മെക്‌സിക്കൻ പുരോഹിതനെ വെടിവച്ചുകൊന്ന സംഭവം; ഒരാൾ അറസ്റ്റിൽ

മെക്‌സിക്കൻ പുരോഹിതനെ വെടിവച്ചുകൊന്ന സംഭവം; ഒരാൾ അറസ്റ്റിൽ

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ കത്തോലിക്ക വൈദികനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്ത് മെക്സിക്കൻ പൊലീസ്. മോട്ടോർ ബൈക്കിലെത്തിയ രണ്ട് പേരാണ് വൈദികന് നേരെ നിറയൊഴിച്ചതെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രാദേശിക മയക്കുമരുന്ന് വ്യാപാരിയായ എഡ്ഗാർ എൻ ആണ് കൊലയാളിയെന്ന് അധികൃതർ തിരിച്ചറിഞ്ഞു. സുരക്ഷാ ക്യാമറാ ദൃശ്യങ്ങൾ, സാക്ഷി മൊഴികൾ, മറ്റ് സൂചനകൾ എന്നിവ ഉപയോഗിച്ച് വൈദികന്റെ കൊലയാളിയെ തിരിച്ചറിഞ്ഞതായി എ. എഫ്. പി. വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

മെക്സിക്കൻ രൂപതയായ സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസിൽ നിന്നുള്ള ഫാ. മാർസെലോ പെരെസ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം വീട്ടിലേക്കു പോകുമ്പോൾ, അജ്ഞാതരായ അക്രമികൾ അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഘർഷഭരിതമായ ചിയാപാസ് സ്റ്റേറ്റിൽ സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി ശബ്ദമുയർത്തിയ റോമൻ കത്തോലിക്കാ പുരോഹിതനാണ് കൊല്ലപ്പെട്ടത്.

മെക്സിക്കോയിലെ തദ്ദേശീയരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പേരുകേട്ട പുരോഹിതനാണ് ഫാ. മാർസെലോ പെരെസ്. 20 വർഷമായി അദ്ദേഹം സാമൂഹിക സേവനത്തിൽ സജീവമാണ്. കുറ്റകൃത്യങ്ങൾ, അക്രമങ്ങൾ, ഭൂമി തർക്കങ്ങൾ എന്നിവയ്ക്ക് കുപ്രസിദ്ധമായ ചിയാപാസിൽ അനുരഞ്ജനത്തിന് അദേഹം മുൻകൈയെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.