യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! യുഎഇയിലെ ഈ പാലം ജനുവരി 16 വരെ ഭാഗികമായി അടച്ചിടും; ബദല്‍ റൂട്ടുകള്‍ അറിയാം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! യുഎഇയിലെ ഈ പാലം ജനുവരി 16 വരെ ഭാഗികമായി അടച്ചിടും; ബദല്‍ റൂട്ടുകള്‍ അറിയാം

ദുബായ്: ദുബായിലെ അല്‍ മക്തൂം പാലം ഒക്ടോബര്‍ 27 ഞായറാഴ്ച മുതല്‍ 2025 ജനുവരി 16 വരെ ഭാഗികമായി അടച്ചെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ദുബായിലെ ഏറ്റവും പഴയ പാലങ്ങളിലൊന്നും ദെയ്റ, ബര്‍ ദുബായ് ജില്ലകളെ ബന്ധിപ്പിക്കുന്ന എമിറേറ്റിലെ ഏറ്റവും തിരക്കേറിയ പാലങ്ങളിലൊന്നാണിത്. പാലത്തിന്റെ പ്രധാനപ്പെട്ട അറ്റകുറ്റപ്പണികള്‍ക്കായാണ് അടച്ചിടുന്നതെന്ന് ആര്‍ടിഎ അറിയിച്ചു.

പാലത്തിന്റെ സുസ്ഥിരതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് ദിവസേനയുള്ള പ്രതിരോധ, പതിവ് അറ്റകുറ്റപ്പണികള്‍ക്കു പുറമെ വര്‍ഷത്തിലൊരിക്കല്‍ സമഗ്ര നവീകരണത്തിനായി പാലം അടച്ചിടാറുണ്ട്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാത്രി 11 മുതല്‍ രാവിലെ അഞ്ച് വരെയും ഞായറാഴ്ചകളില്‍ 24 മണിക്കൂറും പാലം അടച്ചിടും.
ബദല്‍ റൂട്ടുകള്‍ അറിയാം

അല്‍ ഗര്‍ഹൂദ് പാലം: ശെയ്ഖ് സായിദ് റോഡ് (ഇ11), ബനിയാസ് റോഡ് (ഡി85), ശെയ്ഖ് റാഷിദ് റോഡ് (ഡി75), ഔദ് മേത്ത റോഡ് (ഡി79) എന്നിവ വഴി യാത്ര ചെയ്യുന്നവര്‍ക്ക് എടുക്കാവുന്ന ബദല്‍ പാലമാണിത്.

ബിസിനസ് ബേ പാലം: അല്‍ ഖൈല്‍ റോഡിലൂടെ ( ഡി 68) വാഹനമോടിക്കുന്നവര്‍ക്ക് ഈ പാലം ഉപയോഗിക്കുന്നതാവും കൂടുതല്‍ എളുപ്പം. ബനിയാസ് റോഡ് (ഡി85), ശെയ്ഖ് റാഷിദ് റോഡ് (ഡി75), റിബാത്ത് സ്ട്രീറ്റ് (ഡി83), ഔദ് മേത്ത റോഡ് (ഡി79) എന്നിവ വഴി യാത്ര ചെയ്യുന്നവര്‍ക്കും ഈ പാലം ഉപയോഗിക്കാം.

അല്‍ ഷിന്ദഗ ടണല്‍: ദെയ്‌റയിലേക്കും ബര്‍ ദുബായിലേക്കും സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലേക്കും സമീപപ്രദേശങ്ങളിലേക്കും പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ റൂട്ടാണ് കൂടുതല്‍ അനുയോജ്യം. അല്‍ ഖലീജ് സ്ട്രീറ്റ് (ഡി92), ബനിയാസ് റോഡ് (ഡി85) വഴിയുള്ള യാത്രക്കാര്‍ക്കും ഈ തുരങ്കം വഴി യാത്ര ചെയ്യാം.

ഇന്‍ഫിനിറ്റി ബ്രിഡ്ജ്: അല്‍ മക്തൂം പാലത്തിന്റെ സമീപ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു റൂട്ടാണിത്. അല്‍ ഷിന്ദഗ ടണലിന് സമീപം സ്ഥിതി ചെയ്യുന്ന, ഇന്‍ഫിനിറ്റി ബ്രിഡ്ജ് റോഡ് (ഡി85), അല്‍ ഖലീജ് സ്ട്രീറ്റ് (ഡി92), ഖാലിദ് ബിന്‍ അല്‍ വലീദ് റോഡ് (ഡി79) എന്നിവയിലാണെങ്കില്‍ പുതുതായി നിര്‍മ്മിച്ച ഈ പാലം വഴി പോകാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.