മുംബൈ: മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേറ്റു. മൂന്നാം തവണയാണ് ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. ഉപമുഖ്യമന്ത്രിമാരായി ശിവസേനാ നേതാവ് ഏക്നാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും അധികാരമേറ്റു. ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുംബൈ ആസാദ് മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യന്ത്രിമാര്‍, വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി, സിനിമ താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, മാധൂരി ദീക്ഷിത്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് 54 കാരനായ ഫഡ്നാവിസ് വീണ്ടും മുഖ്യമന്ത്രിയായി എത്തുന്നത്. 2014 മുതല്‍ 2019 വരെ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്നു. 2019 ല്‍ ശിവസേനയുമായുള്ള ഭിന്നതയെ തുടര്‍ന്ന് എന്‍സിപി നേതാവ് അജിത് പവാറിന്റെ സഹായത്തോടെ മുഖ്യമന്ത്രിയായെങ്കിലും ശരദ് പവാര്‍ എതിര്‍ത്തതോടെ ഭൂരിപക്ഷം തെളിയിക്കാനാകെ അഞ്ച് ദിവസത്തിനകം രാജിവെക്കേണ്ടി വന്നു.
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ 288 അംഗ അസംബ്ലിയില്‍ 230 സീറ്റാണ് മഹായുതി സഖ്യം നേടിയത്. ബിജെപി 132 സീറ്റുകളില്‍ വിജയിച്ചു. ശിവസേന ഏക്‌നാഥ് ഷിന്‍ഡെ പക്ഷം 57 സീറ്റുകളും എന്‍സിപി അജിത് പവാര്‍ പക്ഷം 41 സീറ്റും നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.