ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമല ഹാരിസും ഡോണള്‍ഡ് ട്രംപും തമ്മില്‍ കടുത്ത മത്സരം തുടരുന്നു. 248 ഇലക്ടറല്‍ വോട്ടുകളുമായി ഡൊണാള്‍ഡ് ട്രംപാണ് മുന്നേറ്റം തുടരുന്നത്. കമല ഹാരിസിന് ഇതുവരെ 216 വോട്ടുകളാണു ലഭിച്ചത്. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം സ്വന്തമായാല്‍ കേവല ഭൂരിപക്ഷമാകും. ആദ്യഘട്ടത്തില്‍ ഏറെ പിന്നിലായിരുന്ന കമല പിന്നീട് നില മെച്ചപ്പെടുത്തി.
സ്വിങ്ങ് സ്റ്റേറ്റുകളിലൊന്നായ നോര്‍ത്ത് കരോലിന ട്രംപ് വിജയിച്ചത് നിര്‍ണായകമായി. ജോര്‍ജിയ, അരിസോണ, പെന്‍സില്‍വാനിയ, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ട്രംപ് മുന്നേറ്റം തുടരുന്നത്.
ഓക്ലഹോമ, മിസിസിപ്പി, അലബാമ, ടെന്നസി, കെന്റക്കി, ഇന്ത്യാന, വെസ്റ്റ് വിര്‍ജീനിയ, സൗത്ത് കരോലിന, ഫ്‌ളോറിഡ, ആര്‍കന്‍സോ, നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, വയോമിങ്, ലുയീസിയാന, ഒഹായോ, നെബ്രാസ്‌ക, ടെക്‌സസ് എന്നീ സംസ്ഥാനങ്ങളില്‍ ട്രംപ് വിജയിച്ചു. ലീഡിലെ മുന്നേറ്റം ട്രംപ് ക്യാമ്പുകളില്‍ ആവേശം നിറച്ചിട്ടുണ്ട്.
അതേസമയം, ന്യൂ ജേഴ്‌സി, മാസചുസെറ്റ്, ഇല്ലിനോയ്, ഡെലവെയര്‍, വെര്‍മൗണ്ട്, മേരിലാന്‍ഡ്, കണക്റ്റികട്ട്, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസ് ലീഡ് ചെയ്യുകയാണ്.
റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രമായ ഇന്ത്യാനയില്‍ ട്രംപ് വിജയിക്കുകയും കമല ഹാരിസ് വെര്‍മൗണ്ടിനെ പിടിച്ചെടുക്കുകയും ചെയ്തതോടെ തുടക്കത്തില്‍ അത്ഭുതങ്ങളൊന്നും തന്നെ കാണാനിടയായില്ല. അതേസമയം പോളിങ് സ്റ്റേഷനുകളില്‍ നിരവധി വ്യാജ ബോംബ് ഭീഷണികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് ജോര്‍ജിയ ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ വോട്ടിങ് തടസപ്പെടുത്തി. റഷ്യയില്‍ നിന്നാകാം ഈ വ്യാജ ഭീഷണികള്‍ ഉണ്ടായതെന്ന് എഫ്ബിഐയും പ്രാദേശിക അധികാരികളും പറഞ്ഞു.
ആകെയുള്ള 538 ഇലക്ടര്‍മാരില്‍ 94 എണ്ണമാണ് സ്വിങ് സ്റ്റേറ്റസ്‌കളിലുള്ളത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ടകളെല്ലാം ഒപ്പംനിന്നാലും കേവലഭൂരിപക്ഷമായ 270-ന് ഡൊണാള്‍ഡ് ട്രംപിന് 51 ഇലക്ടറല്‍ വോട്ടിന്റെ കുറവുവരും. ഡെമോക്രാറ്റിക് സംസ്ഥാനങ്ങളെല്ലാം പിടിച്ചാലും കമലാ ഹാരിസിന് 44 വോട്ടിന്റെ കുറവുമുണ്ടാകും. അവിടെയാണ് ഈ ഏഴു സംസ്ഥാനങ്ങളുടെ പ്രസക്തി.
ജനങ്ങളുടെ വോട്ടിനെക്കാള്‍ ഇലക്ടറല്‍ കോളജ് എന്ന സംവിധാനത്തെയാണ് പ്രസിഡന്റിനെ നിശ്ചയിക്കാന്‍ അമേരിക്ക ആശ്രയിക്കുന്നത്. സംസ്ഥാനത്തെ ജനപ്രതിനിധികളുടെ എണ്ണം ജനസംഖ്യാനുപാതികമായി ഓരോ പത്തുവര്‍ഷവും മാറിക്കൊണ്ടിരിക്കും. ഇത്തവണ 538 ഇലക്ടര്‍മാരാണുള്ളത്. കാലിഫോര്‍ണിയയിലാണ് ഏറ്റവുമധികം: 54.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.