മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് അടക്കം പുതിയ 21 കര്‍ദിനാള്‍മാരുടെ സ്ഥാനാരോഹണത്തോടെ ആഗോള കത്തോലിക്കാ സഭയില്‍ ആകെ കര്‍ദിനാള്‍മാരുടെ എണ്ണം 253 ആയി. അതില്‍ 140 പേര്‍ക്ക് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ വോട്ടവകാശമുണ്ട്. 80 വയസ് പിന്നിട്ട 113 പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല.
ഈ 140 വോട്ടര്‍മാരായ കര്‍ദിനാള്‍മാരില്‍ 110 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പയും 24 പേരെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും ആറുപേരെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.
മൊത്തം കര്‍ദിനാള്‍മാരില്‍ 115 പേര്‍ യൂറോപ്പില്‍ നിന്നും 37 പേര്‍ ഏഷ്യയില്‍ നിന്നും 29 പേര്‍ ആഫ്രിക്കയില്‍ നിന്നും 68 പേര്‍ അമേരിക്കയില്‍ നിന്നും (28 പേര്‍ വടക്കേ അമേരിക്കയില്‍ നിന്നും എട്ടുപേര്‍ മധ്യ അമേരിക്കയില്‍ നിന്നും 32 പേര്‍ തെക്കേ അമേരിക്കയില്‍ നിന്നും) നാല് പേര്‍ ഓഷ്യാനിയയില്‍ നിന്നുമാണ്.
കോണ്‍ക്ലേവില്‍ പങ്കെടുക്കാവുന്ന കര്‍ദിനാള്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഇന്ന് അഭിഷിക്തനായ ഉക്രേനിയന്‍ ബിഷപ്പ് മൈക്കോള ബൈചോക്ക് ആണ്. അദ്ദേഹത്തിന് 44 വയസാണ്. ഈ വര്‍ഷം ഡിസംബര്‍ 24 ന് എണ്‍പത് വയസ് തികയുന്ന ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആണ് കോണ്‍ക്ലേവില്‍ പങ്കെടുക്കാവുന്ന ഏറ്റവും പ്രായം കൂടിയ കര്‍ദിനാള്‍.
കര്‍ദിനാള്‍മാരുടെ സ്ഥാനവും പദവിയും ദൗത്യവും
കത്തോലിക്ക സഭയില്‍ കര്‍ദിനാള്‍മാരുടെ സ്ഥാനവും പദവിയും ദൗത്യവുമെല്ലാം നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. പൗരസ്ത്യ കാനോന സംഹിതയില്‍ പരാമര്‍ശമില്ലാത്തതും എന്നാല്‍ ലത്തീന്‍ സഭയുടെ കാനന്‍ നിയമത്തില്‍ 349 മുതല്‍ 359 വരെയുള്ള കാനോനകളില്‍ വിശദമായ നിയമം ഉള്‍ക്കൊള്ളുന്നതുമായ കര്‍ദിനാള്‍ സംഘത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം കോണ്‍ക്ലേവില്‍ പങ്കെടുത്ത് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുക തന്നെയാണ്.
എങ്കിലും സാര്‍വത്രിക സഭയെ ഭരിക്കാനും നയിക്കാനുമുള്ള മാര്‍പാപ്പയുടെ ദൗത്യത്തില്‍ അദേഹത്തോട് ഏറ്റവും അധികം സഹകരിക്കുന്നവരാണ് കര്‍ദ്ദിനാള്‍മാര്‍. മാര്‍പാപ്പയാല്‍ തിരഞ്ഞെടുക്കപ്പെട്ട് കണ്‍സിസ്റ്ററിയില്‍ വച്ച് മാര്‍പാപ്പയാല്‍ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നവര്‍ മരണം വരെ കര്‍ദിനാള്‍ സംഘത്തിലെ അംഗങ്ങളായിരിക്കുമെങ്കിലും അതില്‍ 80 വയസ് പൂര്‍ത്തിയായവര്‍ക്ക് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ വോട്ടവകാശമുണ്ടായിരിക്കുകയില്ല.
