വാഷിങ്ടണ്‍: അമേരിക്കയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 3.3 ശതമാനം പേര്‍ ട്രാന്‍സ്ജെന്‍ഡറുകളാണെന്ന് അവകാശപ്പെടുന്നതായുള്ള ആശങ്കപ്പെടുത്തുന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത്. സര്‍ക്കാര്‍ ഏജന്‍സിയായ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് (സിഡിസി) രാജ്യത്താദ്യമായി ട്രാന്‍സ് കൗമാരക്കാരുടെ ദേശീയ ഡാറ്റ ശേഖരിച്ചത്.
2023-ല്‍ നടത്തിയ പഠനമനുസരിച്ച് 2.2% ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ലിംഗസ്വത്വം ഏതെന്ന് തിരിച്ചറിയാനാവാത്ത പ്രതിസന്ധിയിലാണെന്നും കണ്ടെത്തി. അതായത്, യു.എസിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 5.5 ശതമാനം തങ്ങളെ ട്രാന്‍സ്ജെന്‍ഡര്‍ ആയോ ലിംഗ പ്രതിസന്ധി നേരിടുന്നവരായോ കണക്കാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയിലെ 17 ദശലക്ഷം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് 20,000 ത്തിലധികം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളിലാണ് സര്‍വേ നടത്തിയത്. പഠനത്തില്‍, 550,000-ത്തിലധികം പേര്‍ തങ്ങള്‍ ട്രാന്‍സ്ജെന്‍ഡറുകളാണെന്ന് അവകാശപ്പെട്ടപ്പോള്‍ 370,000-ത്തിലധികം പേര്‍ തങ്ങളുടെ ജെന്‍ഡര്‍ ആണോ പെണ്ണോ എന്ന ചോദ്യം അഭിമുഖീകരിക്കുന്നവരാണെന്നും കണ്ടെത്തി.
വ്യക്തിത്വം ചോദ്യം ചെയ്യപ്പെടുന്ന 10 വിദ്യാര്‍ത്ഥികളില്‍ 7 പേരും (69%) ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളും (72%) വിഷാദം, നിരാശ ഉള്‍പ്പെടെയുള്ള വികാരങ്ങള്‍ അനുഭവിക്കുന്നു. ഇത് വിഷാദരോഗത്തിലേക്കു നയിക്കുന്നതായും സിഡിസി പഠനത്തില്‍ വ്യക്തമാക്കുന്നു.
സമൂഹത്തില്‍ അസമത്വവും മാനസികാരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നതിനാല്‍ ഇവരില്‍ ആത്മഹത്യാ പ്രവണതയും മറ്റുള്ളവരേക്കാള്‍ കൂടുതലാണ്. ട്രാന്‍സ്ജെന്‍ഡര്‍, ജെന്‍ഡര്‍ ഐഡന്റിറ്റി ചോദ്യം ചെയ്യപ്പെടുന്ന 40 ശതമാനം വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പീഡനം അനുഭവിച്ചിട്ടുണ്ടെന്നും സിഡിസി കണ്ടെത്തി.
സമൂഹത്തില്‍ അസമത്വം നേരിടുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും വ്യക്തിത്വം ചോദ്യം ചെയ്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷിതവും കൂടുതല്‍ പിന്തുണയുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും സിഡിസി സ്‌കൂളുകളോട് അഭ്യര്‍ത്ഥിക്കുന്നു.
അതേസമയം, ലിംഗഭേദത്തെ കുറിച്ചുള്ള കത്തോലിക്കാ അധ്യാപനം പ്രോത്സാഹിപ്പിക്കുന്ന 'കാത്തലിക് പേഴ്സണ്‍ ആന്‍ഡ് ഐഡന്റിറ്റി പ്രോജക്റ്റിന്റെ ഭാഗമായ മേരി റൈസ് ഹാസണ്‍ ഈ വിഷയത്തെ സമീപിക്കുന്നത് യാഥാര്‍ത്ഥ്യബോധത്തോടെയാണ്.
സ്‌കൂളുകളില്‍ ലിംഗപരമായ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി മേരി റൈസ് ഹാസണ്‍ പറയുന്നു.
യുഎസിലെ പൊതുവിദ്യാലയങ്ങള്‍ കുട്ടികള്‍ക്കിടയില്‍ ലിംഗപരമായ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും സ്വന്തം ഐഡന്റിറ്റി (ആണായാലും പെണ്ണായാലും) സ്വയം നിര്‍വചിക്കാന്‍ അവര്‍ക്ക് അധികാരമുണ്ടെന്ന് അവരോട് പറയുകയും ചെയ്യുന്നു. തങ്ങളുടെ സ്വന്തം ശരീരത്തില്‍ തൃപ്തിയില്ലെങ്കില്‍, അവര്‍ 'ട്രാന്‍സ്ജെന്‍ഡര്‍' ആണെന്നും അവരുടെ ശരീരം മാറ്റേണ്ടതുണ്ടെന്നുള്ള 'അടയാളമാണ്' സൂചിപ്പിക്കുന്നതെന്നും പറഞ്ഞു പഠിപ്പിക്കുന്നു.
സ്മാര്‍ട്ട്ഫോണുകളുടെയും സമൂഹ മാധ്യമങ്ങളുടെയും വ്യാപകമായ ഉപയോഗത്തിലൂടെ യുവാക്കള്‍ക്കിടയില്‍ ട്രാന്‍സ്ജെന്‍ഡര്‍ ആശയങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതായും അവര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.