'മദ്രസകള്‍ അടച്ചു പൂട്ടണം; ധനസഹായം നിര്‍ത്തലാക്കണം': സംസ്ഥാനങ്ങള്‍ക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം

'മദ്രസകള്‍  അടച്ചു പൂട്ടണം; ധനസഹായം നിര്‍ത്തലാക്കണം':  സംസ്ഥാനങ്ങള്‍ക്ക്  ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ മദ്രസകള്‍ അടച്ചു പൂട്ടണമെന്നും അവയ്ക്ക് നല്‍കി വരുന്ന ധനസഹായം നിര്‍ത്തലാക്കണമെന്നുമുള്ള നിര്‍ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷന്‍.

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കമ്മീഷന്‍ കത്തയച്ചു. അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് കമ്മീഷന്റെ കത്ത്.

'വിശ്വാസ സംരക്ഷകരോ, അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവരോ? കുട്ടികളുടെ ജനാധിപത്യ അവകാശങ്ങളും മദ്രസകളും' എന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ക്ക് എതിരെ രൂക്ഷമായ വിമര്‍ശനമാണ് കമ്മീഷന്‍ ഉന്നയിച്ചിരിക്കുന്നത്.

കുട്ടികളുടെ മൗലിക അവകാശങ്ങളും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും തമ്മിലുള്ള വൈരുധ്യവും കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂങ്കോ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എല്ലാ കുട്ടികള്‍ക്കും കൃത്യമായ വിദ്യാഭ്യാസം ലഭിക്കുന്നു എന്നുറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണെന്നും റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നു.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 29 ഉം 30 ഉം ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സംസ്‌കാരം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള അവകാശങ്ങള്‍ നല്‍കുമ്പോള്‍, ഈ വ്യവസ്ഥകള്‍ വിദ്യഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന ഔപചാരിക വിദ്യാഭ്യാസം ഇല്ലാതാക്കുന്ന മദ്രസകളിലെ കുട്ടികളോടുള്ള വിവേചനത്തിന് കാരണമാവുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മദ്രസകള്‍ക്കും മദ്രസ ബോര്‍ഡുകള്‍ക്കുമുള്ള സംസ്ഥാന ധനസഹായം നിര്‍ത്തലാക്കുന്നതും ഈ ബോര്‍ഡുകള്‍ അടച്ചുപൂട്ടുന്നതും ഉള്‍പ്പെടെയുള്ള ശുപാര്‍ശകളാണ് കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്നത്. ഇതിന് പുറമേ മുസ്ലീം മതവിഭാഗത്തില്‍പ്പെടാത്ത കുട്ടികളെ ആര്‍ടിഇ നിയമ പ്രകാരം മദ്രസകളില്‍ നിന്ന് പുറത്താക്കി ഔപചാരിക സ്‌കൂളുകളില്‍ ചേര്‍ക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മതപഠനമാണ് മദ്രസകളുടെ പ്രധാന ലക്ഷ്യമെങ്കിലും, ഔപചാരിക വിദ്യാഭ്യാസത്തിന് ആവശ്യമായ സുപ്രധാന ഘടകങ്ങളായ അടിസ്ഥാന സൗകര്യം, പരിശീലനം ലഭിച്ച അധ്യാപകര്‍, ശരിയായ അക്കാദമിക പാഠ്യ പദ്ധതികള്‍ എന്നിവ പല മദ്രാസുകളിലും നിലവില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട് ആരോപിക്കുന്നത്.

മാത്രമല്ല കുട്ടികളുടെ ശാരീരിക സുരക്ഷ, കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടല്‍, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവയും കമ്മീഷന്‍ എടുത്തു പറയുന്നുണ്ട്. മദ്രസകളുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത് യു.പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമ പോരാട്ടം നടക്കുന്നുണ്ട്. ഇതിനിടയിലാണ് നിര്‍ണായക നിര്‍ദേശം.

അതേസമയം ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ സ്വാഗതം ചെയ്ത് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് പകരം മദ്രസകള്‍ ഇസ്ലാമിനെ പ്രോത്സാഹിപ്പിക്കുകയാണ് എന്നായിരുന്നു ബിജെപി ദേശീയ വക്താവ് ആര്‍.പി സിങ് പ്രതികരിച്ചത്. എന്നാല്‍ അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്.

അതിനിടെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മഹാരാഷ്ട്രയിലെ ബിജെപി പിന്തുണയുള്ള ഷിന്‍ഡേ സര്‍ക്കാര്‍ മദ്രസ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയായി വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കിയിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.