കാര്‍ഡോ എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് കര്‍ദിനാള്‍ എന്ന വാക്കിന്റെ ഉത്ഭവം. കാര്‍ഡോ എന്ന ലത്തീന്‍ വാക്കിന്റെ അര്‍ഥം വിജാഗിരി എന്നതാണ്. ഒരു വാതിലിന് വിജാഗിരി എത്രമാത്രം പ്രാധാന്യമുള്ളതാണോ അതു പോലെ വിശ്വാസികളുടെ വാതിലായ ക്രിസ്തുവിന്റെ വികാരിയായ മാര്‍പാപ്പയുടെ സഭയെ ഭരിക്കുന്ന ശുശ്രൂഷയില്‍ വളരെ പ്രധാനമായ ഒരു ദൗത്യം നിര്‍വഹിക്കുന്നവരാണ് കര്‍ദിനാള്‍മാര്‍.
കത്തോലിക്കാ സഭയുടെ ഹയരാര്‍ക്കിയില്‍ രണ്ടാം സ്ഥാനത്ത് കാണപ്പെടുന്ന കര്‍ദിനാളുമാര്‍ മഹാനായ ഗ്രിഗറി മാര്‍പാപ്പയുടെ കാലം (590-604 എഡി) മുതലെങ്കിലും പ്രസ്തുത പേരിലും ഔന്നത്യത്തിലും അറിയപ്പെടുകയും മാര്‍പാപ്പമാരെ തിരഞ്ഞെടുക്കുക തുടങ്ങി കത്തോലിക്കാ സഭയുടെ റോമിലെ ഭരണത്തില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുകയും ചെയ്തിരുന്നു. മാര്‍പാപ്പയെ സാര്‍വത്രിക സഭയുടെ ഭരണത്തില്‍ സഹായിക്കുന്ന ഡിക്കാസ്റ്ററികളില്‍ മിക്കതിന്റെയും തലപ്പത്തുള്ളവര്‍ കര്‍ദ്ദിനാള്‍മാര്‍ തന്നെ.
അങ്ങനെ മാര്‍പാപ്പമാരെ ഭരണത്തില്‍ സഹായിച്ചും പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പാപ്പയ്ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടും കത്തോലിക്കാ സഭയില്‍ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്ന കര്‍ദിനാള്‍ സ്ഥാനം, പക്ഷേ, മെത്രാന്‍ പട്ടത്തിന് മുകളിലുള്ള മറ്റൊരു പട്ടമല്ല. കത്തോലിക്കാ സഭയിലെ പട്ടങ്ങള്‍ ഡീക്കന്‍ പട്ടം, പുരോഹിത പട്ടം, മെത്രാന്‍ പട്ടം എന്നിങ്ങനെ മൂന്നു മാത്രം.
എന്നാല്‍, കര്‍ദിനാള്‍മാര്‍ മൂന്നു ഗണമായി തരം തിരിക്കപ്പെട്ടിരിക്കുന്നു. അവ കര്‍ദിനാള്‍ മെത്രാന്‍, പുരോഹിത കര്‍ദിനാള്‍, ഡീക്കന്‍ കര്‍ദിനാള്‍ എന്നിവയാണ്. പൗരസ്ത്യ സഭയുടെ ഒരു പാത്രിയാര്‍ക്കീസിനെ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുമ്പോള്‍ മാര്‍പാപ്പ അദേഹത്തെ നേരിട്ട് കര്‍ദ്ദിനാള്‍ മെത്രാന്‍ സ്ഥാനത്തേക്കാണ് ഉയര്‍ത്തുക.
കത്തോലിക്കാ സഭയിലെ ഒരു വൈദികനെങ്കിലുമായിട്ടുള്ള ഏതൊരു വ്യക്തിയെയും മാര്‍പാപ്പയ്ക്ക് കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്താമെങ്കിലും മെത്രാന്‍പട്ടം സ്വീകരിക്കാത്തവരെ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നതിന് മുന്‍പായി അവര്‍ക്ക് മെത്രാന്‍ പട്ടം കൊടുക്കേണ്ടതാണന്ന് ലത്തീന്‍ സഭയുടെ കാനന്‍ നിയമത്തിലെ 351-ാം കാനോനയുടെ ഒന്നാം അനുച്ഛേദം വ്യക്തമാക്കുന്നു.
