ടെഹ്റാന്‍: പശ്ചിമേഷ്യയെ വീണ്ടും യുദ്ധ ഭീതിയിലാഴ്ത്തി ഇസ്രയേലിനെതിരായ തിരിച്ചടിക്ക് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി സൈനിക നേതൃത്വത്തോട് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ട്. ഇറാഖില്‍ നിന്ന് അക്രമണം നടത്താനാണ് ഇറാന്‍ ആലോചിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം നടത്താനാണ് നീക്കം. ഇസ്രയേലിന്റെ പ്രധാന നഗരങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളുമാണ് ഇറാന്‍ ഉന്നം വയ്ക്കുന്നത്. ഇതിനായി ദീര്‍ഘദൂര ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഇറാന്‍ സജ്ജമാക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന് നേര്‍ക്കുള്ള ഇസ്രയേലിന്റെ തിരിച്ചടി ചെറുക്കാനാണ് ഇറാഖിനെ മറയാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിന് നേരേ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഒക്ടോബര്‍ 26 ന് ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടന്നത്. ഇതിന് കഠിനമായ തിരിച്ചടിയുണ്ടാകുമെന്നും അത് സങ്കല്‍പ്പിക്കാനാകാത്ത വിധത്തിലുള്ളതാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാന്റെ ഭീഷണിക്ക് പിന്നാലെ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. അടുത്തിടെ തങ്ങള്‍ നടത്തിയ ആക്രണം ഇറാന്റെ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളിലും വ്യോമ പ്രതിരോധ സംവിധാനങ്ങളിലും കനത്ത ആഘാതമേല്‍പ്പിച്ചിട്ടുണ്ടെന്നും ഇസ്രേയല്‍ സൈന്യം അറിയിച്ചു.
'ഇറാന്‍ വീണ്ടും അക്രമിക്കാന്‍ തുനിഞ്ഞാല്‍ ഞങ്ങളുടെ സൈനികര്‍ ഇതുവരെ ഉപയോഗിക്കാത്ത സംവിധാനങ്ങളുമായി ഇറാനിലെത്തും. ആദ്യഘട്ടത്തില്‍ ഞങ്ങള്‍ ഒഴിവാക്കിയ സ്ഥലങ്ങളെ അത് കഠിനമായ രീതിയില്‍ തന്നെ ബാധിക്കും'- ഇറാന്റെ ഭീഷണിക്ക് ഇതായിരുന്നു ഇസ്രയേല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയുടെ മറുപടി.
ഇറാന്റെ തിരിച്ചടിയും അതിന് ഇസ്രയേലിന്റെ മറുപടിയുമുണ്ടായാല്‍ പശ്ചിമേഷ്യയിലെ സ്ഥിതി കൈവിട്ടു പോകുമെന്ന ഭയം ലോക രാഷ്ട്രങ്ങള്‍ക്കുണ്ട്. അതിനാല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സമവായ നീക്കങ്ങളും നടക്കുന്നുണ്ട്.
ഇതിനിടയില്‍, തങ്ങള്‍ മുന്നോട്ടു വെക്കുന്ന വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ ഇസ്രയേലുമായി വെടിനിര്‍ത്തലിന് തയ്യാറാണെന്ന ആഹ്വാനവുമായി ഹിസ്ബുള്ളയുടെ പുതിയ തലവന്‍ ഷെയ്ഖ് നയിം ഖാസിം രംഗത്ത് വന്നു. ഹിസ്ബുള്ളയുടെ പ്രധാന ശക്തി കേന്ദ്രങ്ങളിലെല്ലാം ഇസ്രയേല്‍ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് നയിം ഖാസിമിന്റെ അനുനയ നീക്കം.
ഇസ്രയേല്‍ സുരക്ഷാ മന്ത്രാലയം ചര്‍ച്ചകള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെ ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമുണ്ടാകുന്നത് നല്ല സൂചനയായാണ് കരുതപ്പെടുന്നത്. വെടി നിര്‍ത്തലിന് ഇസ്രയേലിനോട് യാചിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം നയിം ഖാസിം പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.