ടെല്‍ അവീവ്: ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ ഇന്നത്തോടെ അവസാനിപ്പിക്കുന്നുവെന്ന് ഇസ്രയേല്‍. 'ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഇന്ന് നല്‍കിയത്. അതോടെ ആ അധ്യായം അവസാനിച്ചു'- ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.
ആക്രമണം അവസാനിപ്പിച്ച് ഇസ്രയേല്‍ പോര്‍ വിമാനങ്ങള്‍ സുരക്ഷിതമായി തിരിച്ചെത്തി. ഇന്റലിജന്‍സിന്റെ സഹായത്തോടെ ഇറാന്‍ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും ഹഗാരി വ്യക്തമാക്കി.
ഇറാന്റെ മിസൈല്‍ സിസ്റ്റം ഉള്‍പ്പടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ആക്രമിക്കപ്പെട്ടു. ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക സമയം പുലര്‍ച്ചെ 2.15 ഓടെയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. ടെഹ്റാന്റെ വിവിധ ഭാഗങ്ങളിലും അല്‍ബോര്‍സ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്ഫോടനം നടന്നതായി ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.
അതേസമയം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് ഇറാന്‍ തിരിച്ചടി നല്‍കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ തുല്ല്യമായ അളവില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നതില്‍ ഒരു സംശയവുമില്ലെന്ന് ഒരു ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് തസ്നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇറാന്റെ തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് നേരിടാന്‍ നിതാന്ത ജാഗ്രതയിലാണ് ഇസ്രയേല്‍ സൈന്യം.
കഴിഞ്ഞ ഏപ്രിലിലും ഒക്ടോബറിലും ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ചുള്ള യു.എസ് ഇന്റലിജന്‍സിന്റെ രഹസ്യ രേഖകള്‍ ചോര്‍ന്നതും വലിയ വാര്‍ത്തയായിരുന്നു.
ഇസ്രയേലിന്റെ സൈനിക തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും ഉള്‍പ്പടെയാണ് പുറത്തുവന്നത്. ഇസ്രയേല്‍ ആകാശത്തു വച്ച് വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതും വിവിധ സൈനിക ഓപ്പറേഷനുകളെ കുറിച്ചും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പുനര്‍വിന്യാസത്തെ കുറിച്ചുമെല്ലാം രഹസ്യ രേഖകളില്‍ നിന്ന് വ്യക്തമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.