ന്യൂഡൽഹി: യുവ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയുടെ അറസ്റ്റില്‍ രാജ്യമെങ്ങും വ്യാപക പ്രതിഷേധം. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുളള പ്രശസ്ത ആഗോള പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗിന്റെ ടൂള്‍കിറ്റ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്ന പേരിലാണ് ദിശ രവിയെ (21) ബെംഗളൂരുവില്‍നിന്നു ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ രണ്ടു പേര്‍ക്കെതിരെ കൂടി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മലയാളി നിഖിത ജേക്കബ്, ശന്തനു എന്നിവര്‍ക്ക് എതിരെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഡല്‍ഹി പൊലീസിന്റെ അറസ്റ്റ് വാറന്റ്. നിഖിതയാണ് ടൂള്‍ കിറ്റ് നിര്‍മ്മിച്ചത് എന്നാണ് പൊലീസ് വാദം. നിഖിതയുടെ വീട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും പൊലീസ് പറഞ്ഞു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിഖിതയെ കാണാനില്ലെന്നും പൊലീസ് പറഞ്ഞു.
എന്നാൽ ദിശയെ ഉടന്‍ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും കര്‍ഷക സംഘടനകളും രംഗത്തുവന്നു. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം, ദിഗ്‌വിജയ സിങ്, പ്രിയങ്ക ഗാന്ധി, ശത്രുഘ്നന്‍ സിന്‍ഹ, കപില്‍ സിബല്‍ തുടങ്ങിയവരെല്ലാം ദിശയുടെ അറസ്റ്റില്‍ അപലപിച്ചു.
ദിഷ രവിയെ വിട്ടയക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ആയുധം കൈയ്യിലുള്ളവര്‍ നിരായുധയായ ഒരു പെണ്‍കുട്ടിയെ പേടിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. ദിഷ രവിക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതില്‍ മജിസ്‌ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് ആരോപണം ശക്തിപ്പെടുന്നതിനിടെയാണ് ഇരുവരുടെയും പ്രതികരണം.
ദിഷ രവിയെ അന്വേഷണസംഘം കൂടുതല്‍ ചോദ്യം ചെയ്യുകയാണ്. കര്‍ഷക സമരത്തിനുള്ള ഐക്യദാര്‍ഡ്യ പ്രതിഷേധ പരിപാടിയായ ടൂള്‍കിറ്റ് തയ്യാറാക്കിയത് ആരൊക്കെ എന്നതില്‍ ദിഷയില്‍ നിന്ന് വിവരം തേടും. ഡല്‍ഹിയിലെത്തിച്ച് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ദിശയെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
താനൊരു ഗൂഢാലോചനയുടെയും സംഘത്തിന്റെയും ഭാഗമല്ലെന്നാണ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ദിശ പറഞ്ഞത്. "ഞാന്‍ കര്‍ഷകരെ പിന്തുണയ്ക്കുകയാണ് ചെയ്തത്. കാരണം അവര്‍ നമ്മുടെ ഭാവിയാണ്. അവരാണ് നമുക്ക് ഭക്ഷണം നല്‍കുന്നത്. ടൂള്‍കിറ്റ് ഞാനല്ല ക്രിയേറ്റ് ചെയ്തത്. ഡോക്യുമെന്റില്‍ രണ്ടു തവണ എഡിറ്റ് മാത്രമാണ് ചെയ്തത്," ദിശ പറഞ്ഞു.
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് സമൂഹമാധ്യമങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് 'ടൂള്‍കിറ്റ്' എന്ന പേരില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ടൂള്‍ കിറ്റിനു പിന്നില്‍ കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഖാലിസ്ഥാന്‍ അനുകൂല സംഘടനയാണെന്നാണ് പൊലീസ് ആരോപണം. ടൂള്‍ കിറ്റ് എഡിറ്റ് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് ദിശയ്ക്കെതിരായ കേസ്. രാജ്യദ്രോഹം, മതസ്പര്‍ധ വളര്‍ത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണു ചുമത്തിയിട്ടുളളത്.
'ഫ്രൈഡേയ്സ് ഫോര്‍ ഫ്യൂച്ചര്‍ ഇന്ത്യ' എന്ന പരിസ്ഥിതി കൂട്ടായ്മയുടെ സ്ഥാപകരിലൊരാളാണ് ദിശ. അതേസമയം ദിഷയെ അഞ്ച് ദിവസം റിമാന്‍ഡ് ചെയ്ത നടപടിക്കെതിരെ വിമര്‍ശനവുമായി നിയമവിദഗ്ധര്‍ രംഗത്തെത്തി. അഭിഭാഷകര്‍ ഇല്ലാതെ കോടതിയില്‍ ദിഷയ്ക്ക് സ്വയം വാദിക്കേണ്ടി വന്ന സാഹചര്യത്തിലാണ് വിമര്‍ശനം. ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെയാണ് ദിഷയെ ബെംഗളൂരുവില്‍ നിന്ന് ദില്ലിയില്‍ എത്തിച്ചതെന്നും ആക്ഷേപമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.