ഫോണ്‍ ബാറ്ററിക്ക് തീ പിടിച്ചു; പറന്നുയരുന്നതിന് തൊട്ടുമുമ്പ് വിമാനത്തിനുള്ളില്‍ അഗ്നിബാധ; ഒഴിവായത് വന്‍ ദുരന്തം

ഫോണ്‍ ബാറ്ററിക്ക് തീ പിടിച്ചു; പറന്നുയരുന്നതിന് തൊട്ടുമുമ്പ് വിമാനത്തിനുള്ളില്‍ അഗ്നിബാധ; ഒഴിവായത് വന്‍ ദുരന്തം

ഡെന്‍വര്‍: നൂറിലേറെ യാത്രക്കാരുമായി പറന്നുയരുന്നതിന് തൊട്ടുമുമ്പ് വിമാനത്തിനുള്ളില്‍ തീപിടിച്ചു. ഒഴിവായത് വന്‍ ദുരന്തം. 108 യാത്രക്കാരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അമേരിക്കയിലെ ഡെന്‍വര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് വിമാനത്തിനുള്ളില്‍ അഗ്‌നിബാധയുണ്ടായത്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍ വിമാനത്തിലെ യാത്രക്കാരിലൊരാളുടെ കയ്യിലുണ്ടായിരുന്നു ഫോണിന്റെ ബാറ്ററിക്ക് തീ പിടിച്ചതിന് പിന്നാലെ ക്യാബിനില്‍ തീ പടരുകയായിരുന്നു.

ഡെന്‍വറില്‍ നിന്ന് ടെക്‌സാസിലെ ഹൂസ്റ്റണിലേക്ക് പുറപ്പെടാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടേക്ക് ഓഫ് അല്‍പം വൈകിയിരുന്നു. ക്യാബിനില്‍ തീ കണ്ടതോടെ ആളുകള്‍ ഭയന്ന് ബഹളം വയ്ക്കുകയും എമര്‍ജന്‍സി വാതിലിലൂടെ പലരും പുറത്തേക്ക് ചാടുകയും ചെയ്തു.

തീയെന്ന് നിലവിളിച്ച് ആളുകള്‍ കയ്യില്‍ കിട്ടിയ ബാഗുകള്‍ എടുക്കാന്‍ ശ്രമിക്കുകയും സീറ്റില്‍ നിന്ന് ഇറങ്ങിയോടുകയുമായിരുന്നുവെന്നുമാണ് യാത്രക്കാര്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നത്. ലിഥിയം ബാറ്ററിയുള്ള ഫോണ്‍ കയ്യിലുണ്ടായിരുന്ന യുവതിക്ക് വലത് കയ്യില്‍ കാര്യമായ പൊള്ളലേറ്റതൊഴിച്ചാല്‍ സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. പരിഭ്രാന്തരായ ആളുകളെ സമാധാനിപ്പിക്കാനുള്ള ക്രൂ അംഗങ്ങളുടെ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.

ക്യാബിനില്‍ കറുത്ത പുക കണ്ടെന്നും പിന്നാലെ തീ എന്നുള്ള യാത്രക്കാരുടെ ബഹളം മാത്രമാണ് ഓര്‍മ്മയുള്ളതെന്നുമാണ് യാത്രക്കാരില്‍ പലരും സംഭവത്തെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടേക്ക് ഓഫ് വൈകിയതാണ് ദുരന്തം ഒഴിവാകാന്‍ കാരണം. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് തീ പടര്‍ന്നിരുന്നതെങ്കില്‍ കാര്യങ്ങള്‍ മറ്റൊരു രീതിയിലായേനെയെന്നുമാണ് യാത്രക്കാര്‍ ആശ്വസിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.