രാജ്യത്ത് സെന്‍സസ് അടുത്ത വര്‍ഷം തുടങ്ങിയേക്കും; ലോക്സഭാ മണ്ഡല വിഭജനം 2028 ല്‍

രാജ്യത്ത് സെന്‍സസ് അടുത്ത വര്‍ഷം  തുടങ്ങിയേക്കും; ലോക്സഭാ മണ്ഡല വിഭജനം 2028 ല്‍

ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യ ഔദ്യോഗികമായി നിര്‍ണയിക്കാനുള്ള സെന്‍സസ് 2025 ല്‍ ആരംഭിച്ചേക്കും. 2021 ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസാണ് നാല് വര്‍ഷം വൈകി ആരംഭിക്കുന്നത്. കണക്കെടുപ്പ് 2026 ല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.

സെന്‍സസിന് പിന്നാലെ ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയവുമുണ്ടാകും. ഇത് 2028 ഓടെ പൂര്‍ത്തിയാകും. അതേസമയം സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ സെന്‍സസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുകയോ ചെയ്തിട്ടില്ല.

രജിസ്ട്രാര്‍ ജനറലും ഇന്ത്യന്‍ സെന്‍സസ് കമ്മിഷണറുമായ മൃത്യുഞ്ജയ് കുമാര്‍ നാരായണിന്റെ ഡെപ്യുട്ടേഷന്‍ കാലാവധി അടുത്തിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നീട്ടിയത്. 2026 ഓഗസ്റ്റ് വരെയാണ് നിലവില്‍ അദേഹത്തിന്റെ കാലാവധി.

സെന്‍സസ് ഉചിതമായ സമയത്ത് തന്നെ നടക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തേ പറഞ്ഞത്. അന്തിമ തീരുമാനമായാല്‍ അക്കാര്യം പ്രഖ്യാപിക്കും. നടക്കാനിരിക്കുന്ന സെന്‍സസ് മൊബൈല്‍ ആപ്പ് വഴി പൂര്‍ണമായും ഡിജിറ്റലായാണ് നടക്കുക എന്നും അമിത് ഷാ വ്യക്തമാക്കി.

ഓരോ പത്ത് വര്‍ഷത്തിലുമാണ് രാജ്യത്തെ ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് നടത്തുക. ഇന്ത്യയില്‍ 2011 ലാണ് അവസാനമായി സെന്‍സസ് നടന്നത്. 121 കോടിയിലേറെയാണ് അന്ന് രേഖപ്പെടുത്തിയ ജനസംഖ്യ.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.