പ്രതിസന്ധികളും പരാജയങ്ങളും ലൗകിക യാഥാര്‍ഥ്യങ്ങളോടുള്ള ബന്ധനത്തില്‍നിന്ന് ഹൃദയങ്ങളെ വിമുക്തമാക്കുന്നു: ഫ്രാന്‍സിസ് പാപ്പ

പ്രതിസന്ധികളും പരാജയങ്ങളും ലൗകിക യാഥാര്‍ഥ്യങ്ങളോടുള്ള ബന്ധനത്തില്‍നിന്ന് ഹൃദയങ്ങളെ വിമുക്തമാക്കുന്നു: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: മരണം മൂലം നമ്മില്‍ നിന്ന് വേര്‍പെട്ടു പോയവരെ ഒരു ദിവസം ക്രിസ്തുവില്‍ നമുക്ക് വീണ്ടും കണ്ടുമുട്ടാനാകുമെന്ന പ്രത്യാശയുടെ സന്ദേശം നല്‍കി ഫ്രാന്‍സിസ് പാപ്പ. മരണമെന്നത് ഒരു പുതിയ ജീവിതത്തിന്റെ ആരംഭമാണ്. നാം പടുത്തുയര്‍ത്തിയതും സ്‌നേഹിച്ചതുമായ ഒന്നും നമുക്ക് നഷ്ടപ്പെടില്ല - പാപ്പാ കൂട്ടിച്ചേര്‍ത്തു.

ത്രികാല പ്രാര്‍ത്ഥനയോടനുബന്ധിച്ചുള്ള പ്രതിവാര പ്രബോധനം നല്‍കുകയായിരുന്നു പാപ്പ. ഞായറാഴ്ചത്തെ സുവിശേഷ വായനയില്‍ (മര്‍ക്കോസ് 13:24-32) നിന്നുള്ള '...സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരുകയില്ല' എന്ന വചനം ഉദ്ധരിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ സന്ദേശം ആരംഭിച്ചത്.

ലോകാവസാനത്തെക്കുറിച്ചുള്ള ഒരു സൂചനയാണ് ഇതെന്ന് തോന്നാമെങ്കിലും, വ്യത്യസ്തമായ ഒരു വ്യാഖ്യാനം കര്‍ത്താവ് ആ അവസരത്തില്‍ തന്നെ നല്‍കുന്നതായി സുവിശേഷത്തില്‍ നാം കാണുന്നു. 'ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല' (മര്‍ക്കോസ് 13 : 31) എന്ന ഈ വചനത്തിലൂടെ അവിടുന്ന് വ്യക്തമാക്കുന്നത് ഏതെല്ലാം കാര്യങ്ങള്‍ കടന്നുപോകും അല്ലെങ്കില്‍ എന്തെല്ലാം നിലനില്‍ക്കും എന്നതിനെപ്പറ്റിയാണ്. ഇതുതന്നെയാണ് ഇന്നത്തെ എന്റെ പ്രബോധന വിഷയവും - മാര്‍പാപ്പ പറഞ്ഞു.

എന്താണ് കടന്നുപോകുന്നത്?

കടന്നുപോകുന്ന കാര്യങ്ങളിലേക്കാണ് പാപ്പാ ആദ്യം ശ്രദ്ധ തിരിച്ചത്. നമ്മുടെ ജീവിതത്തിലെ ചില സാഹചര്യങ്ങളില്‍, അതായത്, ചില പ്രതിസന്ധികളുടെയും പരാജയങ്ങളുടെയും അവസരങ്ങളില്‍, എല്ലാം അവസാനിച്ചു എന്ന ഒരു പ്രതീതി നമുക്കുണ്ടായേക്കാം. ഏറ്റവും പ്രിയപ്പെട്ടവപോലും കടന്നുപോകുന്നതായി നമുക്ക് തോന്നിയേക്കാം. പ്രയാസപ്പെടുത്തുന്നവയാണെങ്കിലും, ഇപ്രകാരമുള്ള പ്രതിസന്ധികള്‍ വളരെ പ്രധാനപ്പെട്ടതുമാണ്. കാരണം, അര്‍ഹിക്കുന്ന പ്രാധാന്യം ഓരോ കാര്യത്തിനും നല്‍കാന്‍ അവ നമ്മെ പഠിപ്പിക്കുന്നു. കൂടാതെ, ലൗകിക യാഥാര്‍ത്ഥ്യങ്ങളോടുള്ള ബന്ധനത്തില്‍ നിന്ന് അവ നമ്മുടെ ഹൃദയങ്ങളെ വിമുക്തമാകുകയും ചെയ്യുന്നു.

എന്താണ് നിലനില്‍ക്കുന്നത്?

ഈ ലോകത്തിലുള്ള സമസ്തവും കടന്നുപോകുമെങ്കിലും യേശുവിന്റെ വചനങ്ങള്‍ നിത്യം നിലനില്‍ക്കും - മാര്‍പാപ്പ പറഞ്ഞു. ക്രിസ്തു നിത്യനായതിനാല്‍, അവനുള്ളവയും അങ്ങനെ തന്നെ. നമ്മുടെ ഭൗമിക അസ്തിത്വത്തില്‍ ഒരിക്കല്‍ നമ്മോടൊപ്പമുണ്ടായിരുന്ന എല്ലാവരെയും എല്ലാറ്റിനെയും ഒരു ദിവസം ക്രിസ്തുവില്‍ നാം വീണ്ടും കണ്ടെത്തും. എല്ലാം മരണത്തിന് വിധേയമാകും. നാമും ഒരു ദിവസം മരിക്കും. എങ്കിലും നാം പടുത്തുയര്‍ത്തിയതും സ്‌നേഹിച്ചതുമായ ഒന്നും നമുക്ക് നഷ്ടപ്പെടില്ല. കാരണം, മരണം പുതിയ ഒരു ജീവന്റെ ആരംഭമാണ്.

'കടന്നുപോകുന്ന ഭൗമിക വസ്തുക്കളോടുള്ള ബന്ധനത്തിലാണോ നാം കഴിയുന്നത്? എന്നും നിലനില്‍ക്കുന്നതും നമ്മെ നിത്യതയിലേക്ക് നയിക്കുന്നതുമായ കര്‍ത്താവിന്റെ വചനങ്ങളുമായി നമുക്ക് ബന്ധമുണ്ടോ? - ഈ ചോദ്യങ്ങള്‍ ഓരോരുത്തരും സ്വയം ചോദിക്കണമെന്ന് മാര്‍പാപ്പ പറഞ്ഞു. ഏതെല്ലാം കാര്യങ്ങളാണ് ജീവിതത്തില്‍ നാം വിലമതിക്കുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ശ്രോതാക്കളോട് ഒരിക്കല്‍ കൂടി ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ തന്റെ പ്രബോധനം അവസാനിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.