അമേരിക്കയില്‍ ഫെഡറല്‍ വധശിക്ഷ നിര്‍ത്തലാക്കാന്‍ നടപടിയെടുക്കണമെന്ന് ജോ ബൈഡനോട് അഭ്യര്‍ത്ഥിച്ച് കത്തോലിക്കാ സംഘടന

അമേരിക്കയില്‍ ഫെഡറല്‍ വധശിക്ഷ നിര്‍ത്തലാക്കാന്‍ നടപടിയെടുക്കണമെന്ന് ജോ ബൈഡനോട് അഭ്യര്‍ത്ഥിച്ച് കത്തോലിക്കാ സംഘടന

വാഷിങ്ടണ്‍: അമേരിക്കയില്‍ വധശിക്ഷ കാത്തുകഴിയുന്ന 40 പേരുടെ ശിക്ഷയില്‍ ഇളവ് വരുത്തണമെന്ന് പ്രസിഡന്റ് ജോ ബൈഡനോട് അഭ്യര്‍ത്ഥിച്ച് കത്തോലിക്കാ സംഘടനയായ കാത്തലിക് മൊബിലൈസിങ് നെറ്റ്വര്‍ക്ക് (സിഎംഎന്‍). ബൈഡന്റെ കാലാവധി അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അമേരിക്കയില്‍ ഫെഡറല്‍ വധശിക്ഷ നിര്‍ത്തലാക്കണമെന്ന് സിഎംഎന്‍ ഒരു അപ്പീലിലൂടെ ആവശ്യപ്പെട്ടത്.

വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ലോക രാജ്യങ്ങളോട് ഫ്രാന്‍സിസ് പാപ്പ പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നടപ്പാക്കുന്ന കൊലയെ ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാവില്ലെന്നും പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കാത്തലിക് മൊബിലൈസിങ് നെറ്റ്വര്‍ക്കിന്റെ അഭ്യര്‍ത്ഥന.

വധശിക്ഷയുമായി ബന്ധപ്പെട്ട കത്തോലിക്കാ സഭയുടെ പ്രബോധനം സ്വീകരിക്കാനും ഫെഡറല്‍ വധശിക്ഷയ്ക്ക് വിധേയരാകുന്ന 40 പേരുടെ ജീവന്‍ രക്ഷിക്കാനും കത്തോലിക്കനായ പ്രസിഡന്റ് ജോ ബൈഡന് സവിശേഷമായ അവസരമാണിതെന്ന് സിഎംഎന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ക്രിസാന്‍ വൈലന്‍കോര്‍ട്ട് മര്‍ഫി പറഞ്ഞു.

'വധശിക്ഷ ഇളവ് ചെയ്യുന്നതിനുള്ള നടപടിയെടുക്കാന്‍ പ്രസിഡന്റിന് ഭരണഘടനാപരമായ അധികാരമുണ്ട്. അത് അടിയന്തരമായി വിനിയോഗിക്കാനുള്ള നിമിഷത്തിലാണ് നാമിപ്പോള്‍' - അവര്‍ വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു.

വധശിക്ഷ സംബന്ധിച്ച സഭയുടെ മതബോധനത്തില്‍ പാപ്പ 2018-ല്‍ സുപ്രധാന മാറ്റം വരുത്തിയിരുന്നു. ചില സാഹചര്യങ്ങളില്‍ വധശിക്ഷ അനുവദനീയമാണെന്ന പ്രബോധനത്തിന് പകരം ഒരു സാഹചര്യത്തിലും വധശിക്ഷ അരുതെന്നാണ് പാപ്പ കൂട്ടിചേര്‍ത്തത്.

മനുഷ്യന്റെ അന്തസിനു നേര്‍ക്കുള്ള ആക്രമണമായിട്ടാണ് വധശിക്ഷയെ വേദോപദേശത്തില്‍ വിശേഷിപ്പിക്കുന്നത്. ആവശ്യമായ സാഹചര്യങ്ങളില്‍ മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്താന്‍ വധശിക്ഷയാവാം എന്ന വ്യാഖ്യാനം വേദോപദേശത്തില്‍ നിന്ന് എടുത്ത് മാറ്റി. വ്യക്തിയുടെ അന്തസിന് നേരെയുള്ള കടന്നാക്രമണമായിട്ടാണ് സഭ വധശിക്ഷയെ കാണുന്നത് എന്ന് വേദോപദേശത്തില്‍ എഴുതി ചേര്‍ക്കുകയും ചെയ്തു. ലോക വ്യാപകമായി വധശിക്ഷ ഇല്ലാതാക്കാന്‍ സഭ പ്രവര്‍ത്തിക്കണം എന്നും തെറ്റ് ചെയ്തവര്‍ക്ക് വീണ്ടെടുപ്പിന് വഴി ഒരുക്കണമെന്നും സഭ വ്യക്തമാക്കിയിരുന്നു.

2021 ജൂണില്‍, പ്രസിഡന്റ് ബൈഡന്‍ ഫെഡറല്‍ വധശിക്ഷകള്‍ക്ക് താല്‍ക്കാലിക മൊറട്ടോറിയം ഏര്‍പ്പെടുത്തി. എന്നാല്‍ ഇത് റദ്ദാക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാടെടുത്തിരുന്നു.

ജനുവരി അവസാനം അധികാരമേല്‍ക്കുന്ന പുതിയ പ്രസിഡന്റിന് വധശിക്ഷകള്‍ നടപ്പാക്കിയതിന്റെ ചരിത്രമുണ്ട്, അത് കൂടുതല്‍ വിപുലീകരിക്കാനും ശ്രമിക്കുന്നു. അതിനാല്‍ ഇത് അടിയന്തരമായി പ്രവര്‍ത്തിക്കേണ്ട ഘട്ടമാണ്' - ക്രിസാന്‍ വൈലന്‍കോര്‍ട്ട് മര്‍ഫി ഓര്‍മിപ്പിച്ചു.

'2025ലെ പ്രതീക്ഷയുടെ ജൂബിലി വര്‍ഷത്തിലേക്ക് നാം കടക്കുകയാണ്. ബൈബിള്‍ പാരമ്പര്യവുമായി ബന്ധപ്പെടുത്തിയാല്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാനും അടിച്ചമര്‍ത്തപ്പെട്ടവരെ സ്വതന്ത്രരാക്കാനും സമൂഹത്തിന്റെ സന്തുലിതാവസ്ഥ കൊണ്ടുവരാനുമുള്ള ചരിത്രപരമായ അവസരമാണിത്.

ഈ ഘട്ടത്തില്‍ പ്രസിഡന്റ് ബൈഡന്‍ നടപടി സ്വീകരിക്കുകയാണെങ്കില്‍, അത് അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടും പ്രതിധ്വനിക്കും. ഈ ചരിത്രപരമായ നീക്കം നടത്താന്‍ ഒരു കത്തോലിക്കാ പ്രസിഡന്റിന് ഏറ്റവും അനുയോജ്യമായ സമയമാണ് ജൂബിലി വര്‍ഷമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.