ഗള്‍ഫിലെ നമ്മുടെ സഹോദരന്‍മാര്‍ രാജ്യത്തിന്റെ അഭിമാനം: പ്രധാനമന്ത്രി; 6100 കോടി രൂപയുടെ അഞ്ച് പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു

ഗള്‍ഫിലെ നമ്മുടെ സഹോദരന്‍മാര്‍ രാജ്യത്തിന്റെ അഭിമാനം: പ്രധാനമന്ത്രി; 6100 കോടി രൂപയുടെ അഞ്ച് പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗള്‍ഫിലെ നമ്മുടെ സഹോദരന്‍മാര്‍ രാജ്യത്തിന്റെ അഭിമാനമാണ്.

പ്രവാസികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്. കോവിഡ് വ്യാപന സമയത്ത് വന്ദേ ഭാരത് മിഷന്‍ വഴി 50 ലക്ഷത്തോളം ഇന്ത്യക്കാരാണ് സുരക്ഷിതരായി തിരിച്ചെത്തിയത്. അതിന്‍ നല്ലൊരു ഭാഗവും കേരളീയരാണന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ബിപിസിഎല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പിഡിപിപി) അടക്കമുള്ള അഞ്ച് പ്രധാന വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗള്‍ഫ് രാജ്യങ്ങളിലെ തടവറകളില്‍ നിന്നും നിരവധി ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ നമുക്കായി. അതിന് സഹായിച്ച അവിടുത്തെ ഭരണാധിപന്‍മാരോട് പ്രത്യേകം നന്ദി പറയുന്നു. കോവിഡ് ഭീഷണിയ്ക്കിടയില്‍ ഇന്ത്യക്കാര്‍ക്ക് മടങ്ങിപ്പോരാന്‍ അവര്‍ മുന്‍ഗണന നല്‍കിയെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

കേരളത്തിലെ ടൂറിസം വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പദ്ധതികള്‍ ആത്മ നിര്‍ഭരതയിലേക്കുള്ള വലിയ ചുവടു വയ്പാണ്. റോ റോ സംവിധാനം നിലവില്‍ വരുന്നതോടെ കരയില്‍ 30 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടിടത്ത് കടലിലൂടെ മൂന്നര കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതിയാകും. സമയ ലാഭം മാത്രമല്ല, മലിനീകരണം കുറയ്ക്കാനും ഇത്തരം പദ്ധതികള്‍ കാരണമാകും. ബജറ്റില്‍ കേരളത്തിന് നിരവധി പദ്ധതികളും പണവും വകയിരുത്തിയിട്ടുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി മത്സ്യ തൊഴിലാളികള്‍ക്ക് കിസാന്‍ കാര്‍ഡ് നല്‍കുമെന്നും പ്രഖ്യാപിച്ചു.

600 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ബിപിസിഎല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പിഡിപിപി) പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. കൂടാതെ 100 കോടി രൂപ ചെലവഴിച്ച കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലായ 'സാഗരിക'യുടെ ഉദ്ഘാടനം, തുറമുഖത്തെ ദക്ഷിണ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മാണ ശിലാസ്ഥാപനം, കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എന്‍ജിനിയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം, വെല്ലിങ് ടണ്‍ ഐലന്‍ഡിലെ റോ-റോ വെസലുകളുടെ സമര്‍പ്പണം എന്നിവയും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, വി. മുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുന്‍കൂട്ടി നിശ്ചയിച്ചതിലും അര മണിക്കൂര്‍ വൈകി 3.12 ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്ന് ഹെലികോപ്ടറില്‍ 3.41 ന് കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ടിലെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. പിന്നീട് റോഡ് മാര്‍ഗം ഉദ്ഘാടന വേദിയായ അമ്പലമേട് വിഎച്ച്എസ്ഇ സ്‌കൂള്‍ ഗ്രൗണ്ടിലെത്തി. കാക്കനാട് നിന്നുള്ള യാത്രയില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയെ അനുഗമിച്ചു.

നേരത്തേ, നാവിക സേനാ വിമാനത്താവളത്തില്‍ മന്ത്രി ജി സുധാകരന്‍, വൈസ് അഡ്മിറല്‍ എ.കെ ചൗള, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ഡിജിപി ലോക്‌നാഥ് ബഹ്‌റ എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും നാവികസേനാ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ഇന്ധനവില വര്‍ദ്ധനയിലും ബിപിസിഎല്‍ സ്വകാര്യവത്കരണത്തിനുമെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നതിനാല്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹില്‍പാലസിനു മുന്നില്‍ നരേന്ദ്ര മോഡിയുടെ കോലം കത്തിക്കുകയും പ്രതിഷേധ സൂചകമായി 500 കറുത്ത ബലൂണുകള്‍ പറത്തുകയും ചെയ്തു.

കോണ്‍ഗ്രസും ഐഎന്‍ടിയുസി അടക്കമുള്ള തൊഴിലാളി സംഘടനകളും പരിപാടി ബഹിഷ്‌കരിച്ചു. ഔദ്യോഗിക പരിപാടികള്‍ക്കു ശേഷം നടക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. പിന്നീട് നാവികസേനാ വിമാനത്താവളത്തിലെത്തി ഡല്‍ഹിക്ക് മടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.