മയക്കുമരുന്ന് കടത്തുകാരുടെ ഇഷ്ടകേന്ദ്രങ്ങളായി ഓസ്ട്രേലിയന്‍ തീരപ്രദേശങ്ങള്‍; റെക്കോര്‍ഡ് ലഹരി വേട്ടയില്‍ പിടികൂടിയത് 2300 കിലോഗ്രാം കൊക്കെയ്ന്‍

മയക്കുമരുന്ന് കടത്തുകാരുടെ ഇഷ്ടകേന്ദ്രങ്ങളായി ഓസ്ട്രേലിയന്‍ തീരപ്രദേശങ്ങള്‍; റെക്കോര്‍ഡ് ലഹരി വേട്ടയില്‍ പിടികൂടിയത് 2300 കിലോഗ്രാം കൊക്കെയ്ന്‍

കാന്‍ബറ: ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡ് തീരത്ത് നടത്തിയ വന്‍ മയക്കുമരുന്ന് വേട്ടയില്‍ പിടികൂടിയത് 2300 കിലോഗ്രാം (2.3 ടണ്‍) ലഹരിമരുന്ന് (കൊക്കെയ്ന്‍). സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ കേടായ മത്സ്യബന്ധന ബോട്ടില്‍ നിന്നാണ് ഓസ്ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ന്‍ വേട്ടയുണ്ടായത്. ഓസ്ട്രേലിയന്‍ തീരപ്രദേശങ്ങള്‍ മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ ഇഷ്ടകേന്ദ്രങ്ങളായി മാറുന്നതില്‍ വലിയ ആശങ്കയാണ് ഓസ്ട്രേലിയന്‍ പൊലീസ് പങ്കുവയ്ക്കുന്നത്. സംഭവത്തില്‍ 13 പേരാണ് അറസ്റ്റിലായത്.

ബ്രിസ്ബെയ്‌നിലെ ഹെര്‍വി ബേയില്‍ ബുണ്ടാബെര്‍ഗിലേക്ക് പോവുകയായിരുന്ന ബോട്ടില്‍ നിന്നാണ് 2.34 ടണ്‍ കൊക്കെയ്ന്‍ പിടിച്ചെടുത്തത്. ബ്രിസ്ബെയ്‌നില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് ഹെര്‍വി ബേ എന്ന ക്വീന്‍സ്ലന്‍ഡ് തീരദേശ പട്ടണം.

പിടികൂടിയ കൊക്കെയിന് കോടികളാണ് വില. ഏകദേശം 760 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍. ക്വീന്‍സ്ലന്‍ഡ് തീരത്ത് സംശയാസ്പദ സാഹചര്യത്തില്‍ ബോട്ട് കണ്ടതോടെയാണ് അധികൃതര്‍ പരിശോധന നടത്തിയത്. തെക്കേ അമേരിക്കന്‍ രാജ്യത്ത് നിന്ന് കടത്തിയ മയക്കുമരുന്നാണ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

മയക്കുമരുന്ന് കടത്തിനെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തോളം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് വന്‍ കൊക്കെയിന്‍ കടത്ത് പിടികൂടിയതെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് കമാന്‍ഡര്‍ സ്റ്റീഫന്‍ ജേ പറഞ്ഞു. ബോട്ട് തകരാറിലായതാണ് ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായത്.

തീരത്ത് നിന്ന് നൂറു കണക്കിന് കിലോമീറ്റര്‍ അകലെയുള്ള മദര്‍ഷിപ്പില്‍ നിന്ന് കടല്‍ മാര്‍ഗം ഓസ്ട്രേലിയയിലേക്ക് മയക്കുമരുന്ന് കടത്താന്‍ സംഘം രണ്ട് തവണ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. മദര്‍ഷിപ്പ് പിടികൂടാനായില്ല.

ചിലര്‍ ബോട്ടില്‍ വച്ച് പിടിയിലായപ്പോള്‍ മറ്റുള്ളവര്‍ തീരത്ത് കാത്തുനില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ രണ്ട് പേര്‍ 18 വയസിന് താഴെയുള്ളവരാണെന്നും എല്ലാവരും ഓസ്ട്രേലിയന്‍ പൗരന്മാരാണെന്നും പൊലീസ് അറിയിച്ചു. മുമ്പ് ഒരു ടണ്ണിലധികം കൊക്കെയ്ന്‍ പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഓസ്ട്രേലിയയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ കൊക്കെയിന്‍ വേട്ടയാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് പൊലീസ് അറിയിച്ചു.

കടല്‍മാര്‍ഗം ഓസ്ട്രേലിയയിലേക്ക് മയക്കുമരുന്ന് ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ജീവപര്യന്തം തടവാണ് ഈ കുറ്റത്തിന് പരമാവധി ശിക്ഷ.

ചെറിയ മത്സ്യബന്ധന ഗ്രാമമായ ഹെര്‍വി ബേയില്‍ ഇത്തരമൊരു സംഭവം ഉണ്ടായതില്‍ പ്രദേശവാസികള്‍ ഞെട്ടലിലാണ്.

പൊലീസിന്റെ കണ്ണെത്താത്ത ചെറിയ തീരപ്രദേശങ്ങളാണ് ഇപ്പോള്‍ മയക്കുമരുന്ന് കടത്തുകാരുടെ ഇഷ്ടകേന്ദ്രങ്ങളെന്ന് ക്വീന്‍സ്ലന്‍ഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി സ്‌കൂള്‍ ഓഫ് ജസ്റ്റിസിലെ അസോസിയേറ്റ് പ്രൊഫസര്‍ മാര്‍ക്ക് ലോച്ച്സ് പറഞ്ഞു.

'പരമ്പരാഗതമായി സിഡ്നിയില്‍ നിന്നാണ് കൊക്കെയ്ന്‍ വിതരണം ചെയ്യുന്നത്, എന്നാല്‍ പോലീസ് സാന്നിധ്യം ശക്തമാക്കിയതിനാല്‍ ഇപ്പോള്‍ അപൂര്‍വമായി മാത്രമേ സിഡ്നിയിലേക്ക് കൊണ്ടുവരാറുള്ളൂ' ഡോ ലോച്ച്‌സ് പറഞ്ഞു. ചെറിയ തീരപ്രദേശങ്ങള്‍ രാജ്യത്തേക്ക് കള്ളക്കടത്ത് കൊണ്ടുവരുന്നത് എളുപ്പമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.