിൽ ചാടി രക്ഷപെടാൻ ശ്രമിച്ച ലിസയെ പട്ടാളക്കാർ വെടിവച്ചു കൊന്നു. അവളുടെ ശരീരം ജയിപ്പുള്ളികൾക്ക് പാഠമാകാൻ ഞങ്ങൾക്ക് മുൻപിലൂടെ പ്രദർശിപ്പിച്ചു. അവളുടെ ചലനമറ്റ ശരീരത്തിലേക്ക് നോക്കി ഞാൻ പതിയെ പറഞ്ഞു "ഹാപ്പി വാലന്റൈൻസ് ഡേ ലിസമോളെ"

✍️(മിനിക്കഥ - ജോ കാവാലം)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26