സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുന്ന സമ്പ്രദായങ്ങളെയും സങ്കല്‍പ്പങ്ങളെയും ചെറുത്തുതോല്‍പ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാന്‍

സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുന്ന സമ്പ്രദായങ്ങളെയും സങ്കല്‍പ്പങ്ങളെയും ചെറുത്തുതോല്‍പ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാന്‍

ജനീവ: സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും തുല്യ അവസരങ്ങളെ തടസപ്പെടുത്തുന്ന ഹാനികരമായ സ്ഥിര സങ്കല്‍പ്പങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്നതില്‍ സമൂഹം ഉറച്ചുനില്‍ക്കണമെന്നും സ്ത്രീകളുടെ പ്രത്യേകമായ കഴിവുകളെ മാനിക്കണമെന്നും ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ച് ബിഷപ്പ് ഗബ്രിയേല്‍ കാച്ചാ.

യു.എന്‍ ജനറല്‍ അസംബ്ലിയുടെ 79-ാമത് സെഷനില്‍ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. സ്ത്രീകളുടെ പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ നിരന്തരമായ പ്രതിബദ്ധത ആര്‍ച്ച് ബിഷപ്പ് കാച്ചാ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

ഒരു സമൂഹം നീതിയില്‍ അഭിവൃദ്ധിപ്പെടണമെങ്കില്‍, സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുന്ന എല്ലാ സമ്പ്രദായങ്ങളോടും സങ്കല്‍പങ്ങളോടും പോരാടി, അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്.

'നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്നതും വേരോടെ പിഴുതു കളയേണ്ടതുമായ വിഷമുള്ള ഒരു കളയാണ് ഗാര്‍ഹിക പീഡനം' - ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ച് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. അടച്ചിട്ട വാതിലുകള്‍ക്കു പിന്നിലാണ് പലപ്പോഴും ഗാര്‍ഹിക പീഡനങ്ങള്‍ നടക്കുന്നത്. അതിനാല്‍തന്നെ ഗാര്‍ഹിക പീഡനത്തെ നേരിടാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ ഉന്നമനത്തിന് വിഘാതമായ മൂല കാരണങ്ങള്‍

ദാരിദ്ര്യവും ശരിയായ വിദ്യാഭ്യാസത്തിന്റെ അഭാവവുമാണ് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ദുരുപയോഗങ്ങള്‍ക്ക് മിക്കപ്പോഴും കാരണമാകുന്നത്. സ്ത്രീകളെ ലൈംഗിക ചൂഷണത്തിനായി തട്ടിക്കൊണ്ടുപോകുന്നത്, മനുഷ്യത്വ രഹിതമായും നിന്ദ്യമായും അവരോട് പെരുമാറുന്നത്, അക്രമം, ബലാല്‍കാരം, മയക്കുമരുന്ന് മുതലായവയ്ക്ക് അവരെ ഇരയാക്കുന്നത്, ഇതിനെല്ലാം പരിഹാരം ശരിയായ വിദ്യാഭ്യാസവും ദാരിദ്ര്യ നിര്‍മാര്‍ജനവുമാണെന്ന് ആര്‍ച്ച് ബിഷപ്പ് കാച്ചാ പറഞ്ഞു. സ്ത്രീകളുടെ പ്രത്യേകമായ കഴിവുകളെ മാനിക്കുന്നതിലൂടെ മാത്രമേ സ്ത്രീകളുടെ പുരോഗതി പൂര്‍ണമായി കൈവരിക്കാനാകൂ - അദ്ദേഹം പറഞ്ഞു.

മാതൃ മരണനിരക്ക് കുറയ്ക്കാനും വേണ്ടത്ര സജ്ജീകരണങ്ങളുള്ള ആരോഗ്യ സംരക്ഷണകേന്ദ്രങ്ങള്‍ തുടങ്ങാനുമായി, പ്രത്യേകിച്ച് ദാരിദ്ര്യമുള്ള പ്രദേശങ്ങളില്‍, പുതുക്കിയ പ്രതിബദ്ധതയോടെയുള്ള കര്‍മ്മപദ്ധതികള്‍ അനിവാര്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. അടിസ്ഥാന പ്രശ്‌നങ്ങളായ ദാരിദ്ര്യവും ചൂഷണവും ദുരുപയോഗവും പരിഹരിക്കാതെ, സ്ത്രീകളുടെ പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്നു എന്നുള്ള അവകാശവാദം തെറ്റിദ്ധാരണായുണ്ടാക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാടക ഗര്‍ഭധാരണവും വിദ്യാഭ്യാസവും

വാടക ഗര്‍ഭധാരണത്തെ ചൂഷണത്തിന്റെ മറ്റൊരു മുഖമായി ആര്‍ച്ച് ബിഷപ്പ് ഗബ്രിയേല്‍ കാച്ചാ ചൂണ്ടിക്കാട്ടി. ഇത് മാതൃത്വത്തിനായുള്ള സ്ത്രീകളുടെ പ്രത്യേക കഴിവിനെ സ്വീകാര്യമല്ലാത്ത വിധത്തില്‍ വാണിജ്യവല്‍ക്കരിക്കുന്നു. ഈ സമ്പ്രദായം സ്ത്രീകളുടെ മാത്രമല്ല കുട്ടികളുടെയും അന്തസിന്റെ ഗുരുതരമായ ലംഘനമാണ്. അതിനാല്‍ ആഗോള തലത്തില്‍ തന്നെ വാടക ഗര്‍ഭധാരണം നിര്‍ത്തലാക്കുകയും നിരോധിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കഴിവുകള്‍ വികസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും സമൂഹത്തില്‍ അവ അംഗീകരിക്കപ്പെടുന്നതിനും വിദ്യാഭ്യാസത്തിനുള്ള നിര്‍ണായക പ്രാധാന്യത്തെക്കുറിച്ച് ആര്‍ച്ച് ബിഷപ്പ് ഊന്നിപ്പറഞ്ഞു. 'കുടുംബത്തിലും സമൂഹത്തിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവരവരുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന് പിന്തുണ ലഭിക്കണം. ഇതിനായി മനോഭാവങ്ങളും സമ്പ്രദായങ്ങളും മാറ്റേണ്ടത് അത്യാവശ്യമാണ്' - അദ്ദേഹം ഉപസംഹരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.