സ്റ്റാര്‍ ഷിപ്പ് റോക്കറ്റിന്റെ ബൂസ്റ്റര്‍ തിരിച്ചെത്തിച്ച് സ്പേസ് എക്സ്; പറന്നിറങ്ങിയ റോക്കറ്റിനെ പിടിച്ചുവെച്ച് 'മെക്കാസില്ല' യന്ത്രക്കൈ-വിഡിയോ

സ്റ്റാര്‍ ഷിപ്പ് റോക്കറ്റിന്റെ ബൂസ്റ്റര്‍ തിരിച്ചെത്തിച്ച് സ്പേസ് എക്സ്; പറന്നിറങ്ങിയ റോക്കറ്റിനെ പിടിച്ചുവെച്ച്  'മെക്കാസില്ല' യന്ത്രക്കൈ-വിഡിയോ

ടെക്സാസ്: ബഹിരാകാശ വിക്ഷേപണത്തില്‍ സുപ്രധാന നേട്ടവുമായി ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ്. ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ ഭാഗം വിക്ഷേപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അതേ ലോഞ്ച് പാഡില്‍ വിജയകരമായി തിരിച്ചിറക്കി.

ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം ആറ് മണിയോടെ ടെക്സാസിലെ ബോക്കാചികയില്‍ നടത്തിയ അഞ്ചാം പരീക്ഷണത്തിലാണ് സ്റ്റാര്‍ ഷിപ്പില്‍ നിന്ന് വേര്‍പെട്ട് താഴേക്കിറങ്ങിയ സൂപ്പര്‍ ഹെവി റോക്കറ്റിനെ കമ്പനി 'മെക്കാസില്ല' എന്ന് വിളിക്കുന്ന പുതിയതായി വികസിപ്പിച്ച യന്ത്രകൈകള്‍ ഉപയോഗിച്ച് പിടിച്ചു വെച്ചത്.

ഇതിന്റെ വിഡിയോ ഇലോണ്‍ മസ്‌ക് പങ്കുവച്ചു. പരീക്ഷണം വിജയകരമായതോടെ എന്‍ജിനീയര്‍മാര്‍ ആവേശത്തോടെ കയ്യടിക്കുന്നതും വിഡിയോയിലുണ്ട്. ടെക്‌സാസിലെ ബ്രൗണ്‍സ്വില്ലില്‍ വിക്ഷേപണം നടന്ന് ഏഴ് മിനിറ്റിന് ശേഷമാണ് സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ വിക്ഷേപണത്തറയിലേക്ക് തിരിച്ചെത്തിയത്.

ഇത് ആദ്യമായാണ് സ്റ്റാര്‍ഷിപ്പ് പരീക്ഷണ ദൗത്യത്തില്‍ ഉപയോഗിച്ച സൂപ്പര്‍ ഹെവി റോക്കറ്റ് വീണ്ടെടുക്കുന്നത്. മുമ്പ് നടത്തിയ പരീക്ഷണ ദൗത്യങ്ങളിലെല്ലാം റോക്കറ്റ് ബൂസ്റ്ററിനെ കടലില്‍ പതിപ്പിക്കുകയാണ് ചെയ്ത്.

ഫാല്‍ക്കണ്‍ 9 റോക്കറ്റുകളുടെ ബൂസ്റ്ററുകള്‍ ഈ രീതിയില്‍ വീണ്ടെടുക്കാറുണ്ട്. എന്നാല്‍ ഫാല്‍ക്കണ്‍ 9 ബൂസ്റ്ററുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ലെഗുകള്‍ ഉപയോഗിച്ച് അവയെ തറയില്‍ ഇറക്കുകയാണ് പതിവ്.

സ്റ്റാര്‍ ഷിപ്പിന് വേണ്ടി ഉപയോഗിക്കുന്ന ഭാരമേറിയ സൂപ്പര്‍ ഹെവി റോക്കറ്റില്‍ ഇത് പ്രായോഗികമല്ലാത്തതിനാലാവണം പ്രത്യേകം യന്ത്രക്കൈകള്‍ വികസിപ്പിച്ചത്. സ്റ്റാര്‍ ഷിപ്പിന്റെ രണ്ടാം സ്റ്റേജ് കടലില്‍ പതിച്ചതായി കമ്പനി സ്ഥിരീകരിച്ചു. റോക്കറ്റ് തിരിച്ചിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സ്പേസ് എക്സ് പുറത്തുവിട്ടിട്ടുണ്ട്.

121 മീറ്റര്‍ ഉയരമുള്ള സ്റ്റാര്‍ ഷിപ്പിന് 100 മുതല്‍ 150 ടണ്‍ വരെ ഭാരമുള്ള വസ്തുക്കള്‍ ബഹിരാകാശത്തേക്ക് അയയ്ക്കാനാകും. റോക്കറ്റിന്റെ ഒന്നാം ഭാഗത്തെ വിജയകരമായി തിരികെ ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു അഞ്ചാം പരീക്ഷണ വിക്ഷേപണത്തിലെ ലക്ഷ്യം.

ബഹിരാകാശത്തു വച്ച് രണ്ടാം ഘട്ടവുമായി വേര്‍പെട്ട ശേഷം ഒന്നാം ഭാഗത്തെ ലോഞ്ച് പാഡില്‍ വിജയകരമായി ലാന്‍ഡ് ചെയ്യിക്കുക എന്ന വെല്ലുവിളിയാണ് സ്പേസ് എക്‌സ് മറികടന്നത്. ബഹിരാകാശ വിനോദ സഞ്ചാരത്തിനും ബഹിരാകാശത്തു നിന്ന് മടങ്ങുമ്പോള്‍ ഭൂമിയില്‍ സുരക്ഷിതമായി ഇറങ്ങുന്നതിനും ഈ പരീക്ഷണ വിജയം ഗുണം ചെയ്യും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.