കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. പൊലീസ് റിപ്പോര്‍ട്ട് തളളിയ ഹൈക്കോടതി പ്രസംഗത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു.
അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ അന്തിമ റിപ്പാര്‍ട്ടും അത് സ്വീകരിച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവും റദ്ദാക്കി. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സംഭവത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടായെന്നും സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തണമെന്നും നിര്‍ദേശിച്ചു.
ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പേ അന്വേഷണ ഉദ്യോഗസ്ഥന്‍ ഫൈനല്‍ റിപ്പാര്‍ട്ട് സമര്‍പ്പിച്ചു. സാക്ഷികളായ മാധ്യമ പ്രവര്‍ത്തകരുടെ മൊഴി എടുക്കാത്തതും തെറ്റാണ്. അന്വേഷണം ധൃതി പിടിച്ചാണ് പൂര്‍ത്തീകരിച്ചതെന്നും കോടതി പറഞ്ഞു.
എന്ത് സാഹചര്യത്തിലാണ് കുന്തം, കൂടചക്രം എന്നുള്ള വാക്ക് ഉപയോഗിച്ചതെന്ന് പരിശോധിക്കണം. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കണം.
പ്രസംഗം കേട്ടവരുടെ മനസില്‍ ഭരണഘടനക്കെതിരെ അവമതിപ്പ് ഉണ്ടാക്കിയോ എന്നും അറിയേണ്ടതാണ്. അന്വേഷണം കാല താമസം ഇല്ലാതെ തീര്‍പ്പാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്ന് രാജി വയ്‌ക്കേണ്ടി വന്ന സജി ചെറിയാന്‍ പിന്നീട് തിരിച്ചു വരികയും ചെയ്തിരുന്നു.
കേസില്‍ ക്ലീന്‍ചിറ്റ് നല്‍കിയ പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ച് സജി ചെറിയാനെ മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തും സിബിഐ അന്വേഷണമാവശ്യപ്പെട്ടും അഡ്വ. എം. ബൈജു നോയലാണ് ഹൈക്കോടതിയെ സമീപിച്ചത്.
നാഷണല്‍ ഓണര്‍ ആക്ടിന്റെ 2003 ലെ ഭേദഗതി പ്രകാരം, പ്രസംഗത്തിലെ ചില വാചകങ്ങള്‍ ഭരണഘടനയോടുള്ള അനാദരമായി കരുതാമെന്ന് കോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.