സിഡ്നി: ഓസ്‌ട്രേലിയയിലെ ഹണ്ടര്‍ വാലി മേഖലയില്‍ പാറകള്‍ക്കിടയിലെ വിള്ളലില്‍ ഏഴ് മണിക്കൂര്‍ തലകീഴായി കുടുങ്ങിയ സ്ത്രീയെ അതിസാഹസികമായി രക്ഷിച്ചു. സെസ്‌നോക്കിനടുത്തുള്ള ലഗൂണയില്‍ കാല്‍നടയാത്രയ്ക്കിടെ യുവതിയുടെ ഫോണ്‍ അബദ്ധത്തില്‍ പാറക്കെട്ടുകള്‍ക്കിടയിലെ കുഴിയിലേക്ക് വീണു. ഇതെടുക്കാനുള്ള ശ്രമത്തിനിടെയാണ് യുവതി പാറക്കെട്ടില്‍ കുടുങ്ങിയത്. സ്ഥലത്തെ ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് യുവതിയെ ഏറെ പണിപ്പെട്ട് രക്ഷപ്പെടുത്തിയത്. ന്യൂ സൗത്ത് വെയില്‍സ് ആംബുലന്‍സ് സര്‍വീസ് ആണ് ഈ രക്ഷാപ്രവര്‍ത്തനം തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഒക്ടോബര്‍ 21 ന് പോസ്റ്റ് ചെയ്തിരിക്കുന്നത്.
മെറ്റില്‍ഡ കാംപ്ബെല്‍ എന്ന 23 കാരിയാണ് ഫോട്ടോ എടുക്കാനുള്ള ശ്രമത്തിനിടെ ഭീമന്‍ പാറകള്‍ക്കിടയിലെ വിള്ളലിനുള്ളില്‍ വീണത്. പാറകള്‍ക്കിടയിലുള്ള ഇടുങ്ങിയ വിള്ളലില്‍ തലകീഴായാണ് യുവതി പെട്ടത്. വിള്ളലില്‍ കാലുകള്‍ മാത്രം കാണാവുന്ന വിധത്തിലുള്ള ചിത്രങ്ങളും പുറത്തുവന്നു.
ഏകദേശം ഏഴ് മണിക്കൂറോളം പാറക്കെട്ടിനിടിയില്‍ മെറ്റില്‍ഡ തല കീഴായി കിടക്കുകയായിരുന്നു. യുവതി കുടുങ്ങിയ സമയത്ത് തന്നെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. അത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
'എസ്' ഷെയ്പ്പില്‍ കിടക്കുന്ന കൂറ്റന്‍ പാറകള്‍ക്കിടയില്‍ നിന്ന് അതിസാഹസികമായാണ് രക്ഷാപ്രവര്‍ത്തകര്‍ യുവതിയെ രക്ഷപ്പെടുത്തിയത്. 500 കിലോയോളം ഭാരം വരുന്ന പാറകള്‍ ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ നീക്കിയത്. തന്റെ സര്‍വീസിനിടയില്‍ ഇത് ആദ്യമായാണ് ഇത്രയും സാഹസികത നിറഞ്ഞ ഒരു ദൗത്യം ഏറ്റെടുക്കുന്നത്. അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ എന്‍.എസ്.ഡബ്ല്യു ആംബുലന്‍സ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് റെസ്‌ക്യൂ പാരാമെഡിക് പീറ്റര്‍ വാട്സ് പറഞ്ഞു.
ചതവുകളുള്‍പ്പടെ ചെറിയ പരിക്കുകള്‍ മാത്രമാണ് യുവതിക്കുണ്ടായതെന്നും ചികിത്സയിലുള്ള യുവതി സുഖം പ്രാപിച്ച് വരികയാണെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.