'ഇത് അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും വേണ്ടി': കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാന്‍ നിര്‍ണായക നീക്കവുമായി ഓസ്‌ട്രേലിയ

'ഇത് അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും വേണ്ടി': കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാന്‍ നിര്‍ണായക നീക്കവുമായി ഓസ്‌ട്രേലിയ

മെല്‍ബണ്‍: പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ നിയമനിര്‍മ്മാണ നടപടികള്‍ ആരംഭിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. സോഷ്യല്‍ മീഡിയ കുട്ടികള്‍ക്ക് ദോഷം ചെയ്യുന്നുണ്ടെന്നും ഒരു വര്‍ഷത്തിന് ശേഷം നിയമം പ്രാബല്യത്തില്‍ വരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച ബില്‍ ഈ മാസം അവസാനം പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

നാളെ നടക്കുന്ന ദേശീയ മന്ത്രിസഭാ യോഗത്തില്‍ ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങളോടും ടെറിട്ടറികളോടും നിയമനിര്‍മ്മാണത്തെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടും.

സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ മെറ്റയുടെ ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് എന്നിവയും ബൈറ്റാന്‍സിന്റെ ടിക് ടോക്കും മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന ഇലോണ്‍ മസ്‌കിന്റെ എക്സും ഉള്‍പ്പെടുമെന്ന് ഓസ്ട്രേലിയയിലെ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി മിഷേല്‍ റോളണ്ട് പറഞ്ഞു. ആല്‍ഫബെറ്റിന്റെ യൂട്യൂബും നിയമത്തിന്റെ പരിധിയില്‍ വരുമെന്നും റോളണ്ട് അറിയിച്ചു.

'സമൂഹ മാധ്യമങ്ങള്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് വളരെ ദോഷം ചെയ്യുന്നുണ്ട്, അതുകൊണ്ട് തന്നെ അതിനായി ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുകയാണ്', എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഈ നിയമം പാര്‍ലമെന്റംഗങ്ങള്‍ അംഗീകരിച്ചാല്‍ ഈ വര്‍ഷം തന്നെ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രക്ഷിതാക്കളുടെ സമ്മതം ഉണ്ടെങ്കിലും നിയമ പ്രകാരം ഒരു ഇളവും ലഭിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കുട്ടികള്‍ സോഷ്യല്‍ മീഡിയയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിനുള്ള ഉത്തരവാദിത്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കായിരിക്കും. ഇക്കാര്യത്തില്‍ ഒരിക്കലും രക്ഷിതാക്കളോ കുട്ടികളോ ഉത്തരവാദികളായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി പരാമര്‍ശിച്ചു കൊണ്ടാണ് ആന്റണി ആല്‍ബനീസി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

ഈ വര്‍ഷം അവസാനത്തോടെ കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് തടയുന്ന നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. വെരിഫിക്കേഷന്‍ ടെക്നോളജി ട്രയല്‍ പൂര്‍ത്തിയായതിന് ശേഷം ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളിലേയ്ക്ക് സര്‍ക്കാര്‍ കടക്കും. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചു കഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയ ഭീമന്‍മാര്‍ക്ക് കുട്ടികളുടെ കാര്യത്തില്‍ പ്രായപരിധി കൊണ്ടുവരേണ്ടി വരും.

സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളില്‍ മുന്‍പന്തിയിലാണ് ഓസ്ട്രേലിയ. ഹാനികരമായ ചില പോസ്റ്റുകള്‍ ഇല്ലാതാക്കുന്നതില്‍ പ്ലാറ്റ്ഫോം പരാജയപ്പെട്ടുവെന്ന് ആരോപിച്ച് രാജ്യത്തെ ഓണ്‍ലൈന്‍ വാച്ച് ഡോഗ് ഇലോണ്‍ മസ്‌കിന്റെ എക്സുമായി കടുത്ത വാക്‌പോരിലായിരുന്നു. ഓണ്‍ലൈന്‍ സുരക്ഷാ ബാധ്യതകള്‍ ലംഘിച്ചതിന് ടെക് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള അധികാരങ്ങള്‍ വിശദീകരിക്കുന്ന ബില്ലും സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം അവതരിപ്പിച്ചു.

കുട്ടികളെ മാത്രം ലക്ഷ്യമിടുന്ന ഒരു വന്‍ സംഘം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നടുക്കുന്ന പല സംഭവങ്ങളാണ് ഓരോ ദിവസവും സമൂഹ മാധ്യമങ്ങള്‍ വഴി ഉണ്ടാകുന്നത്. ഇതോടെ പല ലോകരാജ്യങ്ങളും കുട്ടികളില്‍ ഇതിന്റെ ഉപയോഗം കുറയ്ക്കാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരാനുള്ള തീരുമാനത്തിലാണ്.

മാതാപിതാക്കളുടെ സമ്മതത്തോടെ കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാമെന്ന് ഫ്രാന്‍സില്‍ നിയമം ഉണ്ടെങ്കിലും 15 വയസിന് താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഫ്രാന്‍സ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.