മാര്‍ തോമാ ശ്ലീഹായുടെ ഭാരത പ്രവേശനം: അരുവിത്തുറ ഫൊറോനാ പള്ളിയില്‍ എക്യുമെനിക്കല്‍ തിരുനാള്‍

മാര്‍ തോമാ ശ്ലീഹായുടെ ഭാരത പ്രവേശനം: അരുവിത്തുറ ഫൊറോനാ പള്ളിയില്‍ എക്യുമെനിക്കല്‍ തിരുനാള്‍

അരുവിത്തുറ: മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാളിനോട് അനുബന്ധിച്ച് അരുവിത്തുറ മാര്‍ ഗീവര്‍ഗീസ് സഹദാ ഫൊറോനാ പള്ളിയില്‍ സീറോ മലബാര്‍ എക്യുമെനിക്കല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഓര്‍മ്മ ആചരണം സംഘടിപ്പിക്കുന്നു. നവംബര്‍ 21 നാണ് പ്രധാന തിരുനാള്‍ ദിനം. തിരുനാളിനോടനുബന്ധിച്ച് 20-ാം വൈകുന്നേരം ആറിന് സായാഹ്ന നമസ്‌കാരവും ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രാന്‍മാരുടെ സന്ദേശങ്ങളും അടങ്ങുന്ന കൂട്ടായ്മയും ഉണ്ടായിരിക്കും. കൂട്ടായ്മയ്ക്ക് സീറോ മലബാര്‍ സഭ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപതയുടെ അധ്യക്ഷനുമായ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മെത്രാന്‍ നേതൃത്വം വഹിക്കും.

ക്‌നാനായ യാക്കോബായ അതിഭദ്രാസന അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് കുറിയാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലങ്കര യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന അധ്യക്ഷന്‍ ബിഷപ് തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, കേരള കത്തോലിക്കാ മെത്രാന്‍ സമിതി എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനും സീറോ മലങ്കര സഭ പത്തനംതിട്ട ഭദ്രാസന അധ്യക്ഷനുമായ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയസ് എന്നീ മെത്രാന്മാരും പങ്കെടുക്കും.
കേരളത്തിലെ എല്ലാ എപ്പിസ്‌കോപ്പല്‍ സഭകളില്‍ നിന്നുമുള്ള പ്രതിനിധികളും വിശ്വാസികളും പങ്കെടുക്കുന്ന ഓര്‍മ്മയാചരണം 20 നൂറ്റാണ്ടിന് മുന്‍പുള്ള ഭാരതീയര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെയും 20 നൂറ്റാണ്ടിന്റെ പൈതൃകമുള്ള ക്രിസ്ത്യാനികളുടെ ഭാരതത്തിലെ സാന്നിധ്യത്തിന്റെയും സ്വാധീനത്തിന്റെയും ഓര്‍മ്മപ്പെടുത്തലുമായി മാറും.

സഭാ നവീകരണവും സമുദായ ശക്തീകരണവും ലക്ഷ്യമാക്കിയുള്ള സഭയുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ ഫോര്‍ എക്യുമെനിസം സംഘടിപ്പിക്കുന്ന ഓര്‍മ്മ ആചരണം. അരുവിത്തുറ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, അസിസ്റ്റന്റ് വികാരിമാര്‍, കൈക്കാരന്മാര്‍, എക്യുമെനിക്കല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. സിറില്‍ തോമസ് തയ്യില്‍ തുടങ്ങിയവരാണ് ഓര്‍മ്മ ആചരണത്തിന്റെ പ്രധാന സംഘാടകര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.