ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കാനായി മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണ് പാകിസ്ഥാനില്‍. ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ലെന്ന് അറിയിച്ചതോടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്ത് നടത്തുന്ന ഹൈബ്രിഡ് മോഡല്‍ ബിസിസിഐയും ഐസിസിയും മുന്നോട്ടുവയ്ക്കുന്നുവെങ്കിലും ഇതില്‍ അന്തിമ തീരുമാനമായിട്ടില്ല.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായി കോടിക്കണക്കിന് പണം മുടക്കിയാണ് ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി സ്റ്റേഡിയങ്ങള്‍ പിസിബി പുതുക്കിപ്പണിയുന്നത്. അതേസമയം ഇന്ത്യയുടെ മത്സരങ്ങള്‍ എവിടെ നടത്തുമെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നതിനിടെ ടൂര്‍ണമെന്റ് മൊത്തമായും പാകിസ്ഥിനില്‍ നിന്ന് മാറ്റേണ്ടിവരുമോ എന്നതാണ് പിസിബിയുടെ ആശങ്ക. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് അദേഹത്തിന്റെ പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന പ്രക്ഷോഭമാണ് പുതിയ വെല്ലുവിളി.
തലസ്ഥാന നഗരമായ ഇസ്ലാമബാദിനെ മുള്‍മുനയില്‍ നിര്‍ത്തി ആയിരങ്ങളാണ് പ്രക്ഷോഭത്തില്‍ അണിനിരന്നത്. നാല് പേരുടെ മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട്. പ്രക്ഷോഭം നിര്‍ത്തിയതായി ഇമ്രാന്റെ പാര്‍ട്ടി ബുധനാഴ്ച അറിയിച്ചെങ്കിലും സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് ടീമുകളെ പാകിസ്ഥാനിലേക്ക് അയക്കുന്നതില്‍ ബോര്‍ഡുകള്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തുവന്നത്. ഇതോടെ ടൂര്‍ണമെന്റ് പൂര്‍ണമായും പാകിസ്ഥാന് പുറത്തെ മറ്റൊരു വേദിയിലേക്ക് മാറ്റാന്‍ ഐസിസിയും ആലോചിക്കുകയാണ്.
മൂന്ന് മത്സര ഏകദിന പരമ്പരക്കായി പാകിസ്ഥാനിലെത്തിയ ശ്രീലങ്ക എ ടീം പരമ്പര ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. പരമ്പരയിലെ ഒരു മത്സരം മാത്രമാണ് ശ്രീലങ്ക കളിച്ചത്. ചാമ്പ്യന്‍സ് ട്രോഫി സംബന്ധിച്ച തീരുമാനങ്ങള്‍ ടൂര്‍ണമെന്റിന് നൂറ് ദിവസം പോലും തികച്ച് ബാക്കിയില്ലാത്ത സാഹചര്യത്തില്‍ വൈകിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഐസിസി. വെള്ളിയാഴ്ച ഐസിസിയുടെ നിര്‍ണായക യോഗം ചേരുന്നുണ്ട്. ഇതില്‍ ടൂര്‍ണമെന്റ് നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.