ഓസ്‌ട്രേലിയയില്‍ ജനനനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയില്‍; സര്‍ക്കാര്‍ പുതിയ നയങ്ങള്‍ രൂപീകരിക്കണമെന്ന് ആവശ്യമുയരുന്നു

ഓസ്‌ട്രേലിയയില്‍ ജനനനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയില്‍; സര്‍ക്കാര്‍ പുതിയ നയങ്ങള്‍ രൂപീകരിക്കണമെന്ന് ആവശ്യമുയരുന്നു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ജനനനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതായി സെന്റര്‍ ഫോര്‍ പോപ്പുലേഷന്റെ റിപ്പോര്‍ട്ട്. കുതിച്ചുയരുന്ന ജീവിതച്ചെലവ് മൂലം കുഞ്ഞുങ്ങള്‍ ജനിക്കുന്നത് താമസിപ്പിക്കുകയോ വേണ്ടെന്നു വയ്ക്കുകയോ ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം വര്‍ധിച്ചതായി സര്‍ക്കാര്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. കുടുംബമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പുതിയ നയങ്ങള്‍ രൂപീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ജനസംഖ്യയെക്കുറിച്ച് സംസ്ഥാന-ഫെഡറല്‍ ഗവണ്‍മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കുന്ന ഏജന്‍സിയാണ് സെന്റര്‍ ഫോര്‍ പോപ്പുലേഷന്‍. ഭവനപ്രതിസന്ധാണ് ചെറുപ്പക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഉയര്‍ന്ന വീട്ടുവാടകയും അനുബന്ധ ചെലവുകളും മൂലം, കുട്ടികളെ ആഗ്രഹിക്കുന്നവര്‍ പോലും വേണ്ടെന്നു വയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത്തരത്തില്‍ തീരുമാനമെടുക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2030-കളോടെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ജനനനിരക്ക് കുറയുന്നത് ഒരു രാജ്യത്തിന് സാമൂഹികവും സാമ്പത്തികവുമായും വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കും.

2007 മുതല്‍ ഓസ്‌ട്രേലിയയിലെ മധ്യവര്‍ഗ തൊഴിലാളി കുടുംബങ്ങളുടെ ജീവിതച്ചെലവ് 55 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ ശരാശരി വേതനം 70 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഭവനങ്ങളുടെ മൂല്യം എന്നത്തേക്കാളും വേഗത്തിലാണ് ഉയര്‍ന്നത് - അതായത് 150 ശതമാനത്തോളം. സാധാരണക്കാര്‍ക്ക് വീടോ അപ്പാര്‍ട്ട്‌മെന്റോ വാങ്ങുന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറി.

ഈ ജനസംഖ്യാപരമായ മാറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ ആഴമേറിയതും ദൂരവ്യാപകവുമാണെന്ന് ഗവേഷകര്‍ പറയുന്നു. ഇത് ആരോഗ്യ സംരക്ഷണം, തൊഴില്‍ മേഖല, സാമൂഹിക ക്ഷേമ സംവിധാനങ്ങള്‍, സാമ്പത്തിക വളര്‍ച്ച എന്നിവയുള്‍പ്പെടെ വിവിധ മേഖലകള്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26