മസ്‌കിന്റെ ഉറ്റ സുഹൃത്ത്; അമേരിക്കന്‍ ശതകോടീശ്വരന്‍ ജറേഡ് ഐസക്മാനെ നാസയുടെ തലപ്പത്തേക്ക് പ്രഖ്യാപിച്ച് ട്രംപ്

മസ്‌കിന്റെ ഉറ്റ സുഹൃത്ത്; അമേരിക്കന്‍ ശതകോടീശ്വരന്‍ ജറേഡ് ഐസക്മാനെ നാസയുടെ തലപ്പത്തേക്ക് പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ ശതകോടീശ്വരനും ആദ്യത്തെ സ്വകാര്യ ബഹിരാകാശ യാത്രികനുമായ ജറേഡ് ഐസക്മാനെ നാസയുടെ അടുത്ത മേധാവിയായി പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേശകരില്‍ ഒരാളായ ഇലോണ്‍ മസ്‌കിന്റെ അടുപ്പക്കാരനായ ജറേഡ് ഐസക്മാന്റെ നിയമനം വിവാദങ്ങള്‍ക്കും വഴിവച്ചിരിക്കുകയാണ്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ബഹിരാകാശ ഏജന്‍സി നടത്തിയ ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശയാത്രാ നടത്തത്തില്‍ ജറേഡ് ഐസക്മാനും പങ്കെടുത്തിരുന്നു.

41 വയസുകാരനായ ഐസക്മാന്‍ യുഎസിലെ പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് കമ്പനിയായ 'ഷിഫ്റ്റ് 4 പേയ്‌മെന്റിന്റെ' സ്ഥാപക സിഇഒ കൂടി ആണ്. സ്പേസ് എക്സില്‍ നിന്ന് തന്റെ ആദ്യത്തെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് വാങ്ങിയതുമുതല്‍ മസ്‌കുമായി ഐസക്മാന്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്.

'പ്രഗത്ഭനായ ബിസിനസുകാരനും മനുഷ്യ സ്നേഹിയും പൈലറ്റും ബഹിരാകാശയാത്രികനുമായ ജറേഡ് ഐസക്മാനെ നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) അഡ്മിനിസ്ട്രേറ്ററായി നാമനിര്‍ദേശം ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, പര്യവേക്ഷണം എന്നിവയില്‍ മികച്ച നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്ന നാസയുടെ ദൗത്യങ്ങളെ അദ്ദേഹം നയിക്കും.' -് ജറേഡിനെ നാസ തലപ്പത്തേക്ക് നിയോഗിച്ചു കൊണ്ടുള്ള എക്‌സ് കുറിപ്പില്‍ ഡൊണാള്‍ഡ ട്രംപ് എക്‌സില്‍ കുറിച്ചു.

യുഎസ് പ്രതിരോധ വകുപ്പിന് മികച്ച പിന്തുണയാണ് ഈ കമ്പനിയില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്. ബഹിരാകാശത്തെ രഹസ്യങ്ങളോടും പ്രപഞ്ചത്തില്‍ ഒളിച്ചിരിക്കുന്ന വിസ്മയങ്ങളോടുമുള്ള ജറേഡിനുള്ള അഭിനിവേശം നാസയെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കാന്‍ സഹായിക്കും. ജറേഡിനും ഭാര്യ മോണിക്കയ്ക്കും അവരുടെ മക്കളായ മിലയ്ക്കും ലിവിനും അഭിനന്ദനങ്ങള്‍.' - ട്രംപ് വ്യക്തമാക്കി.

സെനറ്റ് സ്ഥിരീകരിച്ചാല്‍, ഐസക്മാന്‍ നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ ഏകദേശം 25 ബില്യണ്‍ ഡോളര്‍ ബജറ്റിന്റെ മേല്‍നോട്ടം വഹിക്കും.

ഔദ്യോഗിക സ്ഥിരീകരണം വരുന്നതോടെ നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദേശം ചെയ്ത, ഫ്‌ളോറിഡയില്‍ നിന്നുള്ള മുന്‍ ഡെമോക്രാറ്റിക് സെനറ്ററായ ബില്‍ നെല്‍സണ് (82) പകരം ഐസക്മാന്‍ നാസയുടെ തലപ്പത്ത് എത്തും.

സെപ്റ്റംബറില്‍ സ്‌പേസ് എക്‌സിന്റെ പൊളാരിസ് ഡോണ്‍ ദൗത്യത്തിലൂടെയാണ് ജറേഡും സഹസഞ്ചാരി സാറാ ഗില്ലിസും ഭൂമിയില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെ ബഹിരാകാശത്ത് നടന്ന് ചരിത്രം കുറിച്ചത്. ഇവരുടെ സഹയാത്രികരായ സ്‌കോട്ട് പൊട്ടീറ്റ്, അന്ന മേനോന്‍ എന്നിവര്‍ 'ക്രൂ ഡ്രാഗണ്‍' പേടകത്തെ നിയന്ത്രിച്ചു. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റാണ് ഇവരുടെ ഡ്രാഗണ്‍ പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചത്. ജറേഡായിരുന്നു ദൗത്യത്തിന്റെ സ്‌പോണ്‍സര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.