ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥി യുവാവ് ദേവാലയത്തിലെ അള്‍ത്താരയില്‍ അതിക്രമിച്ചു കയറി കന്യാമറിയത്തിന്റെ തിരുസ്വരൂപത്തില്‍ (ബ്ലാക്ക് മഡോണ) നിന്ന് വസ്ത്രങ്ങള്‍ വലിച്ചുകീറി. ഐന്‍സീഡെല്‍ന്‍ മൊണാസ്ട്രി കത്തോലിക്ക പള്ളിയിലാണ് ക്രൈസ്തവരെയാകെ ഞെട്ടിക്കുകയും അമ്പരിപ്പിക്കുകയും ചെയ്ത അപ്രതീക്ഷിത സംഭവമുണ്ടായത്. പള്ളിയിലെത്തിയ വിശ്വാസികളുടെ മുന്നിലാണ് 17 വയസുകാരന്‍
കാരുണ്യ ചാപ്പലില്‍ കയറി തിരുസ്വരൂപത്തെ പരസ്യമായി അവഹേളിച്ചത്. സംഭവത്തില്‍ ലോക വ്യാപക പ്രതിഷേധം ഉയരുകയാണ്. സമൂഹ മാധ്യമങ്ങളില്‍ അവഹേളനത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
കൗമാരക്കാരന്‍ മാതാവിന്റെ തിരുസ്വരൂപത്തിലെ കിരീടം എടുത്ത് സ്വന്തം തലയില്‍ ധരിക്കുകയും ചെങ്കോല്‍ വിശ്വാസികള്‍ക്കു നേരെ വീശുകയും ചെയ്തു. പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുന്നതുവരെ ഒരു സന്യാസിയും സന്ദര്‍ശകനും ചേര്‍ന്നാണ് പ്രതിയെ തടഞ്ഞുവച്ചത്. പതിനഞ്ചാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ പ്രതിമയ്ക്ക് കൗമാരക്കാരന്റെ പ്രവൃത്തി മൂലം ചെറിയ കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തിന് സാക്ഷിയായ നിരവധി വിശ്വാസികള്‍ക്ക് വൈകാരികമായി ഏറെ ബുദ്ധിമുട്ടുണ്ടായി.
അഫ്ഗാനിസ്ഥാനില്‍ നിന്ന് അഭയം തേടിയെത്തിയ കൗമാരക്കാരനെ നിരായുധനാക്കി സൈക്യാട്രിക് ക്ലിനിക്കിലേക്ക് കൊണ്ടുപോയി. കൗമാരക്കാരന്റെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ലെങ്കിലും സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൗമാരക്കാരനെതിരേ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
തിരുസ്വരൂപത്തെ അവഹേളിക്കുന്ന വീഡിയോ കണ്ടവര്‍ ഇത് കടുത്ത ദൈവദൂഷണം ആണെന്നും ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അഭിപ്രായപ്പെട്ടു സംഭവത്തില്‍ ക്രൈസ്തവസഭ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. 'ഇത് ഞങ്ങളുടെ വിശ്വാസത്തിനും മൂല്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണ്' എന്നാണ് സഭയുടെ വക്താവ് പറഞ്ഞത്. ഈ പ്രവൃത്തി ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ വികാരങ്ങളെ ആഴത്തില്‍ വ്രണപ്പെടുത്തി, മതപരമായ സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിന് ശക്തമായ നടപടികള്‍ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
'സ്വിറ്റ്‌സര്‍ലന്‍ഡ് സാംസ്‌കാരികവും മതപരവുമായ സൗഹാര്‍ദത്തെ വിലമതിക്കുന്നു, ഇതിനെതിരെയുള്ള ഇത്തരം പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കില്ല' - പോലീസ് ഉദ്യോഗസ്ഥന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തിരുസ്വരൂപം അതിന്റെ യഥാര്‍ത്ഥ നിലയിലേക്ക് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്ന പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ഐന്‍സിഡെല്‍ന്‍. 12-ാം നൂറ്റാണ്ടിലോ 13-ാം നൂറ്റാണ്ടിലോ ആണ് ആശ്രമത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ഫ്രഞ്ച് ഭരണകാലത്ത് ആശ്രമം കൊള്ളയടിക്കപ്പെട്ടിരുന്നു. എന്നാല്‍ തീര്‍ത്ഥാടനം വീണ്ടും പുനരുജ്ജീവിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.