പെര്‍ത്തില്‍ ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് പതിച്ച് അമ്പയര്‍ക്ക് ഗുരുതര പരിക്ക്

പെര്‍ത്തില്‍ ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് പതിച്ച് അമ്പയര്‍ക്ക് ഗുരുതര പരിക്ക്

പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ പന്ത് കൊണ്ട് മുഖത്ത് പരിക്കേറ്റ അമ്പയര്‍ ആശുപത്രിയില്‍. ബാറ്ററുടെ സ്‌ട്രെയിറ്റ് ഡ്രൈവില്‍ പന്ത് അമ്പയറുടെ മുഖത്ത് നേരെ പതിക്കുകയായിരുന്നു. ഇതോടെ ഗുരുതരമായി പരിക്കേറ്റ ടോണി ഡി നോബ്രെഗ ആശുപത്രിയിലായി. വെസ്റ്റ് ഓസ്‌ട്രേലിയന്‍ സബര്‍ബന്‍ ടര്‍ഫ് ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.

നോര്‍ത്ത് പെര്‍ത്ത്-വെബ്ലി ഡിസ്ട്രിക്റ്റ് മത്സരം നിയന്ത്രിക്കുകയായിരുന്നു ടോണി. ബാറ്റര്‍ അടിച്ച പന്ത് മുഖത്ത് കൊണ്ടതിന് പിന്നാലെ ആളെ പോലും തിരിച്ചറിയാന്‍ കഴിയാത്ത അത്ര മാറ്റമാണ് ഉണ്ടായിരിക്കുന്നത്. കണ്ണും ചുണ്ടും ചുവന്ന് വീങ്ങിയെങ്കിലും അദ്ദേഹത്തിന്റെ എല്ലുകള്‍ക്ക് പൊട്ടലില്ലെന്നും ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

അദ്ദേഹമിപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു. അമ്പയര്‍മാര്‍ ഇപ്പോള്‍ സാധാരണയായി സുരക്ഷാ കവചങ്ങള്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഈ മത്സരത്തില്‍ ടോണി ഇത് ഉപയോഗിച്ചോ എന്ന കാര്യം വ്യക്തമല്ല. അദ്ദേഹത്തിന്റെ ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നു.

ഇതാദ്യമായിട്ടില്ല ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവുന്നത്. 2019ല്‍ വെയില്‍സില്‍ നടന്ന ഒരു പ്രാദേശിക മത്സരത്തിനിടെ പന്ത് തട്ടി 80-കാരനായ ജോണ്‍ വില്യംസ് എന്ന അമ്പയര്‍ മരിച്ചിരുന്നു.

ഏറ്റവും പുതിയ സംഭവത്തോടെ കളത്തില്‍ താരങ്ങള്‍ക്കൊപ്പം തന്നെ അമ്പയര്‍മാരുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.