ന്യൂഡല്‍ഹി: കേരളത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.
വയനാട് ലോക്സഭ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യാ ഹരിദാസുമാണ് സ്ഥാനാര്‍ഥികള്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പ്രിയങ്കയുടേയും രാഹുല്‍ മാങ്കൂട്ടത്തിന്റേയും ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുന്‍ ആലത്തൂര്‍ എംപിയും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു രമ്യ ഹരിദാസ്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. വയനാട്ടില്‍ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു.
പാലക്കാട്, ചേലക്കര മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിന്റെ പേരിനാണ് മുന്‍തൂക്കം. മുന്‍ സിപിഎം നേതാവ് ഇ.കെ ഇമ്പിച്ചിബാവയുടെ മകന്റെ ഭാര്യ കൂടിയാണ് ബിനുമോള്‍. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വസീഫിന്റെ പേരും പരിഗണനയിലുണ്ട്.
ചേലക്കരയില്‍ മുന്‍ എംഎല്‍എ യു.ആര്‍ പ്രദീപിനാണ് മുന്‍തൂക്കം. പാലക്കാട് ബിജെപിയില്‍ സി. കൃഷ്ണകുമാറിനാണ് സാധ്യത. ശോഭാ സുരേന്ദ്രന്റെ പേരുമുണ്ട്. ആലത്തൂരില്‍ പ്രൊഫ. ടി.ആര്‍ സരസുവിനാണ് സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍ഗണന.
വയനാട്ടിലെ സ്ഥാനാര്‍ഥിയെ മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജ പ്രിയങ്കയ്ക്കെതിരെ എത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്.
ഇഎസ് ബിജിമോള്‍, വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു എന്നിവര്‍ക്കാണ് സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍തൂക്കം. ബിജെപിയില്‍ നിന്ന് എം.ടി രമേശ്, എ.പി അബ്ദുള്ള കുട്ടി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.