തീപിടിത്തമുണ്ടായി അഞ്ചു വര്‍ഷത്തിന് ശേഷം ആദ്യമായി നോട്രഡാം കത്തീഡ്രലില്‍ ചരിത്രപ്രസിദ്ധമായ മണികള്‍ മുഴങ്ങി

തീപിടിത്തമുണ്ടായി അഞ്ചു വര്‍ഷത്തിന് ശേഷം ആദ്യമായി നോട്രഡാം കത്തീഡ്രലില്‍ ചരിത്രപ്രസിദ്ധമായ മണികള്‍ മുഴങ്ങി

പാരീസ്: ഫ്രാന്‍സിലെ ചരിത്രപ്രസിദ്ധമായ നോട്രഡാം കത്തീഡ്രലില്‍ അഞ്ചു വര്‍ഷത്തിനു ശേഷം ആദ്യമായി മണികള്‍ മുഴങ്ങി. 2019 ഏപ്രിലിലുണ്ടായ തീപിടിത്തത്തിനുശേഷം ഇതാദ്യമായാണ് ഈ ഭീമന്‍ മണികള്‍ മുഴങ്ങിയത്.

കഴിഞ്ഞ ദിവസം രാവിലെ 10.30 നാണ് മണികള്‍ ഓരോന്നായി മുഴങ്ങിയത്. പിന്നീട് ഒരുമിച്ച് മുഴങ്ങുകയായിരുന്നു. ഡിസംബര്‍ എട്ടിന് കത്തീഡ്രലില്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും.

ദേവാലയ പുനരുദ്ധാരണത്തിന് ഒരുക്കമായുള്ള ടെസ്റ്റിംഗ് ആണ് നടത്തിയതെന്നും ആദ്യ ടെസ്റ്റ് വിജയമായിരുന്നുവെന്നും മണികളുടെ പുനഃസ്ഥാപനത്തിന്റെ ചുമതലയുള്ള അലക്‌സാണ്ടര്‍ ഗൗജിന്‍ പറഞ്ഞു. മനോഹരവും പ്രധാനപ്പെട്ടതുമായ ചുവടുവെപ്പാണ് ഇതെന്ന് കത്തീഡ്രല്‍ പുനഃസ്ഥാപിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള പൊതു സ്ഥാപന മേധാവി ഫിലിപ്പ് ജോസ്റ്റ് പറഞ്ഞു. 'ഗബ്രിയേല്‍' എന്ന് വിളിക്കപ്പെടുന്ന ഏറ്റവും ഭാരമേറിയ മണിക്ക് നാല് ടണ്ണിലധികം ഭാരമുണ്ട്. ഏറ്റവും ഭാരം കുറഞ്ഞ മണി 'ജീന്‍-മേരി' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിന് 800 കിലോഗ്രാമാണ് ഭാരം.

2019 ഏപ്രില്‍ 15നാണ് ലോകത്തെയാകെ ഞെട്ടിച്ച് 850 വര്‍ഷങ്ങളുടെ പഴക്കമുള്ള നോട്രഡാം കത്തീഡ്രലില്‍ തീപിടിത്തമുണ്ടായത്. കത്തീഡ്രലിന്റെ മേല്‍ക്കൂരയും ഗോപുരവും തീപിടിത്തത്തില്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. ദേവാലയം അഗ്‌നിക്കിരയായതിനെ തുടര്‍ന്ന് സങ്കടത്തിലായ ഫ്രഞ്ച് ജനതയുടെ ദുഃഖത്തില്‍ ഫ്രാന്‍സിസ് പാപ്പ അടക്കമുള്ള ലോക നേതാക്കള്‍ പങ്കുചേര്‍ന്നിരിന്നു

തീപിടിത്തം അപകടമാണോ എന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ വൈദ്യുതി തകരാര്‍ മൂലമാണെന്നാണ് നിഗമനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കത്തീഡ്രല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ പുനര്‍നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിനും 14-ാം നൂറ്റാണ്ടിനും ഇടയിലാണ് അമൂല്യമായ കലാസൃഷ്ടികള്‍ നിറഞ്ഞ നോട്രഡാം കത്തീഡ്രല്‍ നിര്‍മിച്ചത്. ദൈവാലയത്തിന്റെ ഗോപുരം 13-ാം നൂറ്റാണ്ടില്‍ പൂര്‍ത്തിയായെങ്കിലും കേടുപാടുകള്‍ കാരണം 19-ാം നൂറ്റാണ്ടില്‍ അത് മാറ്റിസ്ഥാപിച്ചു.

ഫ്രഞ്ച് ഗോഥിക് നിര്‍മാണ ശൈലിയുടെ ഏറ്റവും മഹത്തായ ഉദാഹരണമാണ് നോട്രഡാം പള്ളി.
ഏകദേശം ഇരുന്നൂറ് വര്‍ഷം കൊണ്ടാണ് കത്തീഡ്രല്‍ പണികഴിപ്പിച്ചത്. പാരീസിന്റെയും ഫ്രാന്‍സിന്റെയും ഒരു പ്രധാന അടയാളമാണിത്.

വിശുദ്ധ തിരുശേഷിപ്പുകള്‍ക്ക് പുറമെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി അമൂല്യ കലാവസ്തുക്കളും പെയിന്റിങ്ങുകളും കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്നു. യേശുവിനെ തൂക്കിലേറ്റിയ കുരിശിന്റെ ഭാഗം, കുരിശില്‍ തറയ്ക്കാനുപയോഗിച്ച ആണികളില്‍ ഒന്ന്, യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചപ്പോള്‍ തലയില്‍ ധരിപ്പിച്ച മുള്‍ക്കിരീടത്തിന്റെ ഭാഗം തുടങ്ങിയ വിശുദ്ധ വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.