വാഷിങ്ടൺ: നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസിൽ സ്വീകരിച്ച് ജോ ബൈഡൻ. 2025 ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം ഇരു നേതാക്കളും രാജ്യത്തിന് ഉറപ്പ് നൽകിയതായി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അധികാര കൈമാറ്റം സുഗമമാക്കുമെന്നും ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നും ബൈഡൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്താൻ ബൈഡൻ ട്രംപിനെ ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേ സമയം തൻ്റെ അറ്റോർണി ജനറലായി ഫ്ലോറിഡയിലെ ജന പ്രതിനിധി മാറ്റ് ഗെയ്റ്റ്സിനെ ട്രംപ് തിരഞ്ഞെടുത്തു. നീതിന്യായ വകുപ്പിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ട്രംപ് ആഗ്രഹിക്കുന്നെന്നും അതിനാലാണ് ഗെയ്റ്റ്സിനെ കൊണ്ടുവന്നതെന്നും ട്രംപുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
ഫ്ലോറിഡയിലെ സെനറ്റർ മാർക്കോ റൂബിയോയെ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്കും തിരഞ്ഞെടുത്തതായും ട്രംപ് അറിയിച്ചു. കൂടാതെ തൻ്റെ ദേശീയ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കാൻ കോൺഗ്രസിൻ്റെ മുൻ ഡെമോക്രാറ്റിക് അംഗമായിരുന്ന തുൾസി ഗബ്ബാർഡിനെയും തിരഞ്ഞെടുത്തു.
സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) മേധാവിയായി ജോൺ റാറ്റ്ക്ലിഫ്, ഇസ്രയേലിലേക്കുള്ള അംബാസഡറായി അർകെൻസ മുൻ ഗവർണർ മൈക്ക് ഹക്കബി, പശ്ചിമേഷ്യ പ്രത്യേക പ്രതിനിധിയായി സ്റ്റീവൻ വിറ്റ്കോഫ്, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോം എന്നിവരുടെയും നിയമനം പ്രഖ്യാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.