കടല്‍ത്തീരത്ത് അടിഞ്ഞത് എണ്ണമാലിന്യം
സിഡ്‌നി: സിഡ്‌നിയിലെ കടല്‍തീരങ്ങളില്‍ ടാര്‍ ബോളുകള്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. കൂഗീ ബീച്ചിനു പിന്നാലെ വിനോദ സഞ്ചാരികള്‍ ഏറെയെത്തുന്ന നാലു ബീച്ചുകളിലും ഇത്തരം ടാര്‍ ബോളുകള്‍ ഒഴുകിനടക്കുന്നത് കണ്ടെത്തിയതോടെ ആശങ്ക ശക്തമായിട്ടുണ്ട്. ഇതേതുടര്‍ന്ന് സിഡ്‌നിയിലെ ഏഴ് ബീച്ചുകളിലേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം വിലക്കി. ഈ ടാര്‍ ബോളുകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അധികൃതര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഉല്‍ക്കാശിലയെ അനുസ്മരിക്കുന്ന, വിവിധ വലുപ്പത്തിലും ആകൃതിയിലും ഉള്ള ടാര്‍ ബോളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൂഗീ ബീച്ചില്‍ കണ്ടെത്തിയത്. പിന്നാലെ ഗോര്‍ഡന്‍സ് ബേ, ക്ലോവെല്ലി, മറൂബ്ര എന്നിവിടങ്ങളിലും ഇവ കണ്ടെത്തി. ഇതോടെ ഈ ബീച്ചുകളിലേക്കുള്ള പ്രവേശനം റാന്‍ഡ്വിക്ക് സിറ്റി കൗണ്‍സില്‍ വിലക്കി. മുന്‍കരുതലിന്റെ ഭാഗമായി ബോണ്ടി, ടാമരമ, ബ്രോണ്ടെ ബീച്ചുകളും അടച്ചതായി വേവര്‍ലി കൗണ്‍സില്‍ അറിയിച്ചു. കണ്ടെത്തിയ അവശിഷ്ടങ്ങളില്‍ തൊടരുതെന്നും സമീപത്ത് പോകരുതെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സമുദ്രങ്ങളിലെ എണ്ണ ചോര്‍ച്ചയുടെ അവശിഷ്ടങ്ങളാണ് ഇത്തരം ടാര്‍ ബോളുകളെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കടലിലെ മാലിന്യങ്ങളുമായി ഈ എണ്ണ സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും കാറ്റിന്റെയും തിരമാലകളുടെയും ഫലമായും ഇവ പന്തുകള്‍ പോലെ രൂപപ്പെടുന്നു. വലിയ പാരിസ്ഥിതിക പ്രശ്നമായിട്ടാണ് ഗവേഷകര്‍ ഇതിനെ കാണുന്നത്.
അതേസമയം, കപ്പലുകളില്‍ നിന്ന് എണ്ണ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ന്യൂ സൗത്ത് വെയില്‍സ് പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
സിഡ്‌നിയിലെ ബീച്ചുകളില്‍ ഇതൊരു അസാധാരണ സംഭവമാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുടെ (ഇ.പി.എ) നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബീച്ചുകളില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഈ രംഗത്ത് വിദഗ്ദ്ധരായവരെ ഏര്‍പെടുത്തിയതായി റാന്‍ഡ്വിക്ക് കൗണ്‍സില്‍ മേയര്‍ ഡിലന്‍ പാര്‍ക്കര്‍ പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബീച്ചുകള്‍ തുറക്കില്ല.
എണ്ണ ചോര്‍ച്ച സമുദ്രജീവികള്‍ക്ക് ഹാനികരമാണെങ്കിലും ടാര്‍ ബോളുകള്‍ ശേഖരിച്ച് നീക്കം ചെയ്തുകഴിഞ്ഞാല്‍ സിഡ്നിയിലെ ബീച്ചുകള്‍ ജനങ്ങള്‍ക്ക് സുരക്ഷിതമാകുമെന്ന് ഗവേഷകനായ ഡോ. ഷാരോണ്‍ ഹുക്ക് പറഞ്ഞു.
വിശദമായ വായനയ്ക്ക്:
സിഡ്നിയിലെ പ്രശസ്തമായ കൂഗീ ബീച്ചിൽ സംശയാസ്പദമായ വസ്തുക്കളും എണ്ണ സാന്നിധ്യവും; ബീച്ച് താൽകാലികമായി അടച്ച് അധികൃതർ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.