ന്യൂയോര്‍ക്ക്: ആ നിമിഷത്തിനായി നെഞ്ചിടിപ്പോടെ കാത്തിരിക്കുകയായിരുന്നു നാസയിലെ ശാസ്ത്രജ്ഞര്‍. അവസാനം പെഴ്‌സിവീയറന്‍സ് വിജയകരമായി ചൊവ്വയുടെ മണ്ണില്‍ തൊട്ടപ്പോള്‍ ശാസ്ത്ര ലോകത്തിന്റെ അതുവരെയുള്ള പിരിമുറുക്കം ആഹ്ലാദത്തിന് വഴിമാറി.
നാസയുടെ പേടകം റോവര്‍ ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ 2.28ന് ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍ ഇറങ്ങി. ആദ്യ ചിത്രങ്ങള്‍ ലഭിച്ചു തുടങ്ങി. 2020 ജൂലൈ 30ന് വിക്ഷേപിച്ച ദൗത്യംഏഴ് മാസം കൊണ്ട് 48 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചൊവ്വയിലെത്തിയത്. ഇതോടെ ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറായി പെഴ്‌സിവീയറന്‍സ്.
അന്തരീക്ഷത്തില്‍ പ്രവേശിച്ച ശേഷം ഉപരിതലം വരെയുള്ള 'നെഞ്ചിടിപ്പിന്റെ 7 മിനിറ്റുകള്‍' എന്നറിയപ്പെടുന്ന ദുഷ്‌കരയാത്ര നവീന സാങ്കേതിക വിദ്യയാലാണ് 270 കോടി യുഎസ് ഡോളര്‍ ചെലവുള്ള ദൗത്യം തരണം ചെയ്തത്. ജെസീറോയില്‍ ജീവന്റെ തെളിവുകള്‍ അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
അന്തരീക്ഷത്തിലേക്കു പ്രവേശിച്ച ശേഷം 1300 ഡിഗ്രി ഉയര്‍ന്ന താപനില ദൗത്യ പേടകത്തില്‍ ഉടലെടുത്തെങ്കിലും താപ കവചം അതിനെ ചെറുത്തു. അന്തരീക്ഷമര്‍ദ്ദം മാറുന്നതനുസരിച്ച് ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് പേടകം സ്ഥിരത നിലനിര്‍ത്തി. വേഗം മണിക്കൂറില്‍ 1600 കിലോ മീറ്റര്‍ ആയതോടെ പേടകത്തിന്റെ പാരഷൂട്ടുകള്‍ തുറന്നു. തുടര്‍ന്ന് ഇറങ്ങേണ്ട സ്ഥലം കൃത്യമായി നിരീക്ഷിച്ചു.
ഇറങ്ങുന്നതിനു 12 സെക്കന്‍ഡ് മുന്‍പായി 'സ്‌കൈ ക്രെയ്ന്‍ മനൂവര്‍' ഘട്ടം തുടങ്ങി. റോവറിനെ വഹിച്ച്, റോക്കറ്റ് എന്‍ജിനുകള്‍ ഘടിപ്പിച്ച ഒരു ഭാഗം പേടകത്തില്‍ നിന്നു വേര്‍പെട്ട് സ്ഥിരത നേടിയ ശേഷം കേബിളുകളുടെ സഹായത്താല്‍ റോവറിനെ താഴേക്കിറക്കി. തുടര്‍ന്ന് കേബിളുകള്‍ വേര്‍പെട്ടു. ദൗത്യം വിജയകരം എന്ന് നാസ പ്രഖ്യാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.