വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പമാരുടെ മൃതസംസ്‌കാര ചടങ്ങുകള്‍ ഏറ്റവും ലളിതമാക്കാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം ഉള്‍പ്പെടെ പാപ്പമാരുടെ മൃതസംസ്‌കാര ചടങ്ങുകള്‍ക്കായുള്ള പുസ്തകത്തിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി. ഫ്രാന്‍സിസ് പാപ്പ അംഗീകാരം നല്‍കിയതിനെത്തുടര്‍ന്നാണ് പതിപ്പ് പുറത്തിറക്കിയത്. കഴിഞ്ഞ നവംബര്‍ നാലിന് ഇതിന്റെ പ്രഥമ കോപ്പി ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചുവെന്ന് ആരാധനാക്രമ ചടങ്ങുകള്‍ക്കായുള്ള വത്തിക്കാനിലെ ഓഫീസ് അറിയിച്ചു.
1998-ല്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ച പാപ്പമാരുടെ മൃതസംസ്‌കാര ചടങ്ങുകള്‍ക്കായുള്ള പുസ്തകത്തിന്റെ നവീകരിച്ച പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. ആരാധനാക്രമ ചടങ്ങുകള്‍ക്കായുള്ള വത്തിക്കാനിലെ ഓഫീസാണ് പാപ്പായുടെ നിര്‍ദേശപ്രകാരം പുതുക്കിയ പുസ്തകത്തിന്റെ എഡിറ്റിങ് പൂര്‍ത്തിയാക്കിയത്.
പുതുക്കിയ ക്രമമനുസരിച്ച്, പാപ്പയുടെ മുറിയിലല്ല, സ്വകാര്യ ചാപ്പലില്‍ വച്ചായിരിക്കും മരണം സ്ഥിരീകരിക്കുക. മരണശേഷം മൃതശരീരം തുറന്ന പെട്ടിക്കുള്ളില്‍ സൂക്ഷിക്കുക, വിശ്വാസികള്‍ക്ക് വണക്കത്തിനായി തുറന്ന പെട്ടിയില്‍ത്തന്നെ പാപ്പയുടെ ശരീരം പ്രദര്‍ശിപ്പിക്കുക, മുന്‍പുണ്ടായിരുന്നതില്‍നിന്ന് വ്യത്യസ്തമായി സൈപ്രസിന്റെയും ഈയത്തിന്റെയും ഓക്കുമരത്തിന്റെതുമായ മൂന്ന് പെട്ടികളില്‍ അടക്കുന്നത് നിര്‍ത്തലാക്കുക തുടങ്ങിയ മാറ്റങ്ങളാണ് പുസ്തകത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ ക്രമമനുസരിച്ച്, നാകപ്പെട്ടിക്കുള്ളിലുള്ള തടിപ്പെട്ടിയിലായിരിക്കും പാപ്പയുടെ ഭൗതികശരീരം സൂക്ഷിക്കുക.
മാര്‍പാപ്പമാരുടെ മൃതസംസ്‌കാര ചടങ്ങുകള്‍ കൂടുതല്‍ ലളിതമാക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ പലവട്ടം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസത്തെ മെച്ചപ്പെട്ട രീതിയില്‍ പ്രഘോഷിക്കുന്ന വിധത്തില്‍ അവയെ മാറ്റുകയും ചെയ്യുന്നതിനാണ് പുസ്തകം നവീകരിച്ചതെന്ന് പാപ്പയുടെ ആരാധനാക്രമ ചടങ്ങുകള്‍ക്കായുള്ള വത്തിക്കാനിലെ ഓഫീസിന്റെ നേതൃത്വം വഹിക്കുന്ന ആര്‍ച്ച്ബിഷപ്പ് ദിയേഗൊ റവേല്ലി അറിയിച്ചു.
മാര്‍പാപ്പ എന്നാല്‍, ലോകത്തിലെ ശക്തനായ വ്യക്തി എന്നല്ല, ക്രിസ്തുവിന്റെ ശിഷ്യനും ഇടയനുമായ ഒരാളാണ് എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയുള്ള മാറ്റങ്ങളാണ് നവീകരിച്ച പതിപ്പില്‍ കാണാനാകുകയെന്ന് ആര്‍ച്ച് ബിഷപ്പ് റവേല്ലി വ്യക്തമാക്കി. മുന്‍പുണ്ടായിരുന്നതുപോലെ, മരണമടഞ്ഞ പാപ്പ താമസിച്ചിരുന്ന സ്ഥലം, വത്തിക്കാന്‍ ബസിലിക്ക, മൃതസംസ്‌കാരം നടക്കുന്നയിടം എന്നീ മൂന്ന് സ്ഥലങ്ങളില്‍ വച്ചുള്ള പ്രാര്‍ഥനകള്‍ നവീകരിച്ച ക്രമമനുസരിച്ചും തുടരും. എന്നാല്‍, ഇവയിലും വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെയും ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെയും മൃതസംസ്‌കാര ചടങ്ങുകളുടെ പശ്ചാത്തലത്തില്‍ വ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ട്.
വത്തിക്കാനിലെ വി. പത്രോസിന്റെ ബസലിക്കയ്ക്കു പുറമെ, മറ്റിടങ്ങളില്‍ മൃതസംസ്‌കാരം നടത്തുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളും പുതിയ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.
2005 ല്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ മൃതസംസ്‌കാര ചടങ്ങുകള്‍ക്ക് 1998 ലെ പുസ്തകമനുസരിച്ചുള്ള ക്രമങ്ങളാണ് സ്വീകരിച്ചിരുന്നത്. ഇവയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് 2023 ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ മൃതസംസ്‌കാര ചടങ്ങുകള്‍ നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26