അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിക്കപ്പെട്ട അമേരിക്കന്‍ എം4 റൈഫിളുകള്‍ ജമ്മു കാശ്മീരിലെ ഭീകരരുടെ കൈയില്‍; പിന്നില്‍ ഐഎസ്‌ഐ എന്ന് സംശയം

അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിക്കപ്പെട്ട അമേരിക്കന്‍ എം4 റൈഫിളുകള്‍ ജമ്മു കാശ്മീരിലെ ഭീകരരുടെ കൈയില്‍; പിന്നില്‍ ഐഎസ്‌ഐ എന്ന് സംശയം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്നൂരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരരില്‍ നിന്ന് അമേരിക്കന്‍ നിര്‍മിത എം4 റൈഫിളുകള്‍ കണ്ടെടുത്തത് സുരക്ഷാ സേനയെ ഞെട്ടിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുമ്പോള്‍ ഉപേക്ഷിച്ച ഈ മാരക റൈഫിളുകളാണ് ജമ്മു കാശ്മീരിലെ തീവ്രവാദികളിലേക്ക് എത്തിപ്പെട്ടത്.

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളില്‍ വരെ തുളച്ചു കയറാന്‍ ശേഷിയുള്ള ഈ ആയുധങ്ങള്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്ന ഭീകരര്‍ക്ക് നല്‍കുന്നുണ്ടെന്നാണ് സംശയം.

അതിര്‍ത്തി കടക്കുന്ന മിക്കവാറും എല്ലാ തീവ്രവാദികളും എ.കെ 47 റൈഫിളുകളും എം4 കാര്‍ബൈനുകളും കൈവശം വച്ചിരുന്നതായി സേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇത് സുരക്ഷാ സേനയ്ക്ക് വന്‍ നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.

2017 ല്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ അനന്തരവന്‍ തല്‍ഹ റാഷിദ് മസൂദിനെ പുല്‍വാമയില്‍ സുരക്ഷാ സേന വധിച്ചപ്പോഴാണ് എം4 റൈഫിള്‍ ആദ്യമായി കാണുന്നത്. അതിന് ശേഷം, കത്വ, റിയാസി, പൂഞ്ച്, രജൗരി എന്നിവിടങ്ങളിലെ ആക്രമണങ്ങള്‍ ഉള്‍പ്പെടെ നിരവധി സംഭവങ്ങളില്‍ ഭീകരര്‍ എം4 റൈഫിളുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

എം4 കാര്‍ബൈന്‍ ഭാരം കുറഞ്ഞതും ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതും എയര്‍ കൂള്‍ഡ് മാഗസിന്‍ നല്‍കുന്നതുമായ അസാള്‍ട്ട് റൈഫിളാണ്. മിനിറ്റില്‍ 700 മുതല്‍ 900 റൗണ്ടുകള്‍ വരെ വെടിയുണ്ടകള്‍ പായിക്കാന്‍ കഴിവുള്ള എം4 ന് കുറഞ്ഞത് 500-600 മീറ്ററും പരമാവധി റേഞ്ച് 3,600 മീറ്ററുമാണ്.

ജമ്മു കാശ്മീരില്‍ ഭീകരര്‍ ഈ മാരക ആക്രമണ റൈഫിള്‍ പതിവായി ഉപയോഗിക്കുന്നുണ്ടെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. 2021 ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സേനയെ പിന്‍വലിച്ചപ്പോള്‍ 300,000 ചെറു ആയുധങ്ങളും ആയിരക്കണക്കിന് എം4 റൈഫിളുകളും ഉള്‍പ്പെടെയുള്ള സൈനിക ഉപകരണങ്ങള്‍ സേന ഉപേക്ഷിച്ചിരുന്നു.

ഈ ആയുധങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്നീട് പാക്കിസ്ഥാനിലേക്ക് കടത്തി ജമ്മു കാശ്മീരിലെ തീവ്രവാദികളിലേക്ക് അവ എത്തിക്കുന്നു എന്നാണ് സേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.