സന: യെമനിലെ ഹൂതി വിമതരുടെ ഭൂഗര്‍ഭ ആയുധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണവുമായി യു.എസ്. ദീര്‍ഘദൂര ബി-2 സ്പിരിറ്റ് ബോംബറുകള്‍ ഉപയോഗിച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു ആക്രമണം. യെമന്റെ തലസ്ഥാനമായ സനയിലും സാദയിലും വ്യോമാക്രമണം നടന്നതായി ഹൂതികളുടെ അല്‍ മസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഹൂതികള്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ഹൂതി നിയന്ത്രണത്തില്‍ അഞ്ച് പ്രധാന ആയുധകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ പ്രസ്താവനയില്‍ അറിയിച്ചു. എത്തിച്ചേരാന്‍ കഴിയില്ലെന്ന് എതിരാളികള്‍ പറയുന്ന കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ യു.എസിന് ശേഷിയുണ്ടെന്ന് തെളിയിക്കുന്നതാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. ആളപായമുണ്ടായതായി യു.എസ് സൈന്യവും വിവരം പുറത്തുവിട്ടില്ല.
ഇസ്രയേല്‍-ഹമാസ് ആക്രമണം തുടങ്ങിയ ശേഷം ചെങ്കടലില്‍ സഞ്ചരിച്ച 80ലേറെ കപ്പലുകള്‍ ഹൂതികള്‍ ആക്രമിച്ചിരുന്നു. ഗാസയില്‍ ആക്രമണം അവസാനിപ്പിക്കന്‍ ഇസ്രയേല്‍, യു.എസ്, ബ്രിട്ടീഷ് ബന്ധമുള്ള കപ്പലുകളാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു ഹൂതികളുടെ അവകാശവാദം. ഇസ്രയേലിനെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും തൊടുത്തിരുന്നു. യു.എസ് സൈന്യത്തിന്റെ എം.ക്യു-9 റീപര്‍ ഡ്രോണുകളും ഹൂതികള്‍ വെടിവെച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ലബനന്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു.എസ് സൈനിക നീക്കം.
ബി-2 സ്പിരിറ്റ് ഉപയോഗിച്ചുള്ള ആക്രമണം ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാനുള്ള താക്കീതാണെന്നാണ് സൂചന. ഇറാന്റെ സുപ്രധാനമായ നതാന്‍സ്, ഫോര്‍ദോ തുടങ്ങിയ ആണവ നിലയങ്ങള്‍ക്ക് കനത്ത ആഘാതമുണ്ടാക്കാന്‍ കഴിയുന്ന ജി.ബി.യു-57 ആയുധം വഹിക്കാന്‍ ശേഷിയുള്ളതാണ് ബി-2 സ്പിരിറ്റ്. ഇതാദ്യമായാണ് അത്യാധുനിക ബി-2 സ്പിരിറ്റ് ബോംബറുകള്‍ ഉപയോഗിച്ച് ഹൂതികള്‍ക്കെതിരെ യു.എസ് ആക്രമണം നടത്തുന്നത്.
ഫോര്‍ദോയിലെ ഒരു പടുകൂറ്റന്‍ പര്‍വതത്തിനു താഴെ ഭൂഗര്‍ഭ കേന്ദ്രത്തിലാണ് ലോകം ഭയക്കുന്ന ഈ ആണവ പരീക്ഷണ ശാലയുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.