മെല്‍ബണ്‍: ശാന്തിയുടെയും സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പകര്‍ന്ന ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷങ്ങളിലാണ് ലോകം. ലോകമെങ്ങുമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ തിരുപ്പിറവിയുടെ ചടങ്ങുകള്‍ പൂര്‍ത്തിയായി വരികയാണ്.
യുദ്ധകലുഷിതമായ അന്തരീക്ഷത്തിലാണ് ലോകത്തിന്റെ നാനാ കോണിലും ക്രിസ്തുമസ് ആഘോഷങ്ങള്‍ നടക്കുന്നത്. സിറിയയിലും ഉക്രെയ്‌നിലും റഷ്യയിലുമെല്ലാം യുദ്ധാന്തരീക്ഷത്തിലാണ് ആഘോഷങ്ങള്‍.
ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ക്രിസ്തുമസ് ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനകള്‍ നടന്നു.
അതേസമയം കനത്ത ചൂടും കാട്ടുതീയും ഓസ്‌ട്രേലിയയിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തെക്കുകിഴക്കന്‍ ഓസ്ട്രേലിയയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ക്രിസ്മസ് ദിനങ്ങളില്‍ കാട്ടുതീ നേരിടാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
2019-20 ലെ 'ബ്ലാക്ക് സമ്മര്‍' എന്ന് വിളിക്കപ്പെടുന്ന ഓസ്ട്രേലിയയിലെ ഏറ്റവും തീവ്രമായ തീപിടിത്തത്തിന് ശേഷമുള്ള ഏറ്റവും മോശമായ കാലാവസ്ഥയാണ് വരാനിരിക്കുന്ന ദിവസങ്ങളില്‍ ഉണ്ടാകുകയെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
കഴിഞ്ഞ ആഴ്ചയ്ക്കുള്ളില്‍ കാട്ടുതീയിൽ 41,000 ഹെക്ടറിലധികം (101,000 ഏക്കര്‍) ഭൂമി കത്തിനശിച്ചു, മരണമോ സ്വത്ത് നഷ്ടമോ ഉണ്ടായിട്ടില്ല എന്നതാണ് ആശ്വാസകരം.
ഉയര്‍ന്ന താപനിലയും ശക്തമായ കാറ്റുമാണ് ഭീഷണി ഉയര്‍ത്തുന്നത്. സിഡ്നിയിലും ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലും അധികൃതര്‍ സമ്പൂര്‍ണ അഗ്‌നി നിരോധനം പ്രഖ്യാപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിക്ടോറിയയിലുടനീളം താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും ശക്തമായ വരണ്ട കാറ്റും ഉണ്ടാകുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം.
100-ലധികം പേര്‍ അടങ്ങുന്ന അഗ്‌നിശമന സേനകളാണ് വരും ദിവസങ്ങളില്‍ തീപിടിത്തത്തെ നേരിടാന്‍ വിക്ടോറിയയില്‍ സജ്ജമായി നില്‍ക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതമെന്നോണമാണ് സമീപ വര്‍ഷങ്ങളില്‍ രാജ്യം റെക്കോര്‍ഡ് വെള്ളപ്പൊക്കവും കൊടും ചൂടുമാണ് നേരിടുന്നത്.
അതേസമയം, ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി മെല്‍ബണിലെ റിവര്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ രാജ്യത്തിനകത്തും പുറത്തുനിന്നും നിന്നും നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.