സാധാരണ ഗതിയില്‍ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നവര്‍ ഡീക്കന്‍ കര്‍ദിനാള്‍ ഗണത്തിലേക്കാണ് നിയമിക്കപ്പെടുക. എന്നിരുന്നാലും നേരിട്ട് പുരോഹിത കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഒരു വ്യക്തിയെ നിയമിക്കുന്നതും അസാധാരണമല്ല. പദവികൊണ്ട് കത്തോലിക്കാ സഭയില്‍ മാര്‍പാപ്പയ്ക്ക് തൊട്ടു താഴെയാണ് കര്‍ദിനാള്‍മാര്‍ വരിക. എന്നിരുന്നാലും അവരെ ഏത് ദൗത്യമാണ് മാര്‍പാപ്പ ഏല്‍പ്പിച്ചിരിക്കുന്നത് എന്നതിനനുസരിച്ചായിരിക്കും അവരുടെ അധികാരം.
ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു വൈദികനെ മാര്‍പാപ്പ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്. വൈദികരെ കര്‍ദിനാളുമാരായി ഉയര്‍ത്താന്‍ നിശ്ചയിക്കുമ്പോള്‍, പ്രസ്തുത കണ്‍സിസ്റ്ററിക്ക് മുമ്പായി അവര്‍ക്ക് മെത്രാന്‍പട്ടം നല്‍കും. മോണ്‍. ജോര്‍ജ് കൂവക്കാട് അതനുസരിച്ച് നവംബര്‍ 24 ന് ചങ്ങനാശേരിയില്‍ വച്ച് മെത്രാന്‍ പട്ടം സ്വീകരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇത്തവണ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നവരില്‍ 44 വയസ് മുതല്‍ 99 വയസുവരെയുള്ളവരുണ്ട്.
തങ്ങളുടെ പ്രശംസനീയമായ സഭാ സേവനത്തെയോ, ദൈവശാസ്ത്ര സംഭാവനകളെയോ മാനിച്ച് എണ്‍പത് വയസിന് മുകളില്‍ പ്രായമായ വൈദികരെ മാര്‍പാപ്പ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തുമ്പോള്‍ അവര്‍ മെത്രാന്‍ പട്ടം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതില്‍ നിന്ന് അവര്‍ക്ക് മാര്‍പാപ്പമാര്‍ ഒഴിവ് കൊടുക്കാറുമുണ്ട്.
അങ്ങനെ മെത്രാന്‍ പട്ടത്തില്‍ നിന്ന് ഒഴിവു വാങ്ങി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയില്‍ നിന്ന് 2001 ജനുവരി 21 ന് കര്‍ദിനാള്‍ പദവി സ്വീകരിച്ച പ്രശസ്ത അമേരിക്കന്‍ ദൈവശാസ്ത്രജ്ഞനാണ് അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ജോണ്‍ ഫോസ്റ്റര്‍ ഡീസിന്റെ പുത്രന്‍ അവേരി ഡള്ളസ്. അതിന് മുന്‍പ് 1977 ല്‍ മാരിയോ ലൂയിജി ചാപ്പി (1909-1996) എന്ന ഡൊമിനിക്കന്‍ സന്യാസ വൈദികനെ മാര്‍പാപ്പ കര്‍ദിനാളായി ഉയര്‍ത്തിയെങ്കിലും കണ്‍സിസ്റ്ററിക്ക് മുമ്പായി 1977 ജൂണ്‍ പത്തിന് അദേഹം മെത്രാന്‍ പട്ടം സ്വീകരിച്ചു.
1945 ഓഗസ്റ്റ് 22 ന് ലണ്ടനില്‍ ജനിച്ച ഡൊമിനിക്കന്‍ സന്യാസ സമൂഹത്തിന്റെ മുന്‍ ജനറാളായിരുന്ന തിമോത്തി പീറ്റര്‍ ജോസഫ് റാഡ്ക്ലിഫ് ഇത്തവണ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്ന വൈദികരിലൊരാളാണ്. ചെക്കോസ്ലോവാക്യന്‍ ജെസ്യൂട്ട് വൈദികനായിരുന്ന തോമസ് സ്പിഡ്‌ലിക്കിനെ 2003 ല്‍ മാര്‍പാപ്പ കര്‍ദിനാളായി ഉയര്‍ത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 83 ആയിരുന്നു. അദേഹവും മെത്രാന്‍പട്ടം സ്വീകരിച്ചില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.