സിംഗപ്പൂര്‍: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ കത്തോലിക്ക വൈദികനു കുത്തേറ്റു. സിംഗപ്പൂരിലെ ബുക്കിറ്റ് തിമയില്‍ സെന്റ് ജോസഫ് കത്തീഡ്രലിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ഇടവക വികാരിയായ ഫാ. ക്രിസ്റ്റഫര്‍ ലീ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ ഒരാള്‍ കൈയില്‍ കത്തിയുമായി ദേവാലയത്തിലെത്തി ആക്രമിക്കുകയായിരുന്നു. അക്രമിയെ ഇടവകാംഗങ്ങള്‍ പിടികൂടി സിംഗപ്പൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.
പുരോഹിതന്‍ ഇപ്പോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് സിംഗപ്പൂരിലെ കത്തോലിക്കാ സഭ അറിയിച്ചു.
ഗുരുതരമായ ആക്രമണത്തിനും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും കുറ്റം ചുമത്തി അക്രമിയെ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. 37 വയസുകാരനായ പ്രതി ഒറ്റയ്ക്കാണ് എത്തിയതെന്നും ആക്രമണം തീവ്രവാദപ്രവര്‍ത്തനമല്ലെന്നുമാണ് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ അനുമാനം.
സിംഗപ്പൂരിലെ ഇന്റര്‍ഫെയ്ത്ത് ഓര്‍ഗനൈസേഷന്‍ ആക്രമണത്തെ അപലപിച്ചു. പ്രധാനമന്ത്രി ലോറന്‍സ് വോങ് ശാന്തത പാലിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. 'രാജ്യത്ത് അക്രമത്തിന് സ്ഥാനമില്ല. എല്ലാവരും യോജിപ്പിലും സഹിഷ്ണുതയിലും പരസ്പരം പിന്തുണയ്ക്കണം' - പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
ഇടവകയിലെ കുട്ടികളുടെ പ്രതിമാസ കുര്‍ബാനയ്ക്കിടെയാണ് ആക്രമണം നടന്നത്. നിരവധി കുട്ടികള്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നു. ആക്രമണം കണ്ടുനിന്ന കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരെയും ഞെട്ടിച്ചു.
ആക്രമണത്തെ കത്തോലിക്കാ സഭയും ശക്തമായി അപലപിച്ചു. ആരാധനാലയത്തിന്റെ വിശുദ്ധ സ്ഥലത്ത് ഫാ. ലീക്കെതിരെ നടന്ന ആക്രമണം ഏറെ ഞെട്ടലുണ്ടാക്കുന്നതാണെന്ന് സിംഗപ്പൂര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ വില്യം ഗോ പറഞ്ഞു. ആക്രമണത്തിന് ദൃക്സാക്ഷികളായവരില്‍, പ്രത്യേകിച്ച് കുട്ടികളില്‍ ഈ സംഭവം ഉണ്ടാക്കിയേക്കാവുന്ന വൈകാരികമായ ആഘാതം വലുതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമുക്ക് വിധി പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാമെന്നും കര്‍ദിനാള്‍ ഗോ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.