പാരീസ്: നവീകരിച്ച നോട്രഡാം കത്തീഡ്രലിന്റെ കൂദാശാ ചടങ്ങിനായി പാരീസിലെത്തിയ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകം. ഇരുവര്‍ക്കും ആതിഥേയത്വം വഹിക്കുന്നത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ്. മൂന്ന് രാഷ്ട്രീയ നേതാക്കള്‍ ഒന്നിച്ച് ത്രികക്ഷി യോഗം നടത്തുമോ അതോ ട്രംപ് സെലന്‍സ്‌കിയുമായി പ്രത്യേക ചര്‍ച്ച നടത്തുമോ എന്ന് വ്യക്തമല്ലെങ്കിലും ഇതില്‍ ഏതെങ്കിലും ഒന്ന് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഉക്രെയ്ന്‍.
ജനുവരിയില്‍ ട്രംപ് വൈറ്റ് ഹൗസിലേക്ക് എത്തുംമുമ്പ് ഇരു നേതാക്കളും വീണ്ടും ചര്‍ച്ച നടത്തുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. നവംബര്‍ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.
ട്രംപിന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവോടെ, റഷ്യക്കെതിരായ യുദ്ധത്തില്‍ ഉക്രെയ്‌നുള്ള അമേരിക്കന്‍ പിന്തുണയെക്കുറിച്ച് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. ട്രംപുമായും ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും മാക്രോണ്‍ കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് ഫ്രഞ്ച് എംബസിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
2019 ഏപ്രിലില്‍ തീപിടിത്തത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ച നോട്രഡാം കത്തീഡ്രല്‍ വീണ്ടും തുറക്കുന്നതിനായി 50 രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ നേതാക്കളും പ്രമുഖരുമാണ് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ എത്തിയത്.
റഷ്യയില്‍ നിന്നുള്ള ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന ഭയത്താല്‍ നിലവിലെ അമേരിക്കന്‍ ഭരണകൂടത്തില്‍ നിന്ന് പുതിയ ആയുധങ്ങള്‍ക്കായി സെലന്‍സ്‌കി സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതേസമയം, നിലവിലെ പ്രസിഡന്റ് ജോ ബൈഡനില്‍ നിന്ന് വ്യത്യസ്തമായി, ഉക്രെയ്നുള്ള സൈനിക സഹായത്തെ ട്രംപ് ആവര്‍ത്തിച്ച് വിമര്‍ശിച്ചിട്ടുണ്ട്.
ട്രംപിനെ പാരീസിലേക്ക് കൊണ്ടുവരാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍. ട്രംപിനൊപ്പം ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും പാരീസില്‍ വരുന്നതിനു പിന്നിലും മാക്രോണിന്റെ നയതന്ത്ര വിജയമാണ്. ഇത് അദ്ദേഹത്തിന് ഫ്രാന്‍സില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി ആദ്യം നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിക്കായി പാരീസിലേക്ക് ട്രംപിനെയും സ്പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌കിനെയും ക്ഷണിക്കാന്‍ മാക്രോണ്‍ പദ്ധതിയിടുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.