ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം നടക്കാനിരിക്കുന്ന പൈശാചിക ആഘോഷമായ ഡാര്‍ക്ക് മോഫോ ഫെസ്റ്റിവലിനെതിരെ വീണ്ടും ആശങ്കയുമായി വിശ്വാസികള്‍. തിന്മയെ ആഘോഷിക്കുന്ന ഉത്സവത്തില്‍ തലതിരിച്ച കുരിശ് രൂപം ഉള്‍പ്പെടെയുള്ള സാത്താനിക ബിംബങ്ങള്‍ പരസ്യമായി പ്രകടിക്കുകയും സാംസ്‌കാരിക മൂല്യങ്ങളെ വെല്ലുവിളിച്ചുള്ള വിചിത്രമായ കലാപരിപാടികളും ഉള്‍പ്പെടുന്നു. അടുത്ത വര്‍ഷം ജൂണ്‍ അഞ്ച് മുതല്‍ 15 വരെയാണ് പരിപാടി നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ടിക്കറ്റ് വില്‍പനയും ഉടനെ ആരംഭിക്കും.
ടാസ്മാനിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹൊബാര്‍ട്ടില്‍ നടക്കുന്ന ശൈത്യകാല ആഘോഷമാണ് ഡാര്‍ക്ക് മോഫോ. വര്‍ഷത്തിലെ ഏറ്റവും തണുപ്പുള്ള സമയത്ത് നടത്തുന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്.
രണ്ടാഴ്ച്ചയോളം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ പൈശാചികത നിറഞ്ഞ വൈദ്യുതി അലങ്കാരങ്ങള്‍, തിന്മയെ ആഘോഷിക്കുന്ന സംഗീത പരിപാടികള്‍, സാത്താനിക ബിംബങ്ങളെ അവതരിപ്പിക്കുന്ന ലൈറ്റ് ഇന്‍സ്റ്റലേഷനുകള്‍, രാത്രി ആരാധന തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇതുകൂടാതെ ഡെര്‍വെന്റ് നദിയില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പൂര്‍ണ നഗ്‌നരായി നടത്തുന്ന നീന്തലും ഈ ആഘോഷത്തിന്റെ ഭാഗമാണ്.
2023-ല്‍ നടന്ന ഈ ആഘോഷത്തിനെതിരേ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍) പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തിന്മയുടെ ശക്തികളെ ആഘോഷിക്കാനും സ്വവര്‍ഗാനുരാഗം ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ക്ക് പ്രചാരം നല്‍കാനുമുള്ള സംഘാടകരുടെ നിഗൂഡമായ അജണ്ടയാണ് ഈ പരിപാടിയിലൂടെ നടപ്പാക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി മുന്നറിയിപ്പ് നല്‍കുന്നു. ടാസ്മാനിയ സംസ്ഥാന സര്‍ക്കാരും പൈശാചികമായ ഈ ആഘോഷത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതാണ് മതവിശാസികള്‍ അടക്കമുള്ള സാധാരണ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്.
പരിപാടിയോട് അനുബന്ധിച്ചുണ്ടാകുന്ന സാമ്പത്തിക ലാഭം ലക്ഷ്യമിടുന്ന സര്‍ക്കാര്‍ സമൂഹത്തെ അരാജകത്വത്തിലേക്കു തള്ളിവിടുന്ന ആഘോഷ പരിപാടികള്‍ക്കു നേരെ കണ്ണടയ്ക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഡാര്‍ക്ക് മോഫോ ബഹിഷ്‌കരിക്കാന്‍ ടാസ്മാനിയക്കാരോട് ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി ആഹ്വാനം ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഡാര്‍ക്ക് മോഫോ പരിപാടിയുടെ പ്രചാരണാര്‍ത്ഥം ഹൊബാര്‍ട്ട് എയര്‍പോര്‍ട്ടില്‍ 'വെല്‍കം ടു ഹെല്‍' (നരകത്തിലേക്ക് സ്വാഗതം) എന്ന ബോര്‍ഡ് സ്ഥാപിച്ചത് വലിയ വിവാദം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഈ ബോര്‍ഡ് നീക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. ഇതുകൂടാതെ ഹൊബാര്‍ട്ടിന്റെ പ്രശസ്തമായ വാട്ടര്‍ഫ്രണ്ട് പരിസരത്തിന് ചുറ്റും പ്രകാശമുള്ള കുരിശുകള്‍ തലകീഴായി സ്ഥാപിക്കുന്നതിനെതിരേ ക്രിസ്ത്യന്‍ പുരോഹിതന്മാരും രംഗത്തു വന്നിരുന്നു.
കഴിഞ്ഞ പത്തു വര്‍ഷമായി നടക്കുന്ന ഫെസ്റ്റിവലിലെ കലാപരിപാടികള്‍ അക്രമത്തെയും രക്തച്ചൊരിച്ചിലിനെയും പ്രോല്‍സാഹിപ്പിക്കുന്നതാണ്. 2017-ല്‍ നടന്ന ഡാര്‍ക്ക് മോഫോയിലെ ഒരു പരിപാടിയില്‍ ബലി കര്‍മം എന്ന പേരില്‍ കാളയെ അറുക്കുന്നത് ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ മൃഗാവകാശ സംഘടനകളും ഫെസ്റ്റിവലിന് എതിരായി.
അടുത്ത വര്‍ഷം നടക്കുന്ന പരിപാടിയുടെ പ്രചാരണം സംഘാടകര്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ഇതിനെതിരേ ശക്തമായ പ്രതിരോധവുമായി രംഗത്തുവരാനുള്ള ഒരുക്കത്തിലാണ് ക്രൈസ്തവ സംഘടനകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.