നോർത്ത് ഡാലസ് സീറോ മലബാർ മിഷനെ വിശുദ്ധ മറിയം ത്രേസ്യാ മിഷനായി പ്രഖ്യാപിച്ചു

നോർത്ത് ഡാലസ് സീറോ മലബാർ മിഷനെ വിശുദ്ധ മറിയം ത്രേസ്യാ മിഷനായി പ്രഖ്യാപിച്ചു

ഫ്രിസ്കോ (ടെക്‌സാസ്): കൊപ്പേൽ സെന്റ്. അൽഫോൻസാ സീറോ മലബാർ ദേവാലയത്തിന്റെ ഏക്സ്റ്റന്ഷൻ സെന്ററായിരുന്ന നോർത്ത് ഡാലസിലെ സീറോ മലബാർ സഭാ മിഷനെ വിശുദ്ധ മറിയം ത്രേസ്യയുടെ നാമത്തിൽ മിഷൻ ദേവാലയമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച്‌ ഒരു വർഷം പൂർത്തിയായ വേളയിലായിരുന്നു ഈ പ്രഖ്യാപനം.
നവംബർ 3-ന് നടന്ന നാമകരണ ചടങ്ങിൽ വിശ്വാസികളെ സാക്ഷികളാക്കി കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട് നോർത്ത് ഡാലസ് സീറോ മലബാർ മിഷനെ വിശുദ്ധ മറിയം ത്രേസ്യാ മിഷനായി നാമകരണം ചെയ്ത രൂപതാധ്യക്ഷൻ മാർ. ജോയ് ആലപ്പാട്ടിന്റെ ഔദ്യോഗിക കൽപ്പന വായിച്ചു.

കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ടിനെ മിഷന്റെ പ്രഥമ ഡയറക്ടറായി രൂപതാധ്യക്ഷൻ നിയമിച്ചു. അതോടൊപ്പം മിഷന്റെ സഹ മധ്യസ്ഥരായി യുവജനങ്ങളുടെയും, കുട്ടികളുടെയും പ്രിയപ്പെട്ട വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിനെയും, നിത്യസഹായ മാതാവിനെയും തിരഞ്ഞെടുക്കുകയുണ്ടായി. ഡാലസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയ വികാരി ഫാ. ജെയിംസ് നിരപ്പേൽ, സെന്റ് അൽഫോൻസാ ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.

അംഗീകാരത്തോടൊപ്പം പുതിയ ഉത്തരവാദിത്വവും കടമയുമാണ് മിഷന് ലഭിച്ചിരിക്കുന്നതെന്നു ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട് വിശ്വാസികളെ ഓർമ്മിപ്പിച്ചു. റെനോ അലക്സ്, ബോസ് ഫിലിപ്പ് എന്നിവർ മിഷന്റെ പ്രഥമ കൈക്കാരൻമാരായി ചുമതയേറ്റു. വിശ്വാസ പരിശീലന സ്കൂളിന്റെ പ്രധാന അദ്ധ്യാപകൻ ആയി വിനു ആലപ്പാട്ടും, അക്കൗണ്ടന്റായി റോയ് വർഗീസും സേവനം അനുഷ്ഠിക്കുന്നു.