ഇനി അഞ്ചു ദിവസങ്ങള്‍ മാത്രം; കൂദാശയ്ക്കായി അവസാനവട്ട ഒരുക്കങ്ങളില്‍ മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍

ഇനി അഞ്ചു ദിവസങ്ങള്‍ മാത്രം; കൂദാശയ്ക്കായി അവസാനവട്ട ഒരുക്കങ്ങളില്‍ മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍

മെല്‍ബണ്‍: കൂദാശാ കര്‍മ്മത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍. ഇനി അഞ്ചു ദിവസങ്ങള്‍ മാത്രമാണ് വിശ്വാസികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ ചടങ്ങിന് ബാക്കിയുള്ളത്. ചടങ്ങുകള്‍ക്കായി മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് 22-ന് തന്നെ മെല്‍ബണില്‍ എത്തിച്ചേരും.

നവംബര്‍ 23-ന് നടക്കുന്ന കൂദാശാ കര്‍മ്മങ്ങളുടെ മുഖ്യകാര്‍മ്മികത്വം സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ വഹിക്കും. മെല്‍ബണ്‍ രൂപതയുടെ ആദ്യ മെത്രാനായിരുന്ന മാര്‍ ബോസ്‌കോ പുത്തൂര്‍, ഇപ്പോഴത്തെ രൂപതാധ്യക്ഷനായ മാര്‍ ജോണ്‍ പനംതോട്ടത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിക്കും. ഓസ്‌ട്രേലിയയില്‍ നിന്നും വിദേശത്ത് നിന്നുമുള്ള നിരവധി മെത്രാന്മാര്‍, വൈദികര്‍, രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

കത്തീഡ്രല്‍ പള്ളിക്കകത്ത് അവസാനവട്ട മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പള്ളിയങ്കണത്തില്‍ കല്‍ക്കുരിശും കൊടി മരവും സ്ഥാപിച്ചു.

കണ്‍വീനര്‍ ഷിജി തോമസിന്റെയും കൈക്കാരന്മാരായ ആന്റോ അവരപ്പാട്ടിന്റെയും ക്ലീറ്റസ് ചാക്കോയുടെയും മറ്റു കമ്മറ്റി അംഗങ്ങളുടെയും നേത്യത്വത്തില്‍ നടക്കുന്ന വര്‍ക്കിങ് 'ബി' യിലേക്ക് ഇടവകാംഗങ്ങള്‍ എല്ലാവരും തങ്ങളാല്‍ കഴിയുംവിധം സഹായങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു എന്നുള്ളത് പ്രശംസാര്‍ഹമാണ്.

നമ്മുടെ ആരാധനാ ക്രമത്തിലെ അവസാന കാലമായ പള്ളിക്കൂദാശാ കാലത്തില്‍ തന്നെ നമ്മുടെ ദേവാലയത്തിന്റെ കൂദാശ നടക്കുന്നത് വളരെ ശ്രദ്ധേയവും അനുഗ്രഹദായകവുമാണെന്ന് കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍ പറഞ്ഞു.

സ്വന്തമായ ഒരു ദേവാലയം എന്ന കത്തീഡ്രല്‍ ഇടവാകാംഗങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രാര്‍ഥനകളുടെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയിലാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയം കൂദാശയ്ക്കായി ഒരുങ്ങുന്നത്.

മെല്‍ബണ്‍ സിറ്റിയില്‍ നിന്നും മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും അധികം ദൂരത്തിലല്ലാതെ, എപ്പിങ്ങില്‍ ഹ്യൂം ഫ്രീവേക്ക് സമീപം 53 മക്കെല്ലാര്‍ വേയില്‍, ഇടവക സ്വന്തമാക്കിയ 3 ഏക്കറോളം വരുന്ന സ്ഥലത്താണ് ദേവാലയം പണി പൂര്‍ത്തിയായിരിക്കുന്നത്. 1711 സ്‌ക്വയര്‍ മീറ്ററില്‍ പൗരസ്ത്യ പാരമ്പര്യ തനിമയോടെ അതിമനോഹരമായാണ് കത്തീഡ്രല്‍ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്. ബാല്‍ക്കണിയും കൈകുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ക്കുള്ള മുറിയും ഉള്‍പ്പെടെ 1000 ത്തോളം പേര്‍ക്ക് ഒരേസമയം തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യം കത്തീഡ്രലില്‍ ഉണ്ടായിരിക്കും.

പള്ളിയുടെ ഭാഗമായി തന്നെ നൂറോളം പേര്‍ക്കിരിക്കാവുന്ന ചാപ്പലും 150 ഓളം കാര്‍ പാര്‍ക്കിങ്ങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്വാസ പരിശീലനത്തിനു വേണ്ടിയുള്ള ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും ദേവാലയത്തോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്. സ്‌റ്റേജും 500 ഓളം പേര്‍ക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളും അടുക്കളയുമുള്ള പാരീഷ് ഹാളും നിര്‍മ്മാണം പൂര്‍ത്തിയാക്കി 2022 നവംബറില്‍ വെഞ്ചിരിച്ചിരുന്നു.

2013 ഡിസംബര്‍ 23 നാണ് മെല്‍ബണ്‍ ആസ്ഥാനമായും മെല്‍ബണ്‍ നോര്‍ത്ത് ഇടവക രൂപതയുടെ കത്തീഡ്രലായും പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ, ഇന്ത്യക്ക് പുറത്തെ രണ്ടാമത്തെ സിറോ മലബാര്‍ രൂപതയായി മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപത പ്രഖ്യാപിച്ചത്. രൂപതാ സ്ഥാപനത്തിന്റെ 10-ാം വാര്‍ഷിക വേളയിലാണ് മെല്‍ബണ്‍ സിറോ മലബാര്‍ രൂപത കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ഇടവക സമൂഹങ്ങളുടെയും സ്വപ്നമായിരുന്ന കത്തീഡ്രല്‍ ദേവാലയം പൂര്‍ത്തീകരിക്കപ്പെടുന്നത്. 550 ഓളം കുടുംബങ്ങളുള്ള കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസീ സമൂഹത്തിന്റെ കഴിഞ്ഞ 15 വര്‍ഷങ്ങളായുള്ള പ്രാര്‍ഥനയുടെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയം.

തയാറാക്കിയത്:

ഡെന്‍സി ബിജോയ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.