ജറുസലേം: ഹമാസ് തലവന്‍ യഹിയ സിൻവർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസ മുനമ്പില്‍ ഹമാസ് തലവന്‍ യഹിയ സിൻവർ കൊല്ലപ്പെട്ടത് പാലസ്തീന്‍ പ്രദേശത്ത് ഒരു വര്‍ഷം നീണ്ടുനിന്ന യുദ്ധത്തിന്റെ അവസാനത്തിന്റെ തുടക്കമാണെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേൽ സൈന്യത്തിലെ ധീരരായ സൈനികരാണ് റാഫയിൽ വച്ച് സിൻവറിനെ വധിച്ചതെന്നും പ്രധാനമന്ത്രി സ്ഥിരീകരിച്ചു.
ആയിരക്കണക്കിന് ജീവനെടുത്ത ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിന്റെ ആസൂത്രകനെയാണ് സൈന്യം വധിച്ചത്. ഡിഎൻഎ പരിശോധനകളടക്കം പരിശോധിച്ച ശേഷമാണ് യഹിയ സിൻവറിന്റെ മരണം ഇസ്രയേൽ ഉറപ്പാക്കിയത്. ഹമാസ് തലവൻ കൊല്ലപ്പെട്ടതിന് പിന്നാലെ ലോകത്തിന് തന്നെ നല്ല ദിവസമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്.
കൊല്ലപ്പെട്ട ഭീകരൻ യഹിയ സിൻവർ
ഗാസ വെടിനിർത്തലിനും ബന്ദികളെ വിട്ടയ്‌ക്കാനുള്ള ഇടപാടിനുമുണ്ടായിരുന്ന പ്രധാന തടസം നീങ്ങിക്കിട്ടിയെന്നും അദേഹം പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ളൊരു അവസരമാണ് വന്നുചേർന്നിരിക്കുന്നതെന്ന് യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും പറഞ്ഞു.
ഹമാസ് തലവനെ വകവരുത്തിയ ഇസ്രയേലിന് അഭിനന്ദനമറിയിക്കാൻ നെതന്യാഹുവുമായി ഫോണിൽ സംസാരിക്കുമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്‌ക്കുള്ള വഴികൾ തിരക്കുമെന്നും ബൈഡൻ വ്യക്തമാക്കി. ഹമാസിന്റെ അധികാരമില്ലാത്ത ഗാസ വിദൂരമല്ല. ഇസ്രയേലികൾക്കും പാലസ്തീനികൾക്കും ഒരു പോലെ ഗുണം ചെയ്യുന്ന രാഷ്‌ട്രീയ ഒത്തുതീർപ്പിനുള്ള അവസരം വന്നുചേർന്നിരിക്കുന്നു. ഈ ലക്ഷ്യങ്ങളെല്ലാം നേടുന്നതിൽ ഏറ്റവും വലിയ വിലങ്ങുതടിയായിരുന്നു യഹിയ സിൻവാർ. ആ തടസം ഇനിയില്ല, ഇനിയുമെറേ ചെയ്യാനുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
അതേ സമയം യഹിയ സിൻവറിന്റെ കൊലപാതകം മേഖലയിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്ന് ഇറാൻ അറിയിച്ചു. ചെറുത്തുനിൽപ്പ് ഇനി ശക്തിപ്പെടും. പാലസ്തീന്റെ വിമോചനത്തിനായി പ്രവർത്തിക്കുന്ന യുവാക്കൾക്കും കുട്ടികൾക്കുമെല്ലാം വലിയൊരു മാതൃകയാണ് അദേഹം. അധിനിവേശവും ആക്രമണവും തുടരുന്നിടത്തോളം പ്രതിരോധവും ഉണ്ടാകും. പ്രചോദനത്തിന്റെ ഉറവിടമായി രക്തസാക്ഷികൾ തുടരുമെന്നും ഇറാൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിന്റെ മാസ്റ്റർ ബ്രേയ്ൻ എന്നാണ് യഹിയ സിൻവർ അറിയപ്പെടുന്നത്. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ ടെഹ്റാനിൽ വച്ച് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പിൻഗാമിയായാണ് ഹമാസ് യഹിയയെ അവരോധിച്ചത്. ഗാസ ആസ്ഥാനമായാണ് പ്രവർത്തനം. 22 വർഷം ഇസ്രയേൽ തടവറയിലും കഴിഞ്ഞിട്ടുണ്ട് യഹിയ. 2015-ൽ യഹിയയെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.