വാഷിങ്ടൺ : അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (എഫ്ബിഐ) പുതിയ തലവനെ നിയമിച്ച് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ വംശജനും ട്രംപിൻ്റെ വിശ്വസ്തനുമായ കാഷ് പട്ടേൽ എഫ്ബിഐ ഡയറക്ടറാകും. കാഷ് പട്ടേലിൻ്റെ നിയമനത്തോടെ ട്രംപ് ക്യാബിനെറ്റിലേക്ക് നിയമിതരാകുന്ന ഇന്ത്യൻ വംശജന്മാരുടെ എണ്ണം രണ്ടായി.
ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ അടുത്ത ഡയറക്ടറായി കാഷ് പട്ടേൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. കാഷ് ഒരു മികച്ച അഭിഭാഷകനും അന്വേഷകനുമാണ്. അഴിമതി തുറന്നുകാട്ടുന്നതിനും നീതിക്കുവേണ്ടിയും അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നതിനുമായി അദേഹം തൻ്റെ കരിയർ ചെലവഴിച്ചുവെന്ന് ട്രംപ് പറഞ്ഞു.
കാഷ് പട്ടേൽ ജീവചരിത്രം
1980 ഫെബ്രുവരി 25ന് ന്യൂയോർക്കിലാണ് കാഷ് പട്ടേലിൻറെ ജനനം. പട്ടേലിൻറെ മാതാപിതാക്കൾ ഗുജറാത്തിലെ വഡോദരയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. റിച്ച്മണ്ട് സർവകലാശാലയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ കാഷ് പട്ടേൽ ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് രാജ്യാന്തര നിമയത്തിൽ ബിരുദം നേടി.
ഫ്‌ളോറിഡയിലെ സ്റ്റേറ്റ്, ഫെഡറൽ കോടതികളിൽ പബ്ലിക് ഡിഫൻഡറായാണ് കാഷ് കരിയർ ആരംഭിച്ചത്. പിന്നീട് നീതിന്യായ വകുപ്പിൽ പ്രോസിക്യൂട്ടറായി പ്രവർത്തിച്ചു. കിഴക്കൻ ആഫ്രിക്കയിലും അമേരിക്കയിലുമുള്ള അന്താരാഷ്‌ട്ര ഭീകരവാദ കേസുകൾ കാഷ് പട്ടേൽ കൈകാര്യം ചെയ്‌തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.