'കണ്ണൂര്‍ കളക്ടറുടെ കത്ത് സ്വീകരിക്കാന്‍ കഴിയില്ല': മറുപടി നല്‍കി നവീന്‍ ബാബുവിന്റെ കുടുംബം

'കണ്ണൂര്‍ കളക്ടറുടെ കത്ത് സ്വീകരിക്കാന്‍ കഴിയില്ല': മറുപടി നല്‍കി നവീന്‍ ബാബുവിന്റെ കുടുംബം

പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം.

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഇക്കാര്യം തങ്ങളെ അറിയിച്ചതായി സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ജി. അഖില്‍ അറിയിച്ചു. കേസില്‍ നിയമസഹായം വേണമെന്ന് നവീന്റെ കുടുംബം ആവശ്യപ്പെട്ടതായും അഖില്‍ പറഞ്ഞു.

നവീന്‍ ബാബുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ കളക്ടര്‍ താല്‍പര്യമറിയിച്ചിരുന്നു. പക്ഷേ, കുടുംബം അതിനോട് വിയോജിച്ചു. ഇതേ തുടര്‍ന്നാണ് പത്തനംതിട്ട സബ് കളക്ടര്‍ വഴി കുടുംബത്തിന് കത്ത് കൈമാറിയത്. എന്നാല്‍ ഈ കത്തില്‍ ഔദ്യോഗികമായ ഒപ്പോ സീലോ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.

നവീന്റെ അന്ത്യ കര്‍മങ്ങള്‍ കഴിയുന്നത് വരെ താന്‍ പത്തനംതിട്ടയിലുണ്ടായിരുന്നുവെന്നും നേരില്‍ വന്ന് നില്‍ക്കണമെന്ന് കരുതിയെങ്കിലും സാധിച്ചില്ലെന്നുമാണ് കത്തില്‍ പറയുന്നത്.

നേരത്തേ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരേ ഗുരുതര ആരോപണവുമായി നവീന്‍ ബാബുവിന്റെ ബന്ധുവും സിപിഎം നേതാവുമായ മലയാലപ്പുഴ മോഹനന്‍ രംഗത്തെത്തിയിരുന്നു. അരുണ്‍ കെ. വിജയനാണ് പി.പി ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് വിളിച്ചു വരുത്തിയത് എന്നാണ് അദേഹം ആരോപിച്ചത്.

ദിവ്യയുടെ സൗകര്യ പ്രകാരം ചടങ്ങിന്റെ സമയം മാറ്റി എന്നും ആരോപിച്ചു. മാത്രമല്ല വിഷയത്തില്‍ കളക്ടര്‍ക്കെതിരേ സിപിഎം പത്തനംതിട്ട നേതൃത്വവും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്ത് വന്നിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.