'വയനാട് എന്ന സ്വര്‍ഗം വിട്ട് ഡല്‍ഹി എന്ന ഗ്യാസ് ചേമ്പറിലേക്ക്'; രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി

'വയനാട് എന്ന സ്വര്‍ഗം വിട്ട് ഡല്‍ഹി എന്ന ഗ്യാസ് ചേമ്പറിലേക്ക്'; രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ശുദ്ധ വായു സമൃദ്ധമായുള്ള വയനാട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറില്‍ കയറുന്നതു പോലെയാണെന്ന് പ്രിയങ്ക ഗാന്ധി. അതിരൂക്ഷമായ വായു മലിനീകരണത്തെ തുടര്‍ന്ന് രണ്ട് ദിവസമായി പുകമഞ്ഞിന്റെ പിടിയിലായ ഡല്‍ഹിയുടെ അവസ്ഥ ചൂണ്ടികാട്ടിയായിരുന്നു പ്രിയങ്കയുടെ എക്‌സ് പോസ്റ്റ്.

'ശുദ്ധമായ വായുവും എക്യുഐ 35 ഉം ഉള്ള വയനാട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറില്‍ കയറുന്നത് പോലെയായിരുന്നു. അന്തരീക്ഷത്തില്‍ പുതപ്പ് പോലെ മൂടി നില്‍ക്കുന്ന പുകമഞ്ഞിന്റെ കാഴ്ച ഞെട്ടിക്കുന്നതാണ്.

ഡല്‍ഹിയിലെ വായു മലിനീകരണം ഓരോ വര്‍ഷവും മോശമായിക്കൊണ്ടിരിക്കുകയാണ്. ഇതിനുള്ള ഒരു പരിഹാരം നമ്മള്‍ എല്ലാവരും ഒത്തുചേര്‍ന്ന് നിന്ന് കണ്ടെത്തണം. വിഷയം രാഷ്ട്രീയത്തിനപ്പുറമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഇത് അപ്രായോഗികമാണ്. ഇതിന് നമ്മള്‍ എന്തെങ്കിലും ചെയ്തേ മതിയാകൂ' എന്നായിരുന്നു പ്രിയങ്കയുടെ എക്‌സ് പോസ്റ്റ്.

ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചികയുടെ ശരാശരി 452 ആയി ഉയര്‍ന്നിരിക്കയാണ്. 24 മണിക്കൂറിലെ വായു ഗുണനിലവാര സൂചികയുടെ ശരാശരി 418 ആണ്. ഇതാണ് 452 ആയി ഉയര്‍ന്നത്. ചൊവ്വാഴ്ച വൈകുന്നേരം വരെ 334 ആയിരുന്ന ഗുണനിലവാരമാണ് പൊടുന്നനെ അതീവ ഗുരുതര വിഭാഗത്തിലേക്ക് മാറിയത്.

കഴിഞ്ഞ രണ്ടാഴ്ചയായി മലിനീകരണം രൂക്ഷമായി തന്നെ തുടരുകയുമാണ്. കടുത്ത പുകമഞ്ഞില്‍ ദൃശ്യപരിധി കുറഞ്ഞതോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇരുന്നൂറിലേറെ വിമാന സര്‍വീസുകള്‍ വൈകി.

ഒട്ടേറെ നടപടികള്‍ക്ക് ശേഷവും മലിനീകരണം കുതിച്ചുയര്‍ന്നതോടെ ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അടിയന്തര യോഗം വിളിച്ചു. ഡല്‍ഹിയില്‍ വാഹന നിയന്ത്രണം അടക്കമുള്ള നടപടികളിലേക്ക് കടന്നേക്കും എന്നാണ് സൂചന. കഴിഞ്ഞ ദിവസം വായു മലിനീകരണ വിഷയത്തില്‍ സുപ്രീം കോടതി ഡല്‍ഹി സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.