പുടിനും മസ്‌കും നിരന്തരം ആശയവിനിമയം നടത്തുന്നു? അമേരിക്കയില്‍ പുതിയ വിവാദക്കൊടുങ്കാറ്റുയര്‍ത്തി 'വാള്‍സ്ട്രീറ്റ് ജേണലിന്റെ' റിപ്പോര്‍ട്ട്; നിഷേധിച്ച് റഷ്യ

പുടിനും മസ്‌കും നിരന്തരം ആശയവിനിമയം നടത്തുന്നു? അമേരിക്കയില്‍ പുതിയ വിവാദക്കൊടുങ്കാറ്റുയര്‍ത്തി 'വാള്‍സ്ട്രീറ്റ് ജേണലിന്റെ' റിപ്പോര്‍ട്ട്; നിഷേധിച്ച് റഷ്യ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുതിയ വിവാദക്കൊടുങ്കാറ്റുയര്‍ത്തി 'വാള്‍സ്ട്രീറ്റ് ജേണലിന്റെ' റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റ ബന്ധമാണ് വിവാദത്തിനു കാരണം. മസ്‌കും പുടിനും കഴിഞ്ഞ രണ്ടു വര്‍ഷം തുടര്‍ച്ചയായി നടത്തിയ ആശയവിനിമയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അന്വേഷണ വിധേയമാക്കണമെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ തനിക്ക് കഴിയില്ലെന്ന് പറഞ്ഞ ബില്‍ നെല്‍സണ്‍ ആരോപണം സത്യമാണെങ്കില്‍, മസ്‌കും റഷ്യന്‍ പ്രസിഡന്റും തമ്മിലുള്ള ചര്‍ച്ചകള്‍ ആശങ്കാജനകമാണെന്ന് അഭിപ്രായപ്പെട്ടു. നാസയ്ക്കും പ്രതിരോധ വകുപ്പിനും അത് കൂടുതല്‍ ഭീഷണി ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

2022 അവസാനം മുതല്‍ 2024 വരെ പുടിനുമായി മസ്‌ക് നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിട്ടുള്ളതായി രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് 'വാള്‍സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. പുടിന് പുറമേ മറ്റ് നിരവധി റഷ്യന്‍ ഉന്നത ഉദ്യോഗസ്ഥരുമായും മസ്‌ക് പതിവായി ബന്ധപ്പെടുന്നതായി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

പുടിനുമായുള്ള മസ്‌കിന്റെ ആശയവിനിമയം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വിധത്തിലുള്ള ചര്‍ച്ചകള്‍ ബൈഡന്‍ ഭരണകൂടത്തിലെ അംഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുകഴിഞ്ഞു. ഉക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ റഷ്യയുമായി കടുത്ത ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും ബന്ധം പുറത്തറിയുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാല്‍ റിപ്പോര്‍ട്ട് യു.എസില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷനിലെയും (നാസ) പെന്റഗണിലെയും ഏറ്റവും പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സ്വകാര്യ കമ്പനി സ്പേസ് എക്സിന്റെ ഉടമയാണ് മസ്‌ക്. റഷ്യയുമായുള്ള യുദ്ധത്തില്‍ ഉക്രെയ്ന്‍ സൈന്യത്തെ ആശയവിനിമയത്തിനായി സഹായിച്ചത് സ്പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളാണ്. രാജ്യത്തെ തന്ത്രപ്രധാനമായ വിവരങ്ങള്‍ മസ്‌കിന് എളുപ്പം ലഭിക്കുമെന്നതിനാല്‍ പുടിനുമായുള്ള ബന്ധം നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

വ്യക്തിപരവും ബിസിനസ് സംബന്ധമായ കാര്യങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ അനുകൂലിച്ച് പുടിന്‍, തായ്വാനില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ സജീവമാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മസ്‌കിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം ബഹിരാകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് പുടിനുമായി താന്‍ ഒരിക്കല്‍ സംസാരിച്ചിട്ടുണ്ടെന്ന് മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരില്‍ പ്രധാനിയാണ് ഇലോണ്‍ മസ്‌ക്. ട്രംപിന്റെ പ്രചാരണത്തിനായി മസ്‌ക് 7.5 കോടി ഡോളറിലധികം നല്‍കിക്കഴിഞ്ഞു. ടെസ്ലയുടെയും സമൂഹ മാധ്യമമായ എക്സിന്റെയും ഉടമയും ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളുമായ മസ്‌കിന് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുണ്ട്.

അതേസമയം, ക്രെംലിന്‍ ഈ അവകാശവാദങ്ങളെ അസത്യവും തീര്‍ത്തും തെറ്റായതുമായ വിവരങ്ങള്‍ എന്ന് പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.