കാലിഫോര്‍ണിയ: നാസയുടെ പുതിയ തലവനായി ശതകോടീശ്വരനും ബഹിരാകാശത്ത് നടന്ന ആദ്യത്തെ സ്വകാര്യ ബഹിരാകാശ യാത്രികനുമായ ജറേഡ് ഐസക്മാനെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുത്തിരുന്നു. ബുധനാഴ്ച സമൂഹ മാധ്യമമായ എക്‌സിലൂടെ ട്രംപ് ഇക്കാര്യം അറിയിച്ചതിനു പിന്നാലെ അമേരിക്കയില്‍ വിവാദങ്ങളും ഉയര്‍ന്നിരിക്കുകയാണ്.
പഠനത്തില്‍ മോശമായതിനാല്‍ ഹൈസ്‌കൂള്‍ പഠനം ഉപേക്ഷിച്ചയാളാണ് ജറേഡ് ഐസക്മാന്‍. ഹൈസ്‌കൂള്‍ പഠനം ഉപേക്ഷിച്ച് ബിസിനസ് രംഗത്തേക്ക് കടക്കുകയായിരുന്നു. പിന്നീട് കഠിനപ്രയത്‌നത്തിലൂടെ ലോകപ്രശസ്തനായ ബിസിനസുകാരനും സ്വകാര്യ ബഹിരാകാശ യാത്രികനുമൊക്കെയായി അദ്ദേഹം റെക്കോഡ് സൃഷ്ടിച്ചു. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹം ബഹിരാകാശ യാത്ര നടത്തിയത്. മസ്‌കിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് 41കാരനായ ജറേഡ്. ട്രംപിന്റെ രണ്ടാമൂഴത്തില്‍ മസ്‌കിന്റെ സ്വാധീനം ശക്തിപ്പെടുന്നതിന്റെ തെളിവാണ് പുതിയ നിയമനമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാസയുടെ അഡ്മിനിസ്‌ട്രേറ്ററായാണ് ജറേഡിനെ നിയമിക്കുന്നത്. മുന്‍ ഫ്‌ളോറിഡ ഡെമോക്രാറ്റിക് സെനറ്ററായ ബില്‍ നെല്‍സണാണ് ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍. ഇദ്ദേഹത്തെ നീക്കിയാണ് ജറേഡിനെ നിയമിക്കാന്‍ ട്രംപ് തീരുമാനിച്ചത്.
നിലവിലെ നാസയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സന്റെ അനുഭവ പരിജ്ഞാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഐസക്മാന്റേത് വളരെ കുറവാണ്.
നാസയുടെ കൊളംബിയ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും ബഹിരാകാശ യാത്ര നടത്തുകയും ചെയ്ത ബില്‍ നെല്‍സന്‍ പിന്നീട് മൂന്നു പതിറ്റാണ്ടോളം സെനറ്റിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതുകൂടാതെ അമേരിക്കന്‍ വ്യോമസേനയില്‍ പ്രവര്‍ത്തിച്ച പരിചയം വേറെയുമുണ്ട്.
അതേസമയം, ബഹിരാകാശ ഗവേഷണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനമായ നാസയുടെ തലപ്പത്തേക്ക് എത്താന്‍ ഐസക്മാനെ സഹായിച്ചത് അദ്ദേഹത്തിന്റെ പണവും പിന്നെ ട്രംപുമായുള്ള സൗഹൃദവുമാണ്. സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെടും. അക്കാദമികമോ ഭരണപരമോ ആയ മുന്‍പരിചയമില്ലാത്ത ഒരാള്‍ നാസയുടെ തലപ്പത്തെത്തുന്നത് ഇതാദ്യമായിരിക്കും.
മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ചതും ചൊവ്വയില്‍ റോബോട്ടിക് വാഹനം ഇറക്കിയതും ബഹിരാകാശ നിലയങ്ങള്‍ സ്ഥാപിച്ചതുമെല്ലാം നാസയായിരുന്നു. അത്തരമൊരു സ്ഥാപനത്തിന്റെ തലപ്പത്തേക്കാണ് കോടീശ്വരന്‍ എന്ന പദവിയുമായി ജറേഡ് ഐസക്മാന്‍ വരുന്നത്. ഇതോടെ ട്രംപിന്റെ പുതിയ നിയമനവും വിവാദത്തിലായിